അബൂദബി: അറബ് മേഖലയിലെ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക വ്യതിയാനങ്ങളും ഭാവി സുരക്ഷിതമാക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്ത് അറബ് സാമ്പത്തിക ഫോറം. രണ്ട് ദിവസത്തെ ഫോറത്തിന്‍െറ ഉദ്ഘാടന ദിനത്തില്‍ സാമ്പത്തിക വൈവിധ്യവത്കരണവും വരുമാന വര്‍ധനവിനുള്ള മാര്‍ഗങ്ങളും എണ്ണയിലെ ആശ്രിതത്വം കുറക്കുന്നതിനുള്ള നടപടികളും അടക്കമാണ് ചര്‍ച്ച ചെയ്തത്. മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യങ്ങളില്‍ അറബ് ലോകത്തിന്‍െറ മുന്നോട്ടുപോക്കിന് സഹായമായ നടപടികള്‍ സംബന്ധിച്ചും സാമ്പത്തിക വിദഗ്ധര്‍ അടക്കം ചര്‍ച്ച ചെയ്തു.
അറബ് രാഷ്ട്രങ്ങളിലെ സാമ്പത്തിക കാര്യ മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അറബ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സാമ്പത്തിക സ്ഥാപനങ്ങളിലെയും വിദഗ്ധര്‍, അറബ് സെന്‍ട്രല്‍ ബാങ്കുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഫോറത്തില്‍ എണ്ണ വിലയിടിവ് മൂലമുണ്ടായ വരുമാന കുറവ് ഭാവിയിലേക്കുള്ള ഊര്‍ജമാക്കി മാറ്റുന്നതിനെ കുറിച്ചാണ് ആദ്യ ദിവസം പ്രധാനമായും ചര്‍ച്ച നടന്നത്. അന്താരാഷ്ട്ര നാണയനിധിയുടെ സഹകരണത്തോടെ അറബ് നാണയ നിധി സംഘടിപ്പിച്ച ഫോറം യു.എ.ഇ സാമ്പത്തിക കാര്യ സഹമന്ത്രി ഉബൈദ് ബിന്‍ ഹുമൈദ് അല്‍ തായിര്‍ ആണ് ഉദ്ഘാടനം ചെയ്തത്.
പൊതു സാമ്പത്തിക കാര്യങ്ങളില്‍ നിര്‍ണായക നേട്ടങ്ങള്‍ കൈവരിക്കാന്‍ യു.എ.ഇക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു. ചെലവാക്കുന്നതില്‍ കാര്യക്ഷമത കൈവരിക്കാനും സാധിച്ചു.
സുസ്ഥിര വികസനം ലക്ഷ്യം വെച്ച് രാജ്യം കൈക്കൊണ്ട നടപടികള്‍ ഫലപ്രദമാകുകയും ചെയ്തു. സീറോ ബജറ്റിങ്, എണ്ണ വില നിയന്ത്രണം ഒഴിവാക്കല്‍ തുടങ്ങിയവ നടപ്പാക്കി. എണ്ണക്ക് ശേഷമുള്ള കാലത്തെ കുറിച്ച് ചിന്തിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും യു.എ.ഇ ഉന്നതതല സമ്മേളനം ചേരുകയും കണ്ടുപിടിത്തങ്ങള്‍ക്കായി 200 കോടി ദിര്‍ഹം നീക്കിവെക്കുകയും ചെയ്തു.തന്ത്രപ്രധാന ദര്‍ശനങ്ങളില്‍ ഊന്നി നിന്ന് വിവിധ വിഷയങ്ങള്‍ പരിഹരിക്കാന്‍ അറബ് സാമ്പത്തിക ഫോറം ശ്രമിക്കും. ഓരോ രാജ്യത്തിനും അനുയോജമായ സാമ്പത്തിക മാതൃകകളില്‍ ഊന്നിനിന്നായിരിക്കും നയങ്ങള്‍ സ്വീകരിക്കുക. ജി.സി.സി സമ്പദ്വ്യവസ്ഥകള്‍ വൈവിധ്യവത്കരണത്തിന്‍െറ പാതിയിലാണ്. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടത്തൊനുള്ള ശ്രമത്തിലാണ്. എണ്ണ വിലയിടിവ് നേരത്തേ തന്നെ ജി.സി.സി രാഷ്ട്രങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഇത് ഉള്‍ക്കൊള്ളാനും മാന്ദ്യത്തില്‍ നിന്ന് പെട്ടെന്ന് കരകയറാനും സാധിക്കുമെന്ന് അറബ് സമ്പദ്വ്യവസ്ഥകള്‍ നേരത്തേ തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.