വെളിച്ചത്തില്‍ നിന്ന് പൗരാണികതയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് ഷാര്‍ജ

ഷാര്‍ജ: ദീപനാളങ്ങള്‍ ചൊരിയുന്ന വര്‍ണ വസന്തം കൊണ്ട് ഷാര്‍ജയുടെ പൗരാണിക ചരിത്രത്തെ കെട്ടിട ചുവരുകളില്‍ ആലേഖനം ചെയ്ത് പ്രകാശോത്സവം അരങ്ങ് തകര്‍ക്കുന്നു.ആയിരങ്ങളാണ് ഷാര്‍ജ വിളക്കുത്സവത്തിന് സാക്ഷിയാകാന്‍ ഷാര്‍ജയുടെ വിവിധ പ്രദേശങ്ങളിലത്തെുന്നത്. 
റോളയിലെ പഴയകാല സൂക്കുകളെയും കച്ചവടക്കാരെയും വര്‍ണങ്ങള്‍ ചുവരുകളില്‍ തനത് രീതിയില്‍ ആവിഷ്കരിക്കുന്നു. കല്‍ബയുടെ കണ്ടല്‍ കാടുകള്‍ക്ക് മുകളിലൂടെ ഇരതേടി പറക്കുന്ന പരുന്തുകള്‍ കാണികളുടെ കാഴ്ചയിലേക്കാണ് വെളിച്ചത്തില്‍ നിന്ന് പറന്ന് വരുന്നത്. ബദായര്‍ മരുഭൂമിയുടെ വിജനതയില്‍ ഫാല്‍ക്കനെ ഉപയോഗിച്ച് നായാട്ട് നടത്തുന്ന സ്വദേശി അദ്ഭുത കാഴ്ച്ചയാണ്. കൂറ്റന്‍ അലകളെ കൂസാതെ കടലിന്‍െറ അഗാധമായ നീലിമയിലേക്ക് മത്സ്യ ബന്ധനത്തിന് നീങ്ങുന്ന പഴയ തലമുറയുടെ കരുത്തും കടലിന്‍െറ രൗദ്രഭാവങ്ങളും പ്രകാശ രശ്മികളില്‍ നിന്ന് ഉയിരെടുത്ത് അല്‍ ഖാസിമിയ സര്‍വകലാശാല കെട്ടിടത്തിന്‍െറ ചുവരുകളില്‍ അയാല നൃത്തമാടുന്നു. 


ഷാര്‍ജയുടെ സാംസ്കാരികമായ അടയാളങ്ങളില്‍ ഏറ്റവും തിളക്കം കൂടിയ പുസ്തക സ്നേഹം വിളക്കുത്സവം പ്രത്യേകം എടുത്ത് കാട്ടുന്നു. പുസ്തക താളുകളില്‍ നിന്ന് ചിറകടിച്ചുയരുന്ന വെള്ളരിപ്രാവുകള്‍ അന്ധകാരത്തിനുമേല്‍ ഏഴുവര്‍ണങ്ങള്‍ കൊണ്ട് അക്ഷയ കാവ്യങ്ങളാണ് എഴുതുന്നത്.  പുഴിപ്പരപ്പിലൂടെ സഞ്ചാരികളെയും കൊണ്ട് നീങ്ങുന്ന ഒട്ടകങ്ങളുടെ നീണ്ട നിര നമ്മുടെ മുന്നിലൂടെ നടന്ന് പോകുന്നതായി തോന്നും. ആധുനികതയും പൗരാണികതയും ഒരേസമയം നമ്മുടെ മുന്നിലത്തെുന്ന വിസ്മയ കാഴ്ച്ചകളാണ് വിളക്കുത്സവം പകരുന്നത്. കൂറ്റന്‍ തിരകള്‍ ആഞ്ഞടിക്കുന്ന കടല്‍ പരപ്പിലൂടെ സഞ്ചാരികളുമായി നീങ്ങുന്ന പത്തേമാരികള്‍ പഴയകാല പ്രവാസികളുടെ ദുരിതം നിറഞ്ഞ യാത്രകളെ ഓര്‍മപ്പെടുത്തും. ഖോര്‍ഫക്കാന്‍ കടലിലെ മലകളില്‍ ആഴിതിരകള്‍ വന്ന് ആഞ്ഞടിക്കുന്ന കാഴ്ച്ച പ്രകാശത്തില്‍ നിന്ന് ഇതള്‍ വിരിയുമ്പോള്‍ ഇതുവഴി ജീവിതത്തിലേക്ക് നീന്തി കയറിയ പൂര്‍വ്വികരായ പ്രവാസികളുടെ സാഹസികതയോര്‍ത്ത് മനസ് കോരിതരിക്കും.  ഖാലിദ് തടാകത്തിലെ സംഗീത ജലധാരയും ഷാര്‍ജ കടലോരത്തെ ആദിമ ഗോത്രങ്ങളുടെ പാര്‍പ്പിടങ്ങളും വിളക്കുത്സവം ആവിഷ്കരിക്കുന്നുണ്ട്. കടല്‍, മരുഭൂമി, കര എന്നിവയുടെ വേറിട്ട കാഴ്ച്ചകളാണ് ഇത്തവണ വിളക്കുത്സവം പ്രധാനമായും ആലേഖനം ചെയ്യുന്നത്. ഷാര്‍ജയിലെ പ്രധാന ചത്വരങ്ങളും ആഘോഷങ്ങളും സ്ഥാനം പിടിക്കുന്നു. 


