ഉമ്മുല്‍ഖുവൈനില്‍ പെര്‍ഫ്യൂം കമ്പനി കത്തിനശിച്ചു; വന്‍നാശനഷ്ടം, ആളപായമില്ല

ഷാര്‍ജ: ഉമ്മുല്‍ഖുവൈനിലെ അല്‍ തൂബ് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെര്‍ഫ്യും കമ്പനി കത്തി നശിച്ചു. ബുധനാഴ്ചയാണ് അപകടം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന നൂറ് കണക്കിന് പേരെ പൊലീസും സിവില്‍ഡിഫന്‍സും ചേര്‍ന്ന് രക്ഷപപെടുത്തി. അപകട കാരണം അറിവായിട്ടില്ല. ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തത്തെി പരിശോധന നടത്തി. കമ്പനിക്ക് പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പ്ചവറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. ബുധനാഴ്ച ഉച്ച  2.15നാണ് അപകടമെന്ന് അധികൃതര്‍ പറഞ്ഞു. കമ്പനിക്ക് പിടിച്ച തീ പെട്ടെന്ന് ആളി കത്തുകയായിരുന്നു. സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് തീപടരാതിരിക്കാന്‍ സിവില്‍ഡിഫന്‍സ് തുടക്കത്തില്‍ തന്നെ ജാഗ്രത പുലര്‍ത്തി.
കത്തിയത് സുഗന്ധദ്രവ്യങ്ങളാണെങ്കിലും പുകയും രൂക്ഷഗന്ധവും സമീപത്താകെ വ്യാപിച്ചിരുന്നു. കുപ്പികള്‍ പൊട്ടിതെറിച്ച് പുറത്ത് ചിതറി വീണു. ഉമ്മുല്‍ഖുവൈന് പുറമെ, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്ന് സിവില്‍ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനത്തിനത്തെി. ഏറെ നേരത്തെ ശ്രമത്തെ തുടര്‍ന്നാണ് തീ അണച്ചത്. എന്നാല്‍ ലക്ഷങ്ങളുടെ സാധന-സാമഗ്രികള്‍ കത്തി ചാമ്പലായി. 
ഉമ്മുല്‍ഖുവൈനില്‍ ഇത് വരെ നടന്ന തീപിടിത്തങ്ങളില്‍ ഏറ്റവും വലുതായിരുന്നു ബുധനാഴ്ചത്തേത്. അധികൃതരുടെ ജാഗ്രതയാണ് നൂറ് കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചത്. 
സിവില്‍ഡിഫന്‍സിനോടൊപ്പം പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സമീപത്ത് നിന്ന് ആളുകളെ മാറ്റിയതും വാഹനങ്ങള്‍ വഴി തിരിച്ച് വിട്ടതും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പാരമെഡിക്കല്‍, ആംബുലന്‍സ് വിഭാഗങ്ങളും എത്തിയിരുന്നു.  കത്തിയ കമ്പനിയില്‍ ഒന്നും അവശേഷിക്കുന്നില്ല. കമ്പനി ഉടമസ്ഥന്‍ ഏത് രാജ്യക്കാരാനാണെന്ന് അറിവായിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.