അബൂദബി: അബൂദബി- അല്‍ഐന്‍ റോഡില്‍ ശനിയാഴ്ച രാവിലെ അനുഭവപ്പെട്ട മൂടല്‍മഞ്ഞില്‍ അപകട പരമ്പര. നാല് കൂട്ടിയിടികളാണ് പാതയില്‍ നടന്നത്. മൊത്തം 96 വാഹനങ്ങള്‍ ഉള്‍പ്പെട്ട കൂട്ടിയിടിയില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. നിരവധി വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
അപകട പരമ്പരയെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വയ്ഹാനിലേക്കുള്ള പാതയിലേക്ക് ഗതാഗതം തിരിച്ചുവിട്ടാണ് കുരുക്ക് ഒഴിവാക്കിയത്. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. അബൂദബി പൊലീസ് ട്രാഫിക് ആന്‍റ് പട്രോള്‍സ് വിഭാഗം ഉപമേധാവി ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് മുബാറക്ക് അല്‍ ഖൈലി സംഭവ സ്ഥലത്തത്തെുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
അല്‍സാദ്- സ്വയ്ഹാന്‍ പാലം റൗണ്ട് എബൗട്ടിലാണ് ആദ്യ അപകടമുണ്ടായത്. ഇവിടെ അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇതേ ഭാഗത്ത് തന്നെ അല്‍ഐനില്‍ നിന്ന് അബൂദബിയിലേക്കുള്ള റോഡിലായിരുന്നു രണ്ടാമത്തെ അപകടം. 69 വാഹനങ്ങളാണ് ഒന്നിന് പിന്നില്‍ ഒന്നായി കൂട്ടിയിടിച്ചത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ഐനിലേക്കുള്ള വഴിയില്‍ ബുസമ്റ പാലത്തിന് സമീപമാണ് മൂന്നും നാലും കൂട്ടിയിടികളുണ്ടായത്. മൂന്നാമത്തെ കൂട്ടിയിടിയില്‍ എട്ട് വാഹനങ്ങളും നാലാമത്തേതില്‍ 14 വാഹനങ്ങളുമാണ് ഉള്‍പ്പെട്ടത്. പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് പരിക്കേറ്റ 23 പേരെയും അല്‍ഐനിലെ തവാം ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ 18 പേര്‍ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. അഞ്ച് പേര്‍ ചികിത്സയില്‍ തുടരുകയാണ്. നിരവധി വാഹനങ്ങളുടെ മുന്‍- പിന്‍ ഭാഗങ്ങള്‍ക്ക് സാരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. അപകട സ്ഥലങ്ങളില്‍ തകര്‍ന്ന വാഹനങ്ങളും അവശിഷ്ടങ്ങളും കിടന്നത് അധികൃതര്‍ നീക്കിയ ശേഷമാണ് ഗതാഗതം സുഗമമായത്.
അപകടത്തിന്‍െറ കാരണങ്ങള്‍ സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ഡ്രൈവര്‍മാര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും മൂടല്‍ മഞ്ഞ് പോലുള്ള സാഹചര്യങ്ങളില്‍ വേഗത കുറക്കുകയും വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുകയും ചെയ്യണമെന്ന് ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് മുബാറക്ക് അല്‍ ഖൈലി നിര്‍ദേശിച്ചു.
അടുത്ത ദിവസങ്ങളില്‍ മഴക്കും മൂടല്‍ മഞ്ഞിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണം. വാഹനം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കരുതെന്നും സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.