ആറാം തവണയാണ് ഷാര്‍ജയില്‍ പ്രകാശങ്ങളുടെ വര്‍ണരാജികള്‍ ചാമരം വീശാന്‍ എത്തുന്നത്. വ്യാഴാഴ്ച്ച തുടങ്ങിയ വിളക്കുത്സവം 13 വരെയുണ്ടാകും. ഷാര്‍ജയുടെ സാംസ്കാരിക നിലയങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഉപനഗരങ്ങളിലും വിളക്കുത്സവം നടക്കുന്നുണ്ട്. ഷാര്‍ജ കോമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റി (എസ്.സി.ടി.ഡി.എ) ആണ് വിളക്കുത്സവത്തിന് നേതൃത്വം വഹിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകളും നൂതന ആശയങ്ങളുമാണ് ഇത്തവണത്തെ പ്രകാശോത്സവത്തിന്‍െറ തിളക്കം കൂട്ടുന്നത്.  പതിവ് ഇടങ്ങള്‍ക്ക് പുറമെ ആല്‍ ഖാസിമിയ സര്‍വ്വകലാശാല, അല്‍ ഖാസിമിയ മസ്ജിദ്, യുണിവേഴ്സിറ്റി സിറ്റി ഹാള്‍, പ്ളാനിറ്റോറിയം, ജുബൈലിലെ പുതിയ പൊതു മാര്‍ക്കറ്റ്, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫെര്‍സ്, കള്‍ച്ചറല്‍ പാലസ്, കല്‍ബ കോര്‍ണീഷ് പാര്‍ക്ക്, കല്‍ബയിലെ അല്‍ ഫരീദ് സ്ട്രീറ്റിലെ ഗവ. കെട്ടിടം, ദിബ്ബ അല്‍ ഹിസന്‍, ബുഹൈറയിലെ തെരഞ്ഞെടുത്ത കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ഇത്തവണ പ്രകാശം വര്‍ണ ചിത്രങ്ങളെഴുതുന്നത്. വിളക്കുത്സവത്തിന്‍െറ പ്രധാന ശ്രദ്ധാകേന്ദ്രം അല്‍ മജാസാണ്. ഖാലിദ് തടാകത്തിലെ അല്‍ നൂര്‍ തുരുത്തില്‍  പ്രകാശവും ചിത്ര ശലഭങ്ങളും സല്ലപിക്കുന്നത് കാണാന്‍ കുട്ടികളുടെ നീണ്ട നിരയാണ് എത്തുന്നത്. ഏത് മതക്കാര്‍ക്കും പ്രവേശനം അനുവദിക്കുന്ന അല്‍ നൂര്‍ പള്ളിയെ പ്രകാശം വര്‍ണ കുപ്പായമണിയിക്കുന്നത് കാണാന്‍ നല്ല തിരക്കായിരുന്നു. സാധാരണ ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ രാത്രി 11വരെയും അവധി ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ രാത്രി 12 വരെയുമാണ് വിളക്കുത്സവം നടക്കുക. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.