പേമാരി, ആലിപ്പഴ വര്‍ഷം

ദുബൈ/ഷാര്‍ജ: ദുബൈയിലും ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും ഇടിമിന്നലോടുകൂടി ശക്തമായ മഴ. ആലിപ്പഴ വര്‍ഷത്തോടെ തുടങ്ങിയ മഴ പേമാരിയായി മാറി. ദുബൈയിലെയും ഷാര്‍ജ വ്യവസായ മേഖലയിലെയും റോഡുകളെല്ലാം തോടുകളായി. പ്രധാന റോഡുകളിലും ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. പലഭാഗത്തും ഗതാഗത തടസ്സം നേരിട്ടു.
ബുധനാഴ്ച രാവിലെ മുതല്‍ ആകാശം മേഘാവൃതമായിരുന്നു. നാലുമണിയോടെയാണ് ആലിപ്പഴ വര്‍ഷത്തിന്‍െറ അകമ്പടിയോടെ മഴയത്തെിയത്. ദുബൈയിലെ ഖവാനീജ്, വര്‍ഖ, മിര്‍ദിഫ്, റാശിദിയ, ദേര, ബര്‍ദുബൈ, ഗര്‍ഹൂദ്, ജബല്‍ അലി എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ പെയ്തു. വാഹനത്തിന്‍െറ ചില്ലിലേക്ക് ആലിപ്പഴം വീണത് മൂലം ഡ്രൈവിങ് ബുദ്ധിമുട്ടേറിയതായി പലരും പറഞ്ഞു. ദുബൈ ഡ്യൂട്ടിഫ്രീ ടെന്നിസ് മഴയെ തുടര്‍ന്ന് അല്‍പസമയം നിര്‍ത്തിവെച്ചു. ഷാര്‍ജ വ്യവസായ മേഖലയിലെ റോഡുകളിലൂടെ പോകാനാവാതെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. വ്യവസായ മേഖല ഏഴില്‍ ശക്തമായ വെള്ളക്കെട്ടുണ്ടായി. ഇവിടെ താമസിക്കുന്നവരും കച്ചവടക്കാരും പുറത്തിറങ്ങാനാവാതെ ബുദ്ധിമുട്ടി. കടകള്‍ക്കുള്ളിലേക്ക് വെള്ളം കയറാതിരിക്കാന്‍ കച്ചവടക്കാര്‍ നേരത്തെ തന്നെ സംവിധാനം ഒരുക്കിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ പെയ്ത മഴയില്‍ കടകള്‍ക്കുള്ളില്‍ വെള്ളം കയറി നാശനഷ്ടം നേരിട്ടിരുന്നു. നഗരസഭയിലെ കൂറ്റന്‍ ടാങ്കറുകള്‍ എത്തിയാണ് പലഭാഗത്തെയും വെള്ളക്കെട്ട് ഒഴിവാക്കിയത്. എന്നാല്‍ ചില ഭാഗങ്ങളില്‍ മഴ നിലക്കാത്തതിനെ തുടര്‍ന്ന് ഈ ശ്രമം വിജയിച്ചില്ല. ചിലഭാഗങ്ങളില്‍ അഴുക്ക് ചാലുകളുടെ നവീകരണം നടക്കുന്നതും വെള്ളക്കെട്ടിന് വഴിവെച്ചു. 
വെള്ളാരം കല്ലുപോലെ ആലിപ്പഴം വര്‍ഷിച്ചപ്പോള്‍ ആളുകള്‍ അവ കോരിയെടുക്കാന്‍ മത്സരിച്ചു. മഞ്ഞുകട്ടകള്‍ കോരിയെടുത്ത് നില്‍ക്കുന്ന ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ചിലര്‍. 
പുതുമഴ നനയാനായി ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതും കാണാമായിരുന്നു. ശക്തമായ മഴ തുടര്‍ന്നും ലഭിക്കുമെന്നതിന്‍െറ സൂചന നല്‍കി കാര്‍മേഘങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങുന്നുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം കടലിലും പ്രതിഫലിക്കുന്നുണ്ട്. ഷാര്‍ജയിലെ കടലില്‍ ശക്തമായ തിരകളാണ് രൂപപ്പെട്ടിരിക്കുന്നത്. അസ്ഥിര കാലവസ്ഥ ഇല്ലാത്ത സമയങ്ങളിലും അപകടം ഉണ്ടാകുന്ന മേഖലയാണ് ഷാര്‍ജ തീരം. കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും ഇത് അവഗണിച്ച് കടലില്‍ ഇറങ്ങുന്നത് അപകടം ക്ഷണിച്ച് വരുത്താറുണ്ട്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.