ദുബൈ: ഇന്ത്യയുടെ 70ാം സ്വാതന്ത്യദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. എല്ലാ എമിറേറ്റുകളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആഘോഷത്തിന്‍െറ ഭാഗമായി നടക്കുന്നുണ്ട്. അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ എട്ടിന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം പതാക ഉയര്‍ത്തും. തുടര്‍ന്ന് ഇന്ത്യന്‍ പ്രസിഡന്‍റിന്‍െറ സന്ദേശം അദ്ദേഹം വായിക്കും. കലാപരിപാടികളും ഉണ്ടാകും.
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ എട്ടിന് കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ സന്ദേശം വായിക്കും. വൈകിട്ട് ഏഴുമുതല്‍ ഷാര്‍ജ എക്സ്പോ സെന്‍ററില്‍ അമാന്‍ അലി ബംഗാഷിന്‍െറയും അയാന്‍ അലി ബംഗാഷിന്‍െറയും സരോദ് കച്ചേരി നടക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി.
റാക് ഇന്ത്യന്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യന്‍ സ്കൂളില്‍ നടക്കും. രാവിലെ 8.30ന് പതാക ഉയര്‍ത്തും. റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ (ഐ.ആര്‍.സി) ആഭിമുഖ്യത്തില്‍ ഐ.ആര്‍.സി അങ്കണത്തില്‍ രാവിലെ 8.30ന് കോണ്‍സുലേറ്റ് പ്രതിനിധി പതാക ഉയര്‍ത്തും. റാക് കേരള സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ സമാജം അങ്കണത്തില്‍ രാവിലെ 8.30ന് പതാക ഉയര്‍ത്തും. കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ‘സ്വാതന്ത്ര്യത്തിന്‍െറ 70 ആണ്ടുകള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും.
രാത്രി 9.30ന് കെ.എം.സി.സി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ അനൂപ് കീച്ചേരി പ്രഭാഷണം നടത്തും. റാക് പ്രവാസി ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ‘ഏഴ് പതിറ്റാണ്ട് സ്വാതന്ത്ര്യവും ദലിതാവസ്ഥകളും’ വിഷയത്തില്‍ ഇ.കെ. ദിനേശന്‍ പ്രഭാഷണം നടത്തും. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ രാവിലെ ഒമ്പതിനാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ്.
ദുബൈ കെ.എം.സി.സിയുടെ അല്‍ ബറാഹയിലെ ആസ്ഥാനത്ത് രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും. ഇന്ത്യന്‍ വൈസ് കോണ്‍സുല്‍ സഞ്ജയ് ജസ്വാള്‍ പതാക ഉയര്‍ത്തും.
രാത്രി എട്ടിന് ദേശഭക്തി ഗാനാലാപനം, ദേശീയോദ്ഗ്രഥന പ്രസംഗങ്ങള്‍, ധീര ദേശാഭിമാനികളായ നേതാക്കളെ അനുസ്മരിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഘോഷ പരിപാടികള്‍ രാത്രി ഏഴിന് ദുബൈ ഗര്‍ഹൂദിലെ ഐലാന്‍റ് റസ്റ്റോറന്‍റ് ഹാളില്‍ നടക്കും. കെ.പി.സി.സി സെക്രട്ടറി പി.എ. സലിം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.