റാസല്‍ഖൈമ അപകടം: കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടത്തെി 

റാസല്‍ഖൈമ: മഴ കാണാനിറങ്ങി മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ സ്വദേശി കുടുംബത്തിലെ മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടത്തെി. ബുധനാഴ്ച രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവിലാണ് 11, ആറ്, മൂന്ന് വയസ്സ് പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കുട്ടികളുടെ മാതാവും അപകടത്തില്‍ മരിച്ചിരുന്നു. പിതാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. 
റാസല്‍ഖൈമയുടെ തെക്കന്‍ പ്രദേശമായ വാദി മായിയിലെ വീട്ടില്‍ നിന്ന് ബുധനാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയാണ് മാതാപിതാക്കളും മൂന്ന് കുട്ടികളും കൂടി മഴ കാണാന്‍ വാദി അല്‍ ഖോര്‍ താഴ്വരയിലേക്ക് പുറപ്പെട്ടത്. കുടുംബനാഥന്‍ അലി അല്‍ കിന്ദിയാണ് വാഹനം ഓടിച്ചിരുന്നത്. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട ഇവരുടെ വാഹനം മറിഞ്ഞു. 
വാഹനത്തില്‍ വെള്ളം നിറഞ്ഞതോടെ അലിയും ഭാര്യ അംന അല്‍ ജാബിരിയും മക്കളായ മോസ (11), മന്‍സൂര്‍ (ആറ്), ഫസ (മൂന്ന്) എന്നിവരും സണ്‍റൂഫിലൂടെ പുറത്തിറങ്ങാന്‍ ശ്രമിച്ചു. മക്കള്‍ ശക്തമായ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. 
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ പൊലീസ് അലിയെയും അംനയെയും പുറത്തെടുത്തു. പരിക്കേറ്റ അലിയെയും അംനയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അംനയുടെ ജീവന്‍ രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മക്കളുടെ മൃതദേഹങ്ങള്‍ കണ്ടത്തെിയത്. 
വ്യാഴാഴ്ച രാവിലെ ഉമ്മയുടെയും മക്കളുടെയും ഖബറടക്കം നടന്നു. ഭാര്യയുടെയും മക്കളുടെയും വിയോഗ വാര്‍ത്ത വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് അലി. ദമ്പതികള്‍ക്ക് 18, 16, 15 വയസ്സുള്ള മൂന്ന് മക്കള്‍ കൂടിയുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.