ഇന്ത്യയില്‍ യു.എ.ഇ എണ്ണ സംഭരണി  സ്ഥാപിക്കല്‍: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

അബൂദബി: ഇന്ത്യയില്‍ യു.എ.ഇ നേതൃത്വത്തില്‍ എണ്ണ സംഭരണ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിടുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അബൂദബി നാഷനല്‍ ഓയില്‍ കമ്പനിയും (അഡ്നോക്) ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്സ് ലിമിറ്റഡും സഹകരിച്ചാണ് എണ്ണ കരുതല്‍ സംഭരണി സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. എണ്ണ സംഭരണി സ്ഥാപിക്കല്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന നിക്ഷേപത്തിനുള്ള ഇന്ത്യ- യു.എ.ഇ സംയുക്ത ഉന്നത തല നിര്‍വഹണ സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. ധാരണാപത്രം ഒപ്പിടല്‍ നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു.  അബൂദബി ക്രൗണ്‍പ്രിന്‍സ് കോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ സായിദ് ആല്‍ നഹ്യാനും ഇന്ത്യന്‍ വാണിജ്യ- വ്യവസായ സഹമന്ത്രി നിര്‍മല സീതാരാമനും ആണ് യോഗത്തില്‍ സംയുക്ത അധ്യക്ഷം വഹിച്ചത്. ഉയര്‍ന്ന ഉദ്യോഗസ്ഥരും വന്‍കിട സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.  നാലാമത് സംയുക്ത ഉന്നത തല സമിതി യോഗത്തില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ സാമ്പത്തിക- വാണിജ്യ- നിക്ഷേപ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കി ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഇരു സംഘങ്ങളും തീരുമാനിച്ചു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ യു.എ.ഇ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപം ഇറക്കാന്‍ ഉദ്ദേശിക്കുന്നത് സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.  സെമി കണ്ടക്ടര്‍ മേഖലയിലും പ്രതിരോധ മേഖലയിലുമുള്ള നിക്ഷേപ സാധ്യതകളും ചര്‍ച്ച ചെയ്തു.  
ഇന്ത്യയും യു.എ.ഇയും തമ്മില്‍ ചര്‍ച്ചകള്‍ക്ക് പുറമെ നിക്ഷേപ ബന്ധങ്ങള്‍ ശക്തമാകുന്നതിന്‍െറ വ്യക്തമായ തെളിവാണ് സംയുക്ത യോഗമെന്ന് ശൈഖ് ഹമദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധം കൂടുതല്‍ വിപുലമാക്കാനും നാലാം റൗണ്ട് ചര്‍ച്ചകളിലൂടെ സാധിച്ചു. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക പങ്കാളിത്തം ശക്തമാക്കുന്നതിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.