ഡ്രോണ്‍ മത്സരം: ആറുപേര്‍ ഫൈനലില്‍

ദുബൈ: ദുബൈ ഇന്‍റര്‍നെറ്റ് സിറ്റിയില്‍ തുടങ്ങിയ അന്താരാഷ്ട്ര ആളില്ലാ വിമാന മത്സരത്തില്‍ നിന്ന് ആറുപേര്‍ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ, അന്താരാഷ്ട്ര വിഭാഗത്തില്‍ നിന്ന് മൂന്നുപേര്‍ വീതം ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ മാറ്റുരക്കും. 20 സെമിഫൈനല്‍ മത്സരാര്‍ഥികളില്‍ നിന്നാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 
അന്താരാഷ്ട്ര തലത്തില്‍ ലൂണ്‍ കോപ്റ്റേഴ്സിന്‍െറ മള്‍ട്ടി റോട്ടോര്‍ ഡ്രോണ്‍ (അമേരിക്ക), ഫോര്‍ ഫ്രണ്ട് റോബോട്ടിക്സിന്‍െറ യുസാര്‍ റോബോട്ട് ഡ്രോണ്‍ (കനഡ), സെന്‍സ് ലാബിന്‍െറ സേവ് മി ഡ്രോണ്‍ (ഗ്രീസ്) എന്നിവയും ദേശീയതലത്തില്‍ ബില്‍ഡ്രോണ്‍സിന്‍െറ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് റിപ്പയര്‍ റോബോട്ട് ഡ്രോണ്‍, വെള്ളത്തിനടിയിലെ ആവാസ വ്യവസ്ഥ പഠിക്കാനുള്ള റീഫ് റോവേഴ്സിന്‍െറ ഡ്രോണ്‍, വിദ്യാഭ്യാസ മേഖലയെ ലക്ഷ്യംവെച്ചുള്ള ഫൈ്ളലാബ്സിന്‍െറ ഡ്രോണ്‍ എന്നിവയാണ് ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 
ലൂണ്‍ കോപ്റ്റേഴ്സിന്‍െറ മള്‍ട്ടി റോട്ടോര്‍ ഡ്രോണിന് 82.25 ശതമാനം മാര്‍ക്ക് ലഭിച്ചു. പറക്കാനും ജലോപരിതലത്തിലൂടെ നീങ്ങാനും വെള്ളത്തില്‍ ഊളിയിടാനും കഴിവുള്ളതാണ് ഈ ഡ്രോണ്‍. സര്‍വേ, പരിശോധന, രക്ഷാപ്രവര്‍ത്തനം തുടങ്ങിയവക്ക് ഇത് ഉപയോഗപ്പെടുത്താം. തീപിടിച്ചതും തകര്‍ന്നതുമായ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്നതാണ് യുസാര്‍ റോബോട്ട് ഡ്രോണ്‍. ഇടുങ്ങിയ സ്ഥലങ്ങളില്‍ പോലും കടന്നുചെല്ലാനും വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്തി വളരെ വേഗം അയക്കാനും ഡ്രോണിന് ശേഷിയുണ്ട്. 1 ശതമാനം മാര്‍ക്കാണ് ഇതിന് ലഭിച്ചത്. സ്മാര്‍ട്ട് ഫോണിന്‍െറ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതാണ് സെന്‍സ് ലാബിന്‍െറ ഡ്രോണ്‍. അടിയന്തര വൈദ്യസഹായം വേണ്ടവര്‍ക്ക് ഈ ഡ്രോണ്‍ തുണയാകും. 80.38 ശതമാനം മാര്‍ക്ക് ലഭിച്ചു. 
ഉയര്‍ന്ന കെട്ടിടങ്ങളിലെ അറ്റകുറ്റപണികള്‍ക്ക് സഹായകമാകുന്നതാണ് ബില്‍ഡ്രോണ്‍ സംഘം അവതരിപ്പിച്ച ഡ്രോണ്‍. മേല്‍ക്കൂരയിലെയും പൈപ്പ്ലൈനിലെയും ചോര്‍ച്ച അടക്കാന്‍ ഡ്രോണിന് കഴിയും. 91.38 ശതമാനം മാര്‍ക്കാണ് ഈ ഡ്രോണിന് ലഭിച്ചത്. 74.63 ശതമാനം മാര്‍ക്ക് ലഭിച്ച റീഫ് റോവര്‍ ടീമിന്‍െറ ഡ്രോണ്‍ സമുദ്രാന്തര്‍ഭാഗത്തെ പവിഴപ്പുറ്റുകളെ സംബന്ധിച്ച പഠനത്തെ സഹായിക്കും. സ്കൂളുകളില്‍ ശാസ്ത്രം, കണക്ക് തുടങ്ങിയ വിഷയങ്ങള്‍ എളുപ്പത്തില്‍ പഠിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഫൈ്ളലാബ് ടീമിന്‍െറ ഡ്രോണ്‍. 
അന്താരാഷ്ട്ര വിജയിക്ക് 10 ലക്ഷം ഡോളറും ദേശീയ വിജയിക്ക് 10 ലക്ഷം ദിര്‍ഹവുമാണ് സമ്മാനം.  ബോസ്റ്റണ്‍ സര്‍വകലാശാല റിമോട്ട് സെന്‍സിങ് വിഭാഗം ഡയറക്ടറും റിസര്‍ച്ച് പ്രഫസറുമായ ഫാറൂഖ് അല്‍ ബാസ്, ദുബൈ സര്‍വകലാശാല പ്രസിഡന്‍റ് ഡോ. ഈസ ബസ്താകി, ഹ്യുമനിറ്റേറിയന്‍ യു.എ.വി നെറ്റ്വര്‍ക് സ്ഥാപകന്‍ പാട്രിക് മിയര്‍, വേള്‍ഡ് ഐ.ക്യൂ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് മനാഹില്‍ താബിത് എന്നിവരാണ് ജൂറി അംഗങ്ങള്‍.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.