എമിറേറ്റ്സിന് സര്‍ക്കാര്‍ സബ്സിഡിയില്ല- ചെയര്‍മാന്‍

ദുബൈ: സര്‍ക്കാര്‍ സബ്സിഡിയില്ലാതെയാണ് എമിറേറ്റ്സ് എയര്‍ലൈന്‍ പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി അനുദിനം ലാഭകരമായി മുന്നേറുകയാണെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ് പ്രസിഡന്‍റും എമിറേറ്റ്സ് ഗ്രൂപ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം പറഞ്ഞു. സര്‍ക്കാര്‍ ഉച്ചകോടിയുടെ രണ്ടാംദിനം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
വിമാനത്തിന്‍െറ എല്ലാ സീറ്റിലും വിഡിയോ സ്ക്രീന്‍ സ്ഥാപിച്ച ആദ്യ കമ്പനിയാണ് എമിറേറ്റ്സ്. 2200 ചാനലുകള്‍ സ്ക്രീനില്‍ ലഭ്യമാണ്. വിമാനത്തില്‍ കുളിക്കാനുള്ള സൗകര്യമടക്കം ലഭ്യമാണ്. പണം മുടക്കുന്ന ഉപഭോക്താവിന് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. 30 വര്‍ഷം മുമ്പുള്ള യു.എ.ഇയല്ല ഇപ്പോള്‍. എട്ടു കോടി യാത്രക്കാരാണ് ഇപ്പോള്‍ ദുബൈക്കുള്ളത്. വര്‍ഷങ്ങള്‍ക്കകം അത് 12 കോടിയിലത്തെിക്കും. അമേരിക്കയുമായുള്ള തുറന്ന ആകാശനയ കരാറിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കരാര്‍ ഒപ്പുവെക്കുമ്പോള്‍ എമിറേറ്റ്സ് ഇത്രയും വലിയ കമ്പനിയായി മാറുമെന്ന് അമേരിക്കന്‍ സ്ഥാപനങ്ങള്‍ കരുതിക്കാണില്ളെന്ന് അദ്ദേഹം പറഞ്ഞു. തുടക്കം മുതല്‍ നാം തുറന്ന ആകാശനയത്തിന് അനുകൂലമാണ്. കമ്പനി തുടങ്ങുമ്പോള്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നല്‍കിയ നിര്‍ദേശം നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും പണമുണ്ടാക്കാമെന്നും സര്‍ക്കാര്‍ സഹായം നല്‍കില്ളെന്നുമാണ്. അതനുസരിച്ചാണ് കമ്പനി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. 37 വിമാനങ്ങള്‍ അടുത്തിടെ എമിറേറ്റ്്സ് വാങ്ങി. വിമാനങ്ങള്‍ പാട്ടത്തിനെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല. പനാമയിലേക്ക് ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസ് തുടങ്ങാനുള്ള തീരുമാനം തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണ്. 
17 മണിക്കൂര്‍ 15 മിനുട്ട് ദൈര്‍ഘ്യമുള്ള ന്യൂസിലാന്‍റ് സര്‍വീസ് മാര്‍ച്ച് ഒന്നിന് തുടങ്ങും. 120 വിമാന കമ്പനികളാണ് ദുബൈ വിമാനത്താവളത്തില്‍ നിന്ന് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. എണ്ണ വില കുറഞ്ഞതിനാല്‍ കമ്പനിയുടെ ഇന്ധന ചെലവില്‍ 26 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  
ഉച്ചകോടിയുടെ രണ്ടാംദിനം ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഇസ്മായില്‍ ശരീഫ്, റുവാണ്ട പ്രസിഡന്‍റ് പോള്‍ കഗാമെ, യമന്‍ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഖാലിദ് ബഹാ, ഡു ചെയര്‍മാന്‍ അഹ്മദ് ബിന്‍ ബയാത് തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചകോടി ബുധനാഴ്ച സമാപിക്കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.