കുട്ടികളുടെ സുരക്ഷക്കായി മൊബൈല്‍ ആപ്പ് 

ദുബൈ: മൊബൈല്‍ ഫോണിലൂടെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി ആപ്ളിക്കേഷന്‍. കണ്ണൂര്‍ സ്വദേശിയടക്കം ഷാര്‍ജ അമേരിക്കന്‍ യൂനിവേഴ്സിറ്റിയിലെ മൂന്ന് വിദ്യാര്‍ഥികളാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഉച്ചകോടിയിലെ ദുബൈ എം- ഗവണ്‍മെന്‍റ് മത്സര വിഭാഗത്തില്‍ ആപ്പ് ഇടം പിടിച്ചിട്ടുണ്ട്. 
കമ്പ്യൂട്ടര്‍ സയന്‍സ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികളായ കണ്ണൂര്‍ തലശ്ശേരി സ്വദേശി നിഹാല്‍ അബ്ദുല്‍ നാസര്‍ (22), യു.എ.ഇ സ്വദേശി അബ്ദുല്‍ അസീസ് സറൂനി (25), സലാമ അല്‍ ഫലാസി (20) എന്നിവരാണ് ആപ്പ് വികസിപ്പിച്ചത്. 13 വയസ്സുവരെയുള്ള കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആപ്പ് സഹായിക്കും.
 കുട്ടികളുടെ ഫോണ്‍ ഉപയോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് തത്സമയം ആപ്പിലൂടെ അറിയാന്‍ കഴിയും. 94 എന്‍ട്രികളില്‍ നിന്നാണ് ചൈല്‍ഡ് മോണിറ്ററിങ് ആപ്പ് എം -ഗവണ്‍മെന്‍റ് മത്സരത്തിലെ അവസാന പട്ടികയില്‍ ഉള്‍പ്പെട്ടത്. മത്സരത്തില്‍ വിജയിച്ചാല്‍ പൊതുജനങ്ങള്‍ക്ക് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. indoor.techideas.net/voting എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പൊതുജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താം. വിജയിച്ചാല്‍ 10 ലക്ഷം ദിര്‍ഹമാണ് സമ്മാനം. ബുധനാഴ്ചയാണ് ഫലം പ്രഖ്യാപിക്കുക. യു.എ.ഇ മതകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥനായ അബ്ദുന്നാസര്‍-–സജിത ദമ്പതികളുടെ മകനാണ് നിഹാല്‍. മുഹമ്മദ് ഷെസിന്‍, സുമന്‍ ജെബിന്‍ എന്നിവരാണ് സഹോദരങ്ങള്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.