ഞായറാഴ്ചയിലെ മൂടല്‍മഞ്ഞ്: ഒമ്പത് അപകടങ്ങളില്‍ കൂട്ടിയിടിച്ചത് 23 വാഹനങ്ങള്‍

അബൂദബി: ഞായറാഴ്ച പുലര്‍ച്ചെ തലസ്ഥാന എമിറേറ്റിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് അപകട പരമ്പര.  
കനത്ത മൂടല്‍മഞ്ഞ് മൂലം പശ്ചിമ മേഖലയുടെ വിവിധ ഭാഗങ്ങളിലായി ഒമ്പത് അപകടങ്ങളാണ് നടന്നത്. 23 വാഹനങ്ങളാണ് ഈ അപകടങ്ങളില്‍ ഉള്‍പ്പെട്ടത്. 
ആര്‍ക്കും പരിക്കേറ്റിട്ടില്ല. ദൂരക്കാഴ്ച കുറഞ്ഞതും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് ഇടയാക്കിയതെന്ന് പശ്ചിമമേഖലയിലെ പ്രധാന റോഡുകളുടെ വിഭാഗം ചെയര്‍മാന്‍ മേജര്‍ സുഹൈല്‍ സയാഹ് അല്‍ മസ്റൂയി പറഞ്ഞു. 
വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാതിരുന്നതും അധികൃതരുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാതിരുന്നതും അപകടങ്ങള്‍ക്ക് കാരണമായി. മൂടല്‍മഞ്ഞും അപകടകരമായ കാലാവസ്ഥയും തുടരുന്ന പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ വേഗത കുറക്കണം. അപകടകരമായ സാഹചര്യത്തില്‍ സുരക്ഷിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടണം. സുരക്ഷിതമായ ഡ്രൈവിങ് സാധ്യമാണെന്ന് ഉറപ്പായ ശേഷം മാത്രമേ യാത്ര പുനരാരംഭിക്കാന്‍ പാടുള്ളൂ. അബൂദബിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. 
വരും ദിവസങ്ങളിലും രാത്രിയും പുലര്‍ച്ചെയും മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.