സൗദിയില്‍ സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍  രണ്ടു ദിവസത്തെ അവധിക്ക് ശൂറ അംഗീകാരം 

റിയാദ്: സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്‍കുന്ന തൊഴില്‍ നിയമ ഭേദഗതിക്ക് ശൂറ കൗണ്‍സില്‍ അന്തിമ അംഗീകാരം നല്‍കി. ഇതനുസരിച്ച് ദിവസം എട്ടു വീതം ആഴ്ചയില്‍ 40 മണിക്കൂറായിരിക്കും ജോലി സമയം. 
തീരുമാനം നടപ്പാവുന്നതോടെ ആഴ്ചയില്‍ രണ്ട് ദിവസത്തെ വാരാന്ത അവധിക്ക് പുറമെ നിലവിലുള്ള 48 മണിക്കൂര്‍ 40 ആയി കുറയുകയും ചെയ്യും. മന്ത്രിസഭയുടെ അംഗീകാരം കൂടി വരുന്നതോടെയാണ് തീരുമാനം നിയമമാകുക. സ്വകാര്യ മേഖലയിലെ സ്ഥാപന ഉടമകളുടെയും മുതല്‍മുടക്കുകാരുടെയും എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് പരിഷ്കരണത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. 
കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷ അംഗങ്ങളും ഭേദഗതിയെ പിന്തുണച്ചു. സ്വദേശി യുവാക്കളെ സ്വകാര്യ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ജോലി സമയം കുറക്കുന്നത്. റമദാനില്‍ ഇത് ദിവസത്തില്‍ ഏഴ് മണിക്കൂര്‍ വീതം ആഴ്ചയില്‍ പരമാവധി 35 എന്ന രീതിയില്‍ ക്രമപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ ശൂറയിലെ മാനവവിഭവശേഷി സമിതിയെ കൗണ്‍സില്‍ അംഗങ്ങള്‍ പ്രശംസിച്ചു.
തൊഴില്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭേദഗതി ചെയ്ത് പടിപടിയായാണ് പരിഷ്കരണം നടപ്പാക്കുക. 
രാജ്യത്തെ സ്വകാര്യ മേഖലയില്‍ നിലവില്‍ 20 ശതമാനം സ്വദേശികളും 80 ശതമാനം വിദേശികളുമാണുള്ളത്. ഈ അവസ്ഥ നേരെ തിരിച്ചാക്കി 80 ശതമാനം സ്വദേശി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി നല്‍കാനാവണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ പറഞ്ഞു. 
സ്വദേശി യുവാക്കളില്‍ 11.5 ശതമാനം തൊഴിലില്ലായ്മ നിലനില്‍ക്കുമ്പോഴും 90 ലക്ഷം വിദേശികള്‍ സൗദിയിലുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന അനുപാതമാണ്. 2015ല്‍ മാത്രം 15700 കോടി റിയാല്‍ വിദേശികള്‍ അയച്ചിട്ടുണ്ടെന്നാണ് കണക്ക്. 12 വര്‍ഷം മുമ്പ് ഇത് 3600 കോടി റിയാലായിരുന്നു. 
തൊഴില്‍ നിയമത്തില്‍ പരിഷ്കരണം നടപ്പാക്കുമ്പോള്‍ ആദ്യ വര്‍ഷങ്ങളില്‍ 80 ശതമാനം വരുന്ന വിദേശി ജോലിക്കാര്‍ക്കാണ് അതിന്‍െറ ഗുണം ലഭിക്കുക. 
എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഈ മേഖലയിലേക്ക് കടന്നുവരുന്ന സ്വദേശി യുവാക്കള്‍ക്ക് ഇത് അനുഗ്രഹമായിത്തീരും. കനത്ത വില നല്‍കിക്കൊണ്ടല്ലാതെ നിര്‍ണായകമായ പരിഷ്കരണം നടപ്പാക്കാനാവില്ളെന്നും ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.