ഷാര്‍ജ: പൊന്നാനിക്കാരായ പ്രവാസികള്‍ തങ്ങളുടെ നിക്ഷേപം പൊന്നാനിയുടെ സമഗ്ര വികസനത്തിനായി ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ തയ്യാറാവണമെന്നും അതിന് നഗരസഭയുടെ ഭാഗത്ത് നിന്നും എല്ലാ വിധ പിന്തുണയും ഉറപ്പു നല്‍കാമെന്നും പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി. മുഹമ്മദ്കുഞ്ഞി പറഞ്ഞു.
വികസന കുതിപ്പിനു ആക്കം കൂട്ടി പൊന്നാനിയില്‍ നിര്‍മാണത്തില്‍ ഇരിക്കുന്ന കാര്‍ഗോ തുറമുഖവും അനുബന്ധ സംരംഭങ്ങളും, ഹാര്‍ബറും മറ്റു പദ്ധതികളും വഴി ധാരാളം തൊഴില്‍, നിക്ഷേപ സാധ്യതകളും നിലനില്‍ക്കുന്നതിനാല്‍ ഇവ വേണ്ട രീതിയില്‍ ഭാവിക്കായി പ്രയോജനപ്പെടുത്താന്‍ ജാതി, മത, രാഷ്രട്രീയ, സംഘടനാ ഭിന്നതകള്‍ മറന്നു എല്ലാവരും ഒന്നിച്ച് രംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹ്രസ്വ സന്ദര്‍ശനാര്‍ഥം യു.എ.ഇ.യില്‍ എത്തിയ സി.പി. മുഹമ്മദ്കുഞ്ഞി പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം സംഘടിപ്പിച്ച 'വിഷന്‍ പൊന്നാനി ട്വന്‍റി 20' എന്ന ചര്‍ച്ചാ വേദിയില്‍ സംസാരിക്കുകയായിരുന്നു.
ബസ് സ്റ്റാന്‍റ് കം ഷോപ്പിംഗ് കോംപ്ളക്സ്, ഉദ്യാനം, ജൈവ കൃഷി പരിപോഷിപ്പിക്കല്‍, തണ്ണീര്‍ തട സംരക്ഷണം, ശുദ്ധ ജല ലഭ്യത ഉറപ്പു വരുത്തല്‍, താലൂക്ക് ആശുപത്രി വികസനം, 'ശുചിത്വ പൊന്നാനി' യുടെ ഭാഗമായി മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കല്‍, പ്ളാസ്റ്റിക് ശേഖരണം, പ്രവാസികളുടെ പ്രശ്ന പരിഹാരത്തിനായി കൗണ്‍സിലര്‍ നിയമനം, ദുരിതാശ്വാസ നിധിതുടങ്ങി വിവിധ പരിപാടികള്‍ നടപ്പിലാക്കാന്‍ ഉദ്ദ്യേശിക്കുന്നതായി സദസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
'തണല്‍ സമ്പാദ്യനിധി' ഉപയോഗപ്പെടുത്തി പൊന്നാനിയുടെ വളര്‍ച്ചക്ക് ആവശ്യമായ സംരംഭങ്ങളില്‍ നിക്ഷേപം ഇറക്കാന്‍ തയ്യാറാണെന്ന് പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ഭാരവാഹികള്‍ ചെയര്‍മാന് ഉറപ്പ് നല്‍കി. ചടങ്ങില്‍ ടി.വി സുബൈര്‍ അധ്യക്ഷത വഹിച്ചു. സി.എസ്.പൊന്നാനി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ 'വിഷന്‍ പൊന്നാനി ട്വന്‍റി 20 ഡോ. അബ്ദുറഹ്മാന്‍ കുട്ടി അവതരിപ്പിച്ചു.
ഇബ്രാഹിം പന്താവൂര്‍ (ഒ.എ.സി.സി.), പി.വി.നാസര്‍ (കെ.എം.സി.സി.), മുഹമ്മദ് ഷമീര്‍ (ഇസ്മെക്), ടി.വി.ശംസുദ്ധീന്‍, പി.എം.അബ്ദുല്‍ ഗഫൂര്‍, (പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി), സ്വലിഹ് മാസ്റ്റര്‍, മുംതാസ് ടീച്ചര്‍, മൊയ്തീന്‍ സി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 36 വര്‍ഷത്തെ പ്രവാസത്തില്‍ നിന്ന് വിട പറയുന്ന എ.എം. മുഹമ്മദ് സ്വാലിഹിന് (അല്‍ ഐന്‍) യാത്രയയപ്പ് നല്‍കി. സന്ദീബ് കൃഷ്ണ സ്വാഗതവും എ.കെ. മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.