ഷാര്‍ജ: ഇടിമിന്നലും പേമാരിയും ആലിപ്പഴ വര്‍ഷവും മാറിനിന്നപ്പോള്‍ വ്യാഴാഴ്ച്ച പെരുമഴ തോര്‍ന്ന തെളിച്ചമായിരുന്നു എങ്ങ്. മഴ വന്ന് കഴുകി തുടച്ച നിരത്തുകള്‍ക്ക് പ്രത്യേക തിളക്കം. അന്തരീക്ഷത്തിന് പ്രത്യേക ഉണര്‍വ് വന്നപ്പോലെ. പ്രാണവായുവിന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സുഖം. വടക്കന്‍ എമിറേറ്റുകളിലെ തോടുകളില്‍ നീരൊഴുക്ക് നിന്നിട്ടില്ല. അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തോട്ടങ്ങള്‍ക്ക് സമീപത്തുള്ള കീണറുകളിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. മലകളിലെല്ലാം വെള്ളം കുത്തിയൊലിച്ചുണ്ടായ നീര്‍ചാലുകളാണ്. റാസല്‍ഖൈമയിലെ ചില ഉള്‍ഭാഗങ്ങളില്‍ വെള്ളം ഇപ്പോഴും കെട്ടി കിടക്കുന്നത് ഇവിടെ വസിക്കുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇവിടെയുള്ള വീടുകള്‍ ദ്വീപുകളെ പോലെയാണിപ്പോള്‍. നാലുഭാഗവും വെള്ളം നിറഞ്ഞ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് താമസക്കാര്‍. തോട്ടങ്ങള്‍ക്കെല്ലാം പുത്തനുണര്‍വ്വാണ് മഴ നല്‍കിയത്. ആലിപ്പഴ വര്‍ഷം കൃഷികള്‍ക്ക് ദോഷമാണെങ്കിലും ഇതോടൊപ്പം വന്ന മഴ ആലിപ്പഴങ്ങള്‍ പെട്ടെന്ന് പെറുക്കി കളഞ്ഞത് തുണയായി. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതിന്‍െറ സൂചനകള്‍ അന്തരീക്ഷത്തില്‍ പ്രകടമാണ്. ചിലഭാഗങ്ങളില്‍ മഴ ചാറിനില്‍ക്കുന്നതും തുടര്‍ന്നും മഴ ലഭിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്. മഴ പിന്‍വാങ്ങിയ ഇടങ്ങളിലെല്ലാം താപനില താഴ്ന്നതിനാല്‍ തണുപ്പിന് കാഠിന്യം കൂടിയിട്ടുണ്ട്. കാറ്റിനും ശക്തി കൂടിയിട്ടുണ്ട്.
വാദി അല്‍ ഹിലുവിലെ പുരാതന തോടുകളില്‍ ശക്തമായ നീരൊഴുക്കാണ് വ്യാഴാഴ്ച്ചയും കാണാനായതെന്ന് ഇവിടെ ജല-വൈദ്യുത വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന മുഹമദ് റഫീക്ക് പറഞ്ഞു. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഇവിടെത്തെ തോടുകള്‍ സെലന്‍റ് വാലിയിലെ ജലാശയങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്. പുരാതന ഗോത്രങ്ങള്‍ ഉപേക്ഷിച്ച് പോയ വീടുകളിലും പള്ളികളിലും കിണറുകളിലും വെള്ളം നിറഞ്ഞ് കിടക്കുകയാണ്. ശക്തമായ കാറ്റാണ് കടലോര മേഖലയില്‍ അനുഭവപ്പെടുന്നത്. തിരമാലകള്‍ ശക്തമാണ്. അപകടം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, കടലോര മേഖലകളില്‍ പൊലീസ് സാന്നിധ്യമുണ്ട്.
മലയോര മേഖലയില്‍ അനുഭവപ്പെടുന്ന പ്രത്യേക സുഖമുള്ള തണുപ്പ് ആസ്വദിക്കാനും തോടുകള്‍ നിറഞ്ഞൊഴുകുന്നത് കാണാനും സന്ദര്‍ശകരത്തെി. അവധി ദിവസമായ വെള്ളിയാഴ്ച്ച സന്ദര്‍ശകര്‍ വടക്കോട്ട് പോകുന്നത് പതിവാണ്.
മഴയുടെ സുഖം കൂടിയുള്ളതിനാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും.
ദുബൈയിലെ മനുഷ്യ നിര്‍മിത തടാകമായ അല്‍ ഖുദ്റയില്‍ മഴ വിരിച്ചിട്ടത് വേറിട്ട കാഴ്ച്ചകളാണ്. കൂട്ടം കൂട്ടമായി നില്‍ക്കുന്ന ഇവിടെത്തെ മരങ്ങളില്‍ ആലിപ്പഴങ്ങള്‍ വീണ് ചിതറുന്നത് കാണാന്‍ നല്ല സുഖമായിരുന്നുവെന്ന് ഇവിടെ സന്ദര്‍ശിക്കാനത്തെിയ സലീമും കുടുംബവും പറഞ്ഞു.
ദുബൈയിലെ അബറയിലൂടെ യാത്ര ചെയ്തവര്‍ക്ക് ആലിപ്പഴം പെറുക്കിയ കഥ പറയാനായിരുന്നു തിടുക്കം. ജലാശയത്തിലിരുന്ന് മഴ നനഞ്ഞ് ആലിപ്പഴം പെറുക്കുന്നത് ജീവിതത്തിലാദ്യമായിട്ടാണെന്ന് മലപ്പുറം കോട്ടക്കല്‍ സ്വദേശി ജമാല്‍ പറഞ്ഞു. ഷാര്‍ജ വ്യവസായ മേഖലയിലെ വെള്ളക്കെട്ടുകളെല്ലാം നഗരസഭ അധികൃതരത്തെി നീക്കം ചെയ്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട മഴക്കെടുതികള്‍ ഇത്തവണയുണ്ടായില്ല. മാലിന്യ നിര്‍മാര്‍ജ സംവിധാനം വിപുലപ്പെടുത്തിയതാണ് ഇതിന് പ്രധാന കാരണം.
അജ്മാനില്‍ വെള്ളത്തിലാണ്ടു കിടന്നിരുന്ന റൗണ്ടെബൗട്ടുകള്‍ വ്യാഴാഴ്ച്ച വെളിവായിട്ടുണ്ട്. മഴക്കെടുതി ഏറെ അനുഭവപ്പെട്ടത് അജ്മാനിലായിരുന്നു. ഇവിടെ കടല്‍ പതിവിലും പ്രക്ഷുബ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.