??? ?????????????? ??? ??????

ഫാത്തിമയും ഫൈസലും കാത്തിരിക്കുന്നു; രണ്ട് പതിറ്റാണ്ട് മുമ്പ് കാണാതായ ഉമ്മക്കായി 

അബൂദബി: ഫാത്തിമയും ഫൈസലും കാത്തിരിക്കുകയാണ്, ബാല്യത്തിന്‍െറ മങ്ങിയ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഉമ്മക്കായി.  തുടര്‍ച്ചയായ അന്വേഷണങ്ങളും പ്രാര്‍ഥനകളുമായാണ് ഇരുവരുടെയും കാത്തിരിപ്പ്. ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഉമ്മയെ കാണാനും സംസാരിക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണിവര്‍. ഫാത്തിമയുടെയും ഫൈസലിന്‍െറയും കാത്തിരിപ്പിന് ഇപ്പോള്‍ രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. 
ആലുവ ചുങ്കംവേലി എരുമത്തല സ്വദേശിനിയായ ലൈലാ ഇസ്മായില്‍ ജീവിത പ്രാരാബ്ധങ്ങളെ തുടര്‍ന്ന് 1995ലാണ് അജ്മാനിലേക്ക് വീട്ടുജോലിക്കാരിയായി വരുന്നത്. രണ്ട് വര്‍ഷത്തോളം വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നു. അജ്മാനില്‍ 1995ല്‍ ജോലിക്കത്തെിയ ശേഷം ഭര്‍ത്താവിനും പിതാവ് ഖാന്‍ മുഹമ്മദിനും ലൈലാ ഇസ്മായില്‍ കത്തുകള്‍ അയച്ചിരുന്നു. ജോലിക്കിടയിലെ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചും കത്തുകളില്‍ വിവരം ഉണ്ടായിരുന്നു. ലൈലയുടെ ഭര്‍തൃ മാതാവ് സൈനബയും അജ്മാനില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്നു. അജ്മാനിലത്തെി രണ്ട് വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ സൈനബക്കൊപ്പം നാട്ടില്‍ പോകുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ലൈലയെ കാണാതാകുന്നത്. വിമാനത്താവളത്തിലേക്ക് ആക്കുന്നതിന് കൊണ്ടുവരുന്നു എന്ന് അറബി പറഞ്ഞ ശേഷം പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ളെന്ന് ബന്ധുക്കള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തുടര്‍ന്ന് സൈനബ അജ്മാനില്‍ അന്വേഷണം നടത്തിയെങ്കിലും മരുമകളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ല. ഒന്നര പതിറ്റാണ്ടിലധികം അന്വേഷണം നടത്തിയിട്ടും ഫലം കാണാതെ രോഗിയായി മാറിയ പിതാവ് ഖാന്‍ മുഹമ്മദും മകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍. 
മകളെ കാണാതായതോടെ പിതാവ് അന്വേഷണങ്ങള്‍ക്കായി മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും രാഷ്ട്രപതിക്കും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും എല്ലാം പരാതികള്‍ അയച്ച് പ്രതീക്ഷയോടെ കാത്തിരുന്നു. പല വഴികളിലും അന്വേഷണം നടന്നു. അജ്മാനിലും യു.എ.ഇയുടെ മറ്റ് ഭാഗങ്ങളിലും പലരും അന്വേഷിച്ചെങ്കിലും കണ്ടത്തൊനായില്ല. ഒരു പതിറ്റാണ്ട് മുമ്പ് മാധ്യമങ്ങള്‍ വഴിയും അന്വേഷണ ശ്രമം നടത്തി. 
സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനാല്‍ ലൈലയുടെ പിതാവിന് യു.എ.ഇയില്‍ വന്ന് അന്വേഷണം നടത്താന്‍ സാധിച്ചില്ല. നാട്ടില്‍ നിന്ന് മകളെ കണ്ടത്തെുന്നതിനൊപ്പമുള്ള അന്വേഷണത്തിനൊപ്പം പേരക്കുട്ടികളെ വളര്‍ത്തലും കൂടി ഖാന്‍ മുഹമ്മദിന്‍െറ ഉത്തരവാദിത്തമായിരുന്നു. മകള്‍ക്ക് വേണ്ടി നടത്തിയ അന്വേഷണങ്ങള്‍ ഒന്നും ഫലം കാണാതായതോടെ ഖാന്‍ മുഹമ്മദും ഫാത്തിമയും ഫൈസലും നിരാശരായി. ഇതിനിടെ ഖാന്‍ മുഹമ്മദ് രോഗിയായി മാറുകയും ചെയ്തു. ഇതോടെ അന്വേഷണം നിലച്ചു.  മകള്‍ ഫാത്തിമയുടെ വിവാഹവും കഴിഞ്ഞു. യു.എ.ഇയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഫെബിന്‍ മുഹമ്മദിനൊപ്പം ഫാത്തിമ എത്തിയതോടെയാണ് മാതാവിനായുള്ള അന്വേഷണങ്ങള്‍ പുനരാരംഭിച്ചത്. ഫാത്തിമയും ഫെബിനും ചേര്‍ന്ന് ലൈലയുടെ പഴയ വിസയുടെ പകര്‍പ്പും പരാതി നല്‍കിയ രേഖകളും പാസ്പോര്‍ട്ട് നമ്പറും ആദ്യ സ്പോണ്‍സറുടെ വിവരങ്ങളും എല്ലാം ശേഖരിച്ചു. ഇതിനിടെ, ചില പ്രയാസങ്ങള്‍ മൂലം ഫാത്തിമക്ക് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്നു. മാതാവിനെ കണ്ടത്തൊനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ നില്‍ക്കുന്നതിനിടെയാണ് ഫാത്തിമ പോയത്. ഫെബിന്‍ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. ഉമ്മയെ യു.എ.ഇയില്‍ കണ്ടെന്ന രീതിയില്‍ ചിലര്‍ നേരത്തേ പറഞ്ഞിരുന്നതായി ഫാത്തിമ ഓര്‍ക്കുന്നു.  യു.എ.ഇയിലെ പ്രവാസി സംഘടനകളുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ മാതാവിനെ കണ്ടത്തൊന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഫാത്തിമയും ഫൈസലും ഇപ്പോള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.