ജാസിമിന് ആദരം: പ്രൗഢ ചടങ്ങിന് റാസല്‍ഖൈമയില്‍ ഒരുക്കം തകൃതി

റാസല്‍ഖൈമ: ദുബൈ വിമാന ദുരന്ത രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ ജാസിം ഈസ അല്‍ ബലൂഷിക്ക് മരണാനന്തര ബഹുമതി സമര്‍പ്പണത്തിനായുള്ള ചടങ്ങിന് റാസല്‍ഖൈമയില്‍ ഒരുക്കം പുരോഗമിക്കുന്നു.
‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറയും ‘മീഡിയ വണി’ന്‍െറയും നേതൃത്വത്തില്‍ പ്രവാസി ഇന്ത്യന്‍ സമൂഹം സെപ്റ്റംബര്‍ ഒന്നിനാണ് റാസല്‍ഖൈമ കള്‍ചറല്‍ സെന്‍ററില്‍ ജാസിമിന്‍െറ കുടുംബത്തിന് മരണാനന്തര ബഹുമതി സമ്മാനിക്കുന്നത്. രാത്രി ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ അറബ് പ്രമുഖരും പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരുടെ പ്രതിനിധികള്‍ കൂടി ചടങ്ങിന്‍െറ ഭാഗമാകും.
കേരള കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ ഡിപാര്‍ട്മെന്‍റ് ചെയര്‍മാന്‍ എന്‍ജിനിയര്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി മുഖ്യാതിഥിയായിരിക്കും. യാത്രക്കാരുടെ പ്രതിനിധികള്‍ ജാസിമിന്‍െറ കുടുംബാംഗങ്ങളെ നന്ദി അറിയിക്കും.  
വ്യത്യസ്ത സംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്തി റാസല്‍ഖൈമയില്‍ പ്രവര്‍ത്തിക്കുന്ന ‘ഗള്‍ഫ് മാധ്യമം വിചാരവേദി’യുടെ നേതൃത്വത്തിലാണ് പരിപാടിയുടെ പ്രചാരണം മുന്നേറുന്നത്. ജാസിം ഉള്‍പ്പെടുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെയും വിമാന ജീവനക്കാരുടെയും ജാഗ്രത്തായ പ്രവര്‍ത്തനങ്ങളാണ് താങ്ങാവുന്നതിലുമപ്പുറമുള്ള വിമാന ദുരന്തത്തില്‍ നിന്ന്  കേരളത്തെ രക്ഷിച്ചതെന്ന് ഗള്‍ഫ് മാധ്യമം വിചാരവേദി ഭാരവാഹികളായ കെ. അസൈനാര്‍, എസ്. പ്രസാദ്, എ.എം.എം. നൂറുദ്ദീന്‍ എന്നിവര്‍ പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിനായി ‘ഗള്‍ഫ് മാധ്യമം’-‘മീഡിയ വണ്‍’ ടീമിന്‍െറ മുന്‍കൈയില്‍ നടക്കുന്ന ഇത്തരമൊരു ചടങ്ങ് വിജയിപ്പിക്കേണ്ടത് ഓരോ പ്രവാസിയുടെയും ബാധ്യതയാണ്. ചടങ്ങിന്‍െറ വിജയകരമായ പരിസമാപ്തിക്ക് സര്‍ക്കാര്‍-സര്‍ക്കാറേതര സ്ഥാപനങ്ങള്‍ക്കിടയിലും ഇന്ത്യന്‍ കൂട്ടായ്മകള്‍ക്കിടയിലും സന്ദേശം എത്തിക്കാനുള്ള പ്രചാരണത്തിന് തുടക്കമിട്ടതായും അവര്‍ വ്യക്തമാക്കി. അപകടത്തില്‍ പെട്ട വിമാനത്തിലെ എല്ലാ യാത്രക്കാരെയും ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. യാത്രക്കാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇതിനായി ‘ഗള്‍ഫ് മാധ്യമ’വുമായി ബന്ധപ്പെടാം. ഫോണ്‍: 0504939652, 043903060.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.