ഷാര്‍ജ: പ്രവാസികളോട് എന്നും അടുത്തിരുന്ന സാഹിത്യക്കാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. യു.എ.ഇയിലുള്ള പെണ്‍ മക്കളെ സന്ദര്‍ശിക്കാന്‍ വരുമ്പോഴെല്ലാം അദ്ദേഹം പ്രവാസികള്‍ ഒരുക്കുന്ന കൊച്ചു കൂട്ടായ്മകളില്‍ ഓടി എത്തുമായിരുന്നു. ഏത് ദു:ഖത്തേയും അലിയിച്ച് കളയുന്ന നാട്ടുഭാഷയിലുള്ളഅദ്ദേഹത്തിന്‍െറ നര്‍മഭാഷണം എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാന്‍ പ്രവാസികള്‍ക്ക് മടിയില്ലായിരുന്നു. ജോലികള്‍ അടിച്ചേല്‍പ്പിച്ച ഭാരങ്ങള്‍ക്കും പ്രാരബ്ധങ്ങള്‍ക്കുമിടയില്‍ കിട്ടുന്ന സാന്ത്വന മരുന്നായിരുന്നു മാഷുടെ സാന്നിധ്യം. ആ സാന്നിധ്യം കിട്ടാന്‍ സംഘടനകളും കൂട്ടായ്മകളും മത്സരിച്ചിരുന്നു. ഞാനും പ്രവാസിയാണെടോ എന്ന് മാഷ് പറയുമായിരുന്നു.
അദ്ദേഹത്തിന്‍െറ ഭാര്യ മക്കളോടൊപ്പം ഇവിടെയുണ്ടായിരുന്നു. മൂത്ത മകള്‍ സിതാര ഷാര്‍ജയിലും ഇളയ മകള്‍ സുഹാന അബൂദബിയിലും കുടുംബസമേതം താമസിക്കുന്നുണ്ട്. അവരെ കാണാന്‍ മാഷ് ഇടവിട്ട് ഇവിടെ എത്തുമായിരുന്നു. നിങ്ങള്‍ കുടുംബത്തെ കാണാന്‍ അങ്ങോട്ട് പോകുന്നു ഞാനിങ്ങോട്ട് വരുന്നു എന്ന വ്യത്യാസമെ നമ്മുക്കിടയിലുള്ളു എന്ന് അദ്ദേഹം തന്‍െറ സ്ഥിരം ശൈലിയില്‍ പറഞ്ഞ് ചിരിക്കുമായിരുന്നു. സംസാരം കൊണ്ടും സാന്നിധ്യം കൊണ്ടും സദസിനെ ഇത്രക്കധികം ചിരിപ്പിച്ച് സാന്ത്വനിപ്പിച്ച എഴുത്തുകാരന്‍ വേറെ ഉണ്ടോ എന്ന കാര്യം സംശയമാണ്. പ്രത്യേകിച്ച് പ്രവാസഭൂമിയില്‍.
പ്രവാസി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍ക്ക് അദ്ദേഹം അവതാരിക എഴുതിയിട്ടുണ്ട്. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ അദ്ദേഹം നിരവധി തവണ വന്നിരുന്നു. വരുമ്പോളെല്ലാം ഗള്‍ഫ് മാധ്യമത്തിന്‍െറ സ്റ്റാളില്‍ എത്തിയിരുന്നു. മാധ്യമത്തിന് ഇവിടെ വല്ല്യ സെറ്റപ്പാ എന്ന് കക്കട്ടില്‍ രീതിയില്‍ അദ്ദേഹം മാധ്യമം വാരികയില്‍ എഴുതുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ 2014ലാണ് ഷാര്‍ജ മേളക്കത്തെിയത്. 2012ല്‍ പ്രവാസി ബുക് ട്രസ്റ്റിന്‍െറ സര്‍ഗ സമീക്ഷ അവാര്‍ഡ് അക്ബര്‍ കക്കട്ടിലിനായിരുന്നു. 2010ല്‍ സര്‍ഗ സമീക്ഷ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയുമായിരുന്നു. പ്രവാസത്തിലെ പ്രശസ്തരുടെയും എല്ലാത്തവരുടെയും പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുമ്പോള്‍ അതിലെ പോരായ്മകള്‍ അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. കാലത്തിനും കഥാപാത്രത്തിനും ഇണങ്ങാത്ത രീതിയില്‍ സാഹിത്യ രചന നടത്തിയ ആളോട് അതിന്‍െറ ദോഷഫലങ്ങള്‍ അദ്ദേഹം എണ്ണി എണ്ണി പറഞ്ഞ് കൊടുക്കുകയും നാളെ തങ്ങളുടെ എഴുത്ത് നന്നാകാന്‍ എന്‍െറ ഉപദേശം ഉപകരിച്ചേക്കാം എന്ന് ചിരിയോടെ പറയുകയും ചെയ്തു. കക്കട്ടില്‍ മാഷുടെ വിയോഗം പ്രാവാസികള്‍ക്ക് തീരാനഷ്ടമാണ്. സാന്നിധ്യം കൊണ്ട് സാന്ത്വനം പകര്‍ന്നിരുന്ന ആ വലിയ എഴുത്തുകാരന്‍െറ നഷ്ടമോര്‍ത്ത് പ്രവാസഭൂമി തേങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.