തട്ടിപ്പുകാര്‍ക്ക് ‘സഹതാപ’മില്ല; കബളിപ്പിക്കല്‍ തുടര്‍ക്കഥയാവുന്നു

ദുബൈ: നഗരത്തിന്‍്റെ പല ഭാഗങ്ങളിലും പലവിധ തട്ടിപ്പുകള്‍ അരങ്ങേറുന്നു. പല ആവശ്യങ്ങളും പറഞ്ഞ് സഹതാപം പിടിച്ചുപറ്റുകയും കബളിപ്പിച്ച് കടന്നുകളയുകയും ചെയ്യുന്ന രീതി ഏറിവരുന്നതായാണ് പലയിടത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളികടക്കം നിരവധിപേര്‍ സഹതാപത്തില്‍ വീണ് വഞ്ചിക്കപ്പെടുന്നുണ്ട്.
വാണിമേല്‍ സ്വദേശി ബഷീര്‍ മുളിവയലിന് കുറച്ച് പണം ഇത്തരം തട്ടിപ്പില്‍ നഷ്ടപ്പെട്ടു. അവീറിലെ പെട്രോള്‍ പമ്പില്‍ നിന്ന് എണ്ണ അടിക്കാനുളള വരിയില്‍ വാഹനവുമായി കാത്തുകിടക്കുമ്പോള്‍ തൊട്ടരികില്‍ മാറ്റി നിര്‍ത്തിയ ലാന്‍ഡ് ക്രൂയ്സറില്‍ നിന്നും അറബി വേഷധാരിയായ ഒരാള്‍ ഇദ്ദേഹത്തെ മാടി വിളിച്ചു. 
അയാളുടെ കൂടെ വണ്ടിയുടെ മുന്‍ സീറ്റില്‍ ഭാര്യയും കുട്ടിയുമുണ്ടായിരുന്നെന്ന്  ബഷീര്‍ പറഞ്ഞു.എന്താണു കാര്യം എന്നറിയാന്‍  അയാളുടെ വണ്ടിക്കരികിലേക്ക് ചെന്നു. അറബിയിലാണ് സംസാരം. കാലിന് വയ്യാത്തത് കൊണ്ട് വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് ഇങ്ങോട്ട് വിളിപ്പിച്ചതെന്ന് ആദ്യം ക്ഷമാപണം. ഒമാനില്‍ നിന്നും കുടുംബത്തെയും കൂട്ടി ദുബൈയിലത്തെിയതാണെന്നും  വണ്ടിയില്‍ എണ്ണ ഇല്ലാതെ  കുടുങ്ങിക്കിടക്കുകയാണെന്നും അഭിമാനം മൂലം ആരോടെങ്കിലും ചോദിക്കാന്‍ മടിയുണ്ടെന്നും ഭാര്യയുടെ നിര്‍ബന്ധമാണ് തന്നോട് ചോദിക്കാമെന്ന് വെച്ചത് എന്നും വിശദീകരണം. സംശയം തോന്നാതിരിക്കാന്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് എണ്ണ സൂചി ചൂണ്ടിക്കാണിച്ച് നൂറ് ദിര്‍ഹം തന്ന് സഹായിക്കണമെന്നും ഒമാനിലെ വീട്ടില്‍ എത്തിയാലുടന്‍ മണി എക്സ്ചേഞ്ച് വഴി പണം എത്തിച്ച് തരാം എന്നും അയാള്‍ പറഞ്ഞു. 
പഴ്സ് തുറന്ന് ആവശ്യപ്പെട്ട കാശ് നല്‍കിയപ്പോള്‍ അയാള്‍ പ്രാര്‍ഥിക്കുകയും ബന്ധപ്പെടാനുളള നമ്പര്‍ കൊടുക്കുന്നതിനു മുമ്പ് എണ്ണപോലും അടിക്കാതെ വാഹനവുമായി കടന്നുകളയുകയുമായിരുന്നു. സമാന അനുഭവം മറ്റുപലര്‍ക്കും ഉണ്ടായിട്ടുണ്ട്.
ദേര അല്‍ ശാബ് കോളനിയില്‍ നമസ്കാരത്തിന് പളളിയില്‍ പോകുന്ന വഴിയെ ആണ് കൊടുങ്ങല്ലൂര്‍ സ്വദേശിക്ക് പണവും രേഖകളും അടങ്ങിയ പഴ്സ് നഷ്ടമായത്. ഉത്തരേന്ത്യക്കാരനെന്ന് സംശയിക്കുന്ന  യുവാവ് ഭക്ഷണം കഴിച്ചിട്ടില്ളെന്നും എന്തെങ്കിലും തരണമെന്നുമാണ് യാചിച്ചത്. പണം എടുക്കാന്‍ തുനിഞ്ഞപ്പോള്‍ പഴ്സ് തട്ടിപ്പറിച്ച് യുവാവ് ഓടുകയായിരുന്നത്രെ!.
മലയാളികളടക്കം അനവധി പേര്‍  ഇത്തരം സഹതാപതട്ടിപ്പുകള്‍ക്ക് ഇരയാവുന്നതായി സൂചിപ്പിക്കപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.