മുസ്ലിം ലീഗിന്‍െറ ലക്ഷ്യം സൗഹൃദവും മതേതര അന്തരീക്ഷവും- സി. മമ്മൂട്ടി എം.എല്‍.എ

അബൂദബി: മതേതരത്വവും വികസനവും പ്രാവര്‍ത്തികമാക്കി മുസ്ലിംലീഗ് വിപ്ളവം സൃഷ്ടിച്ചതായി സി.മമ്മൂട്ടി എം.എല്‍.എ. വികസനത്തോടൊപ്പം മതേതരത്വത്തിന്‍െറ ശക്തരായ കാവലാളായി സേവനം അനുഷ്ഠിക്കണമെന്ന കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നുള്ള നിര്‍ദേശം നടപ്പാക്കുകയാണ് മുസ്ലിം ലീഗ് ജനപ്രതിനിധികള്‍ ചെയ്യുന്നത്. 
കേരളത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിലേക്കുള്ള പാതകള്‍ വികസിപ്പിക്കുന്നതിലും പരിപാലിപ്പിക്കുന്നതിലും ലീഗ് എം.എല്‍.എമാര്‍ കര്‍ത്തവ്യം നിര്‍വഹിച്ചിട്ടുണ്ട്. വോട്ടല്ല, സൗഹൃദവും മതേതരാന്തരീക്ഷവുമാണ് ലീഗ് എന്നും ലക്ഷ്യമിട്ടിട്ടുള്ളത്. അബൂദബി- തിരൂര്‍ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച കാരുണ്യധാര പദ്ധതി പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നാലര വര്‍ഷത്തിനകം തിരൂര്‍ മണ്ഡലത്തില്‍ 550 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 
തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം പൂര്‍ണ്ണമായും നടപ്പാക്കി. മലയാളം സര്‍വകലാശാല തിരൂരില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സരിതയുടെ സാരിത്തലപ്പല്ല വികസനമാണ് ലീഗിന്‍െറ മുഖ്യലക്ഷ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ യൂത്ത് ലീഗ് തിരൂര്‍ മണ്ഡലം പ്രസിഡന്‍റ് അഡ്വ. ഫൈസ് ബാബു പറഞ്ഞു. മറ്റേതൊരു ജില്ലയോടൊപ്പം കിടപിടിക്കാന്‍ മലപ്പുറത്തെ പ്രാപ്തമാക്കിയത് ലീഗിന്‍െറ പ്രവര്‍ത്തനമാണെന്നും എസ്.എസ്.എല്‍.സി പരീക്ഷയിലെ നേട്ടങ്ങള്‍ കോപ്പിയടിച്ചാണെന്ന് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ മൗനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 
 പ്രസിഡന്‍റ് പാറയില്‍ ഹംസുഹാജി അധ്യക്ഷത വഹിച്ചു.  ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മികച്ച സേവനത്തിന് പ്രമുഖ വ്യവസായി പാറപ്പുറത്ത് ബാവഹാജിയെ ആദരിച്ചു. സംസ്ഥാന കെ.എം.സി.സി പ്രസിഡന്‍റ് നസീര്‍ ബി. മാട്ടൂല്‍, ജില്ലാ പ്രസിഡന്‍റ് കളപ്പാട്ടില്‍ അബു ഹാജി, ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, കെ.എം.സി.സി ദക്ഷിണമേഖലാ പ്രസിഡന്‍റ് അഡ്വ.കെ.എം. ഹസൈനാര്‍ എന്നിവര്‍ സംസാരിച്ചു.  ജനറല്‍ സെക്രട്ടറി സി.കെ. ഹുസൈന്‍ സ്വാഗതവും ട്രഷറര്‍ മുസ്തഫ ഹാജി നന്ദിയും പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.