ദുബൈ: വാഹനത്തിന് വാറന്‍റി ലഭ്യമാകാന്‍ ഡീലറുടെ വര്‍ക്ഷോപ്പില്‍ തന്നെ അറ്റകുറ്റപണി നടത്തണമെന്ന നിബന്ധന യു.എ.ഇ സാമ്പത്തിക മന്ത്രാലയം റദ്ദാക്കി. പുറത്തെ വര്‍ക്ഷോപ്പുകളില്‍ അറ്റകുറ്റപണി നടത്തുന്നവര്‍ക്കും ഇനി വാറന്‍റി ലഭ്യമാകും. അറ്റകുറ്റപണിയുടെ ചെലവ് കുറക്കാന്‍ ഇത് ഉപകരിക്കുമെന്ന് മന്ത്രാലയം കണക്കുകൂട്ടുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ വാഹനം വാങ്ങുമ്പോള്‍ ഉടമയും ഡീലറും തമ്മില്‍ കരാറില്‍ ഒപ്പുവെക്കുന്നുണ്ട്. ഡീലറുടെ വര്‍ക്ഷോപ്പില്‍ തന്നെ അറ്റകുറ്റപണി ചെയ്താല്‍ മാത്രമേ വാറന്‍റി ലഭിക്കൂവെന്നാണ് കരാറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ ഈ കരാര്‍ അപ്രസക്തമാകും.
തീരുമാനം നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യത്തെ വര്‍ക്ഷോപ്പുകളെ ഗുണനിലവാരമനുസരിച്ച് തരംതിരിക്കും. ആഭ്യന്തര മന്ത്രാലയം, അളവുതൂക്ക വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും തരംതിരിക്കല്‍. 40,000ഓളം വര്‍ക്ഷോപ്പുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.
ഗുണനിലവാരമനുസരിച്ച് ഇവക്ക് ഒന്നുമുതല്‍ നാലുവരെ നക്ഷത്ര പദവി നല്‍കും. സാമ്പത്തിക മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പില്‍ വാഹന ഡീലര്‍മാരെ സംബന്ധിച്ച നിരവധി പരാതികളാണ് പ്രതിമാസം വരുന്നതെന്ന് ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നുഐമി പറഞ്ഞു. മൊത്തം പരാതികളില്‍ 20 ശതമാനവും വാഹനങ്ങളെ സംബന്ധിച്ചാണ്.
ഡീലര്‍മാരുടെ വര്‍ക്ഷോപ്പുകളില്‍ പുറത്തുള്ളതിനേക്കാള്‍ ഇരട്ടിയിലധികം നിരക്ക് വാങ്ങുന്നതായി പരാതികള്‍ ലഭിച്ചു.
മറ്റ് വര്‍ക്ഷോപ്പുകളെ ആശ്രയിക്കുന്നവരുടെ വാറന്‍റി ഡീലര്‍മാര്‍ റദ്ദാക്കുകയാണെന്നും പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന യോഗം പുതിയ തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.