ജബല്‍ അലിയില്‍ കൂറ്റന്‍ തീം പാര്‍ക്ക് ഒരുങ്ങുന്നു

ദുബൈ: ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സിന്‍െറ നേതൃത്വത്തില്‍ ജബല്‍ അലിയില്‍ കൂറ്റന്‍ തീം പാര്‍ക്ക് ഒരുങ്ങുന്നു. 25 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ 5.8 ബില്യണ്‍ ചെലവഴിച്ച് നിര്‍മിക്കുന്ന പാര്‍ക്ക് ഈ വര്‍ഷം ഒക്ടോബറില്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷ. ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന പദ്ധതിയുടെ 70 ശതമാനം നിര്‍മാണ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സ് സി.ഇ.ഒ റാഇദ് കജൂര്‍ അല്‍ നുഐമി അറിയിച്ചു. 
മൂന്ന് തീം പാര്‍ക്കുകള്‍, ഒരു വാട്ടര്‍ പാര്‍ക്ക്, ഹോട്ടല്‍, റസ്റ്റോറന്‍റുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള റൈഡുകള്‍ ഇവിടെയുണ്ടാകും. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 400ഓളം കലാകാരന്മാര്‍ ദിവസവും പരിപാടികള്‍ അവതരിപ്പിക്കും. മോഷന്‍ഗേറ്റ് ദുബൈ എന്ന പേരില്‍ ഹോളിവുഡ് തീം പാര്‍ക്ക് ഉണ്ടാകും. ബോളിവുഡ് തീം പാര്‍ക്കും പദ്ധതിയുടെ ഭാഗമാണ്. ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന രാജ്മഹല്‍ തിയറ്ററാണ് തീം പാര്‍ക്കിന്‍െറ പ്രധാന ആകര്‍ഷണം. സ്വകാര്യ പരിപാടികള്‍ നടത്താനും ഇവിടെ സൗകര്യമുണ്ടാകും. ബോളിവുഡ് ഫിലിം സ്റ്റുഡിയോ മറ്റൊരു പുത്തന്‍ അനുഭവമാകും. ബോളിവുഡ് ബുലവാര്‍ഡില്‍ ഹിന്ദി സിനിമകളില്‍ കണ്ടുപരിചയിച്ച സെറ്റുകളിലൂടെ യാത്ര ചെയ്യാം. മുംബൈ ചൗക് മഹാനഗരത്തിന്‍െറ ചെറുപതിപ്പാകും. റസ്റ്റിക് റവിനില്‍ മുംബൈയിലെ ഗ്രാമങ്ങള്‍ അവതരിപ്പിക്കും. 
മൊത്തം പദ്ധതിയുടെ 50 ശതമാനത്തോളം ഇതിനകം വിവിധ കമ്പനികള്‍ പാട്ടത്തിനെടുത്തിട്ടുണ്ട്. മൂന്നില്‍ രണ്ടുഭാഗവും റിവര്‍ലാന്‍റ് ദുബൈ കമ്പനിയുടെ കീഴിലായിരിക്കും. ഐറിഷ് വില്ളേജ്, സ്റ്റാര്‍ബക്സ്, ഇറ്റാലിയന്‍- യൂറോപ്യന്‍ റസ്റ്റോറന്‍റ് ശൃംഖലകള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായിരിക്കും. ലീഗോലാന്‍റ് തീം പാര്‍ക്കിലെ ഡ്രാഗണ്‍ കോസ്റ്റര്‍ സ്ഥാപിക്കുന്ന പ്രവൃത്തി കഴിഞ്ഞ ഒക്ടോബറില്‍ നടന്നു. വിവിധ റൈഡുകള്‍ സ്ഥാപിക്കല്‍ 89 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 41 കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് കീഴില്‍ 13,500ഓളം തൊഴിലാളികളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശൈഖ് സായിദ് റോഡില്‍ നിന്ന് പദ്ധതി പ്രദേശത്തേക്ക് പ്രത്യേക പാതയും പാലങ്ങളും നിര്‍മിക്കുന്നുണ്ട്. പാര്‍ക്കിനുള്ളിലെ ഗതാഗതത്തിന് ട്രാം സംവിധാനം ഉപയോഗിക്കും. പാര്‍ക്ക് തുറക്കുന്നതോടെ 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.