‘കളിക്കാന്‍ അവസരമില്ലാതെ എങ്ങിനെ കേരള ഫുട്ബാള്‍ വളരും’

അബൂദബി: ‘ടൂര്‍ണമെന്‍റുകളില്ല, കളിക്കാന്‍ അവസരവും ഇല്ല, പിന്നെങ്ങനെ കളിക്കാര്‍ വളര്‍ന്നുവരും’ കേരള ഫുട്ബാളിന്‍െറ തളര്‍ച്ചക്കുള്ള കാരണം സംബന്ധിച്ച ചോദ്യത്തിന് മുന്‍താരങ്ങള്‍ക്കെല്ലാം ഈ മറുപടി മാത്രം. കേരള ഫുട്ബാള്‍ തളര്‍ച്ചയിലാണെന്ന കാര്യത്തില്‍ ജോപോള്‍ അഞ്ചേരിയും ആസിഫ് സഹീറും കുരികേശ് മാത്യുവും ഹബീബ് റഹ്മാനും സംശയമൊന്നുമില്ല. ഇന്ത്യന്‍ ഫുട്ബാളിന് മികച്ച സംഭാവനകള്‍ നല്‍കിയ കേരളത്തിന്‍െറ കാല്‍പന്തുകളിയുടെ പുനരുജ്ജീവനത്തിന് ഒരു വഴി മാത്രമേ ഉള്ളൂ -ടൂര്‍ണമെന്‍റുകള്‍ നടത്തി പുതുതലമുറക്ക് കളിക്കാന്‍ അവസരം ഉണ്ടാക്കുക.
ഐ.എസ്.എല്ലും നാഗ്ജിയും എല്ലാം കാണികളെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കളിക്കാര്‍ക്ക് അവസരം ഇല്ളെന്ന പരിഭവവും ഒരു കാലത്ത് ഗ്രൗണ്ടുകളില്‍ ആരാധകരെ ത്രസിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ജോപോള്‍ അഞ്ചേരി അടക്കമുള്ളവര്‍ പറയുന്നു.   പ്രമുഖ ടൂര്‍ണമെന്‍റുകള്‍ നിലച്ചതോടെ ഒരു വര്‍ഷം മുഴുവന്‍ പരിശീലിക്കുന്നവര്‍ക്ക് ഏതാനും മത്സരങ്ങള്‍ മാത്രമാണ്  ലഭിക്കുന്നത്.  അബൂദബിയില്‍ നടക്കുന്ന കേരള ഗള്‍ഫ് സോക്കര്‍ ടൂര്‍ണമെന്‍റ് എത്തിയ നാല് പേരും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 
രണ്ട് പതിറ്റാണ്ടിന് ശേഷം കോഴിക്കോട് നാഗ്ജി ഫുട്ബാള്‍ പുനരാരംഭിച്ചെങ്കിലും ഒരു കേരള ടീമിന് പോലും അവസരം ലഭിച്ചില്ല. ടൂര്‍ണമെന്‍റില്‍ രണ്ട് ടീമുകളെയെങ്കിലും പങ്കെടുപ്പിക്കേണ്ടിയിരുന്നുവെന്ന് ജോപോള്‍ അഞ്ചേരി പറഞ്ഞു. ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സ് ടീം ഉണ്ടെങ്കിലും രണ്ടോ മൂന്ന് പേര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുന്നതെന്നും അഞ്ചേരി പറഞ്ഞു. കേരളത്തില്‍ നിന്ന് കളിക്കാര്‍ ഉയര്‍ന്നുവരണമെങ്കില്‍ കേരള ലീഗ് തന്നെ വേണം. വരാനിരിക്കുന്ന കേരള സൂപ്പര്‍ ലീഗില്‍ പ്രതീക്ഷയുണ്ടെന്നും അഞ്ചേരി പറഞ്ഞു. 
എസ്.ബി.ടിക്ക് വേണ്ടി കളിക്കുന്ന താന്‍ വര്‍ഷം മുഴുവന്‍ പരിശീലനം നടത്തുന്നുണ്ടെങ്കിലും ഏതാനും മത്സരങ്ങളില്‍ മാത്രമാണ് ബൂട്ട് കെട്ടാനാകുന്നതെന്ന്  ആസിഫ് സഹീര്‍ പറഞ്ഞു. ഇത് കളിയുടെ നിലവാരത്തെ ബാധിക്കുന്നുണ്ട്. പുതിയ കളിക്കാര്‍ക്ക് മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരാന്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കേരളത്തില്‍ ഫുട്ബാള്‍ വളര്‍ത്താന്‍ പ്രവാസികള്‍ കൂടുതല്‍ താല്‍പര്യമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ടൂര്‍ണമെന്‍റുകളില്‍ ഇല്ലാതായതോടൊപ്പം പുതിയ തലമുറയുടെ സമര്‍പ്പണത്തിലും കുറവുണ്ടായിട്ടുണ്ടെന്ന് കേരള  ക്യാപ്റ്റനായിരുന്ന കുരികേശ് മാത്യു പറഞ്ഞു.  തങ്ങളൊക്കെ കളിക്കുമ്പോള്‍ എല്ലാവരും ഏതൊക്കെ പൊസിഷനില്‍ ആയിരിക്കുമെന്ന് വ്യക്തമായിരുന്നു. സന്തോഷ് ട്രോഫിക്കുള്ള ടീമില്‍ ഇടംപിടിക്കല്‍ അഭിമാനമായിരുന്നു. കേരള പൊലീസിന് കളിക്കുമ്പോള്‍ ഒരുമിച്ച് ബാരക്കില്‍ ഉറങ്ങി അച്ചടക്കത്തോടെ പരിശീലനം നടത്തിയിരുന്നത് കളി മികവ് ഉയരാന്‍ കാരണമായിട്ടുണ്ടെന്നും  കുരികേശ് മാത്യു പറഞ്ഞു. 
പുതിയ കളിക്കാര്‍ക്ക് ഉയര്‍ന്നുവരാനും പിടിച്ചുനില്‍ക്കാനും അവസരങ്ങള്‍ കുറവാണെന്ന് മുന്‍ കേരള താരമായ ഹബീബ് റഹ്മാന്‍ പറഞ്ഞു. ഫുട്ബാള്‍ കളിക്കാരെ സഹായിക്കുന്നതിന് കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നും ഹബീബ് പറഞ്ഞു. 
 പഴയകാലത്ത് ഓരോ ജില്ലകളിലും മികച്ച ടൂര്‍ണമെന്‍റുകള്‍ ഉണ്ടായിരുന്നുവെന്നും അവ നിലച്ചു പോയതിലൂടെ പുതു തലമുറക്ക് അവസരം കുറഞ്ഞതായും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കമാല്‍ വരദൂര്‍ പറഞ്ഞു. കണ്ണൂര്‍ ശ്രീനാരായണ, തൃശൂര്‍ ചാക്കോളാസ്, നെഹ്റു ട്രോഫി, കോട്ടയം മാമ്മന്‍ മാപ്പിള ട്രോഫി തുടങ്ങിയവയെല്ലാം ഇല്ലാതായി. പല ഗ്രൗണ്ടുകളും കാടുകയറി കിടക്കുകയാണെന്നും കമാല്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.