ഒ.ഐ.സി.സി പ്രക്ഷോഭത്തിന്; പ്രധാനമന്ത്രിയെ കാണും

ദുബൈ: വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ച് പ്രവാസി കാര്യ വകുപ്പ് ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും മന്ത്രാലയം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഒ.ഐ.സി.സി ഗ്ളോബല്‍ കമ്മിറ്റി പ്രധാനമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസി മന്ത്രാലയം പുന:സ്ഥാപിക്കും വരെ ശക്തമായ സമ്മര്‍ദവും വേണ്ടി വന്നാല്‍ പ്രക്ഷോഭവും സംഘടിപ്പിക്കുമെന്ന് ഗ്ളോബല്‍ പ്രസിഡന്‍റ് സി.കെ. മേനോന്‍, ജന.സെക്രട്ടറി ഷരീഫ്കുഞ്ഞ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗള്‍ഫ് ഭരണാധികാരികള്‍ പ്രവാസി ഇന്ത്യക്കാരോട് കാണിക്കുന്ന സ്നേഹവും പരിഗണനയും പോലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നില്ളെന്നത് പ്രതിഷേധാര്‍ഹമാണ്.  പ്രവാസികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ,പരിഹരിക്കുന്ന സര്‍ക്കാരാണ് തന്‍േറതെന്ന് ദുബൈയില്‍ പ്രസംഗിച്ച നരേന്ദ്ര മോദി നേരെ വിപരീതമാണ് പ്രവര്‍ത്തിക്കുന്നത്. ചെലവു ചുരുക്കാനാണ് മന്ത്രാലയം ലയിപ്പിച്ചതെങ്കില്‍ മറ്റു വകുപ്പുകളിലൊന്നും ഈ നടപടി കണ്ടില്ല. പ്രവാസ മന്ത്രാലയത്തെ മാത്രം ഇല്ലാതാക്കിയത് മൂന്നു കോടിയോളം വരുന്ന രാജ്യത്തിന്‍െറ സമ്പദ്ഘടനക്ക് വലിയ സംഭാവന നല്‍കുന്ന പ്രവാസികളോടുള്ള അവഹേളനം തന്നെയാണ്. പ്രവാസികള്‍ക്ക് വിദേശ മന്ത്രാലയവും പ്രവാസികാര്യ മന്ത്രാലയവും വേണം. യു.പി.എ സര്‍ക്കാര്‍ 12 വര്‍ഷം മുമ്പു കൊണ്ടുവന്ന വകുപ്പിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമല്ളെന്ന് പരാതിയുണ്ടെങ്കില്‍ അത് കാര്യക്ഷമമാക്കുകയാണ് വേണ്ടത്. സൗദിയില്‍ നിതാഖാത് പ്രതിസന്ധി വന്നപ്പോള്‍ പ്രവാസി കാര്യ വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.അത്പോലെ വീട്ടുജോലിക്കാരുടെ വിസയും ശമ്പളവും ഉള്‍പ്പെടെ ക്രമീകരിച്ചതും വലിയ നേട്ടമാണ്.
വിദേശകാര്യ മന്ത്രാലയത്തിന്  ലക്ഷകണക്കിന് സാധാരണ പ്രവാസികളുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കാനോ നടപടിയെടുക്കാനോ സാധിക്കില്ളെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നതിനോടൊപ്പം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പടെയുള്ളവരെയും ഒ.ഐ.സി.സിയുടെ പ്രത്യേക സംഘം സന്ദര്‍ശിക്കും. കെ.പി.സി.സി. വൈസ് പ്രസിഡന്‍റ് എം.എം.ഹസ്സന്‍, യു.എ.ഇയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസ്  പ്രസിഡന്‍റ് സി.ആര്‍.ജി.നായര്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

മൃഗങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം പോലും 
പ്രവാസികള്‍ക്കില്ല- എം.എം.ഹസന്‍

ദുബൈ: രാജ്യത്തിന്‍െറ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്ന മൂന്നു കോടിയോളം പ്രവാസി ഇന്ത്യക്കാര്‍ക്ക് മൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന പോലും നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുന്നില്ളെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം.ഹസന്‍. ‘കുറഞ്ഞ സര്‍ക്കാര്‍, കൂടുതല്‍ പ്രവര്‍ത്തനം’ എന്ന സര്‍ക്കാര്‍ നയത്തിന്‍െറ ന്യായം പറഞ്ഞാണ് പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കിയത്. എങ്കില്‍ ഇല്ലാതാക്കേണ്ട വകുപ്പുകള്‍ വേറെയുമുണ്ട്. മൃഗസംരക്ഷണത്തിന് മാത്രമായി വകുപ്പുണ്ട്. മൃഗങ്ങളുടെ സംരക്ഷണം ആവശ്യം തന്നെ. അതിനെ കുറച്ചുകാണുന്നില്ല. എന്നാല്‍ ആ പരിഗണനയെങ്കിലും പ്രവാസികള്‍ക്ക് നല്‍കണ്ടേ. 
പ്രവാസികാര്യ  മന്ത്രാലയത്തെ, കൂടുതല്‍ കാര്യക്ഷമമാക്കേണ്ട കാലഘട്ടത്തിലാണ് അതിനെ ഇല്ലാതാക്കിയത്. തലവേദന വന്നാല്‍ തലവെട്ടുന്നത് പോലെയാണിത്. എല്‍.എന്‍. സിങ്വി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം കേന്ദ്രത്തില്‍  പ്രവാസികാര്യ മന്ത്രാലയം തുടങ്ങിയതിന് പിന്നാലെ കേരളം ഉള്‍പ്പെടെ ആറിലേറെ സംസ്ഥാനങ്ങളിലും പ്രവാസികാര്യ വകുപ്പ് വരികയുണ്ടായി. 
കേന്ദ്ര മന്ത്രാലയം നിര്‍ത്തലാക്കുമ്പോള്‍ ഈ സംസ്ഥാനങ്ങളോടു പോലും ആലോചിച്ചില്ല. സംസ്ഥാനങ്ങളിലെ പ്രവാസി വകുപ്പുകളുടെ പ്രസക്തി കൂടി നഷ്ടപ്പെടുത്തുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്. കേരളത്തിലെ 40 ലക്ഷം പേര്‍ പ്രവാസികളാണ്. അതുകൊണ്ടു തന്നെയാണ് പ്രവാസി മന്ത്രാലയം പുന:സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മുരളീധരനെപ്പേലെയുള്ള ബി.ജെ.പി നേതാക്കളും ആവശ്യപ്പെട്ടത്. കേരളത്തിന്‍െറ പൊതുവികാരമാണത്. 
ഇക്കാര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ കേരളത്തില്‍ നിന്ന് സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഒ.ഐ.സി.സി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകളുടെ വികാരത്തിനൊപ്പം കെ.പി.സി.സി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.