ദുബൈ: ഹോവര്‍ബോര്‍ഡുകള്‍ എന്നറിയപ്പെടുന്ന പിടിയില്ലാത്ത കാല്‍ചക്ര വണ്ടി പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ദുബൈ നഗരസഭ ഉത്തരവിറക്കി. തിരക്കേറിയ സ്ഥലങ്ങള്‍, നടപ്പാതകള്‍, റോഡുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഹോവര്‍ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ല. വിലക്ക് ലംഘിക്കുന്നവരുടെ കാല്‍ചക്ര വണ്ടി പിടിച്ചെടുക്കുമെന്ന് നഗരസഭ പൊതുജനാരോഗ്യ- സുരക്ഷാ വിഭാഗം ഉപമേധാവി സുല്‍ത്താല്‍ അല്‍ സുവൈദി പറഞ്ഞു. നിയമലംഘകര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബൈ പൊലീസും നേരത്തെ അറിയിച്ചിരുന്നു.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതും ശരീര ഭാരത്തിനനുസരിച്ച് ബാലന്‍സ് ചെയ്ത് മുന്നോട്ടുപോകുന്നതുമായ ഇലക്ട്രോണിക് ഉപകരണമാണ് ഹോവര്‍ബോര്‍ഡുകള്‍. ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇവ മണിക്കൂറില്‍ 15 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടും. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ശരാശരി നാലുമണിക്കൂര്‍ പ്രവര്‍ത്തിക്കും.
ശരിയായ പരിശീലനം ലഭിക്കാതെ ഇത് ഉപയോഗിക്കുന്നത് മൂലം നിരവധി അപകടങ്ങളും മരണങ്ങളും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊതുസ്ഥലങ്ങളില്‍ കാല്‍ചക്ര വണ്ടി നിരോധിക്കാന്‍ നഗരസഭ തീരുമാനമെടുത്തത്. പാര്‍ക്കുകളില്‍ പ്രത്യേകം നിശ്ചയിച്ച സൈക്കിളിങ് ട്രാക്കുകളില്‍ മാത്രമേ ഇവ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. ന്യൂയോര്‍ക്ക്, നെതര്‍ലാന്‍റ്സ്, ബ്രിട്ടണ്‍, ഹോങ്കോങ്, ന്യൂ സൗത്ത്വെയില്‍സ്, ആസ്ത്രേലിയ എന്നിവിടങ്ങളിലും ഹോവര്‍ബോര്‍ഡുകള്‍ പൊതുസ്ഥലത്ത് നിരോധിച്ചിട്ടുണ്ട്. നേരത്തെ ദുബൈയിലെ ഷോപ്പിങ് മാളുകളില്‍ ഹോവര്‍ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് സാമ്പത്തിക വികസന വകുപ്പും നിരോധിച്ചിരുന്നു.
പാര്‍ക്കുകളില്‍ ഉപയോഗിക്കുന്നവര്‍ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹെല്‍മറ്റ്, കൈയുറ, കൈകാല്‍ മുട്ടുകള്‍ സംരക്ഷിക്കാനുള്ള പാഡുകള്‍ എന്നിവ ധരിച്ചിരിക്കണം. കുട്ടികള്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. ഒന്നിലധികം ആളുകള്‍ ഒരുസമയം ഹോവര്‍ബോര്‍ഡിന് മുകളില്‍ കയറാന്‍ പാടില്ല. ഗര്‍ഭിണികളും ശാരീരിക അസ്വസ്ഥതകളുള്ളവരും ഉപയോഗിക്കാന്‍ പാടില്ല. കഴിഞ്ഞ ഒക്ടോബറില്‍ അബൂദബിയില്‍ ഹോവര്‍ബോര്‍ഡില്‍ സഞ്ചരിക്കുന്നതിനിടെ ആറുവയസ്സുള്ള സ്വദേശി ബാലന്‍ കാറിടിച്ച് മരിച്ചിരുന്നു. ദുബൈ മുശ്രിഫ് പാര്‍ക്കില്‍ ജനുവരിയില്‍ ഹോവര്‍ബോര്‍ഡ് വിളക്കുകാലില്‍ ഇടിച്ച് ഫിലിപ്പീന്‍സ് സ്വദേശിയും മരിച്ചു.
ബാറ്ററി കൂടുതലായി ചാര്‍ജ് ചെയ്തത് മൂലവും പൊട്ടിത്തെറി പോലുള്ള നിരവധി അപകടങ്ങള്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.