ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍െറ സന്ദര്‍ശനം  ഇന്ത്യ- യു.എ.ഇ ബന്ധം ശക്തമാക്കും: ഡോ. ഗര്‍ഗാഷ്

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ബുധനാഴ്ച തുടങ്ങുന്ന മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാന ബന്ധത്തെ കൂടുതല്‍ ഉയര്‍ച്ചകളിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ-ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ കാര്യ സഹമന്ത്രി ഡോ.അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ്. 
ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി മികച്ച ബന്ധം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലും ഇപ്പോഴും ഭാവിയിലും മികച്ച ബന്ധം തുടരുകയും ചെയ്യും. വാണിജ്യ- സാംസ്കാരിക മേഖലകളില്‍ മികച്ച ബന്ധമാണ് നിലനില്‍ക്കുന്നത്.
 ഇത് തന്ത്രപ്രധാന ബന്ധമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഡോ. ഗര്‍ഗാഷ് പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍െറ ഇന്ത്യ സന്ദര്‍ശനം വിശദീകരിക്കുന്നതിന് അബൂദബിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍െറ ഇന്ത്യ സന്ദര്‍ശനം രണ്ട് ഭാഗങ്ങളായാണ്. ഡല്‍ഹി സന്ദര്‍ശനത്തെ രാഷ്ട്രീയപരവും മുംബൈ സന്ദര്‍ശനത്തെ വാണിജ്യപരവും ആയാണ് കാണുന്നത്്. ഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഉന്നതരുമായി കൂടിക്കാഴ്ച നടത്തും. തീവ്രവാദവും അന്താരാഷ്ട്ര വിഷയങ്ങളും നയതന്ത്ര ബന്ധവും അടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈക്ക് അറബ് രാജ്യങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. പഴയ കാലത്ത് അറബ് രാജ്യങ്ങള്‍ക്ക് ലോകത്തിലേക്കുള്ള വാതിലായിരുന്നു മുംബൈ. മുംബൈയില്‍ വാണിജ്യപരമായിരിക്കും സന്ദര്‍ശനം. 
ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരത്തിനൊപ്പം നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാകും. ഉഭയ കക്ഷി ബന്ധത്തില്‍ സര്‍ക്കാറുകള്‍ക്കൊപ്പം സ്വകാര്യ മേഖലക്കും നിര്‍ണായക പങ്കുണ്ട്. സ്വകാര്യ മേഖലക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഡോ. ഗര്‍ഗാഷ് പറഞ്ഞു. 
വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയായ ഇന്ത്യയെ യു.എ.ഇ സുപ്രധാനമായാണ് കാണുന്നത്. ഇന്ത്യയുമായി തന്ത്രപ്രധാന ബന്ധം കൂടുതല്‍ ഉയരങ്ങളിലത്തെിക്കാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍െറ സന്ദര്‍ശനം ഉപകരിക്കും. ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ മേഖലയിലാണ് നിക്ഷേപം കൂടുതലായി ആഗ്രഹിക്കുന്നത്. 2015 ആഗസ്റ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ സ്ഥാപിച്ച 7500 കോടി ഡോളറിന്‍െറ യു.എ.ഇ- ഇന്ത്യ അടിസ്ഥാന സൗകര്യ വികസന ഫണ്ട് സംബന്ധിച്ച നടപടികള്‍ പുരോഗിക്കുകയാണ്. 
ഇന്ത്യയുമായി യു.എ.ഇയുടെ അടുത്ത സൗഹൃദത്തെയും ബന്ധത്തെയും സൂചിപ്പിച്ച് മൂന്നിലധികം മന്ത്രിമാര്‍ അടക്കം ഉള്‍ക്കൊള്ളുന്ന പ്രതിനിധി സംഘമാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ അനുഗമിക്കുന്നത്. 
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനൊപ്പം  തൊഴില്‍കാര്യ മന്ത്രി സഖര്‍ ഗൊബാഷ് സഈദ് ഗൊബാഷ്, വിദേശകാര്യ  സഹമന്ത്രി ഡോ.അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തിലുണ്ട്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.