ജാസിമിന് ഗള്‍ഫ് മാധ്യമം-മീഡിയവണ്‍ ആദരം ഒന്നിന് 

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ അപകട രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ ജാസിം ഈസ അല്‍ ബലൂഷിക്ക് ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറയും ‘മീഡിയവണി’ന്‍െറയും നേതൃത്വത്തില്‍ പ്രവാസി ഇന്ത്യന്‍ സമൂഹം ആദരാഞ്ജലിയര്‍പ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് രാത്രി ഒമ്പതിന് റാസല്‍ഖൈമ കള്‍ചറല്‍ സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ കേരള കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അറബ് ലോകത്തെ പ്രമുഖരും പ്രവാസി സംഘടനാ നേതാക്കളും ജാസിമിന് ആദരാഞ്ജലി അര്‍പ്പിക്കാനത്തെും. 
ആഗസ്റ്റ് മൂന്നിന് ദുബൈ വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനത്തിന് തീപിടിച്ചപ്പോള്‍ മലയാളികള്‍ അടക്കമുള്ള 300ഓളം യാത്രക്കാരെ രക്ഷപ്പെടുത്തിയത് ജാസിം ഉള്‍പ്പെടെയുള്ള അഗ്നിശമന സേനാ ഉദ്യോഗസ്ഥരായിരുന്നു. മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി വിമാനത്തിന്‍െറ തീയണക്കാനുള്ള ശ്രമത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് ജാസിം രക്തസാക്ഷിയായത്. സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചും യാത്രക്കാരെ രക്ഷപ്പെടുത്തിയ ജാസിമിനെ സ്മരിക്കാനും ഇന്ത്യന്‍ സമൂഹത്തിന്‍െറ സ്നേഹാദരം അര്‍പ്പിക്കാനും  ‘ഗള്‍ഫ് മാധ്യമ’വും ‘മീഡിയവണ’ും മുന്‍കൈയെടുക്കുകയായിരുന്നു. ചടങ്ങില്‍ ജാസിമിന്‍െറ കുടുംബാംഗങ്ങള്‍ മരണാനന്തര അംഗീകാരം ഏറ്റുവാങ്ങും. 
ചെറുപ്പം മുതല്‍ സഹജീവികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി ‘ജാസിമുല്‍ ഖൈര്‍’ എന്ന വിളിപ്പേരിന് അര്‍ഹനായയാളാണ് ജാസിം. ഒഴിവുസമയങ്ങളിലും റമദാനില്‍ പ്രത്യേകിച്ചും ജാസിമിന്‍െറ മനസ്സും ശരീരവും ബുദ്ധിമുട്ടുന്നവര്‍ക്കൊപ്പമായിരുന്നു. ടെന്‍റുകളിലും ലേബര്‍ ക്യാമ്പുകളിലും ഭക്ഷണവും മറ്റ് സഹായങ്ങളുമായി ജാസിം എത്തുമായിരുന്നു. വഴിയാത്രക്കാര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിരുന്ന ജാസിമിന്‍െറ പ്രവൃത്തി ആയിരങ്ങള്‍ക്കാണ് ആശ്വാസമേകിയിരുന്നത്. ഈ സേവന സന്നദ്ധതക്കുള്ള അംഗീകാരം കൂടിയായി ചടങ്ങ് മാറും.    

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.