?????

41 വര്‍ഷത്തെ പ്രവാസയാത്ര; ഹബീബിന്‍െറ ഓര്‍മകളില്‍ കപ്പലിലെ ‘പാട്ടുത്സവം’

അല്‍ഐന്‍: 41 വര്‍ഷത്തെ ഗള്‍ഫ് പ്രവാസയാത്രയുടെ ആരംഭത്തെ കുറിച്ചോര്‍ക്കുമ്പോള്‍ തിരുവനന്തപുരം പെരുമാതുറ സ്വദേശി ഹബീബിന്‍െറ മനസ്സ് ഇപ്പോഴും സംഗീതസാന്ദ്രമാവും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക ആയിശ ബീഗത്തിന്‍െറ സാന്നിധ്യമുണ്ടായിരുന്നതിനാലാണ് മുംബൈയില്‍നിന്ന് ദുബൈയിലേക്കുള്ള ആറു ദിവസത്തെ ആ കപ്പല്‍യാത്ര  ഇന്നും ഈണവും താളവുമിട്ട് ഓര്‍മകളിലേക്ക് വന്നുനിറയുന്നത്. 
അഞ്ച് വര്‍ഷം മുംബൈയില്‍ പ്രവാസജീവിതം നയിച്ച ഹബീബ് 1975ലാണ് ദുബൈയിലത്തെുന്നത്. ജീവിതപ്പച്ച തേടി മുംബൈ വഴി ഗള്‍ഫിലേക്ക് പോകുന്ന മലയാളികളില്‍നിന്ന് സ്വപ്നഭൂമിയെ കുറിച്ച് കേട്ടറിഞ്ഞാണ് ഇദ്ദേഹം വിസയെടുത്തത്. മുംബൈയില്‍നിന്നുള്ള കപ്പല്‍യാത്ര ചെറിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കിയെങ്കിലും ‘പാട്ടുത്സവ’ത്തിന്‍െറ ആഘോഷത്തില്‍ അതിനെ മറികടന്നു. ഹബീബ് ഉള്‍പ്പെടെയുള്ള ചെറുപ്പക്കാര്‍ ഉള്‍പ്പെടുന്ന യാത്രാസംഘം ഇടവേളകളില്‍ ആയിശബീഗവുമൊത്ത് ഗാനമേളകള്‍ നടത്തി. ഈ ഗാനമേളകളില്‍ ബക്കറ്റുകളും മറ്റും സംഗീതോപകരണങ്ങളാക്കി ഉപയോഗിച്ചത് കൗതുകത്തോടെയാണ് അദ്ദേഹം ഓര്‍ക്കുന്നത്.
ദുബൈയിലത്തെിയ ഹബീബ് ഒരാഴ്ച അവിടെയും രണ്ടാഴ്ച അബൂദബിയിലും ചെലവഴിച്ച ശേഷം അല്‍ഐനില്‍ അല്‍ഖാനം ജനറല്‍ ട്രേഡിങ്ങില്‍ ജോലിയില്‍ പ്രവേശിച്ചു. ആറുമാസം അവിടെ ജോലി ചെയ്ത ശേഷം അല്‍ഐനിലെ മറ്റൊരു കോണ്‍ട്രാക്ടിങ് കമ്പനിയിലേക്ക് മാറി. അവിടെ നാലുമാസം. 1976ല്‍ അഡ്നോക്കില്‍ ജോലിക്ക് കയറി. അഡ്നോക്കിലെ സൂപ്പര്‍വൈസര്‍ തസ്തികയില്‍നിന്ന് വിരമിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.
അല്‍ഐനിലെ പ്രവാസി സമൂഹത്തിനിടയില്‍ ജീവകാരുണ്യ മേഖലകളില്‍ സജീവമായ ഹബീബ് തുടക്കകാലത്ത് അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററുമായി സഹകരിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. നിലവില്‍  അല്‍ഐന്‍ പ്രവാസി ഇന്ത്യയുടെ രക്ഷാധികാരിയാണ്. പെരുമാതുറ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. പ്രവാസ ജീവിതത്തിനിടയില്‍ നന്മയുള്ള കൂട്ടായ്മകളില്‍ എത്തിപ്പെടാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ നേട്ടമായി ഹബീബ് പറയുന്നു.
മുംബൈയിലും അബൂദബിയിലുമായി 46 വര്‍ഷം ജീവിച്ച തനിക്ക് നാട്ടിലെ പുതു തലമുറയുമായി ബന്ധമില്ലാത്തതിനാല്‍ ആദ്യം മുതലുള്ള ജീവിതം തുടങ്ങേണ്ട അവസ്ഥയാണെന്ന് ഹബീബ് പറയുന്നു. ബന്ധങ്ങളും സുഹൃത്തുക്കളും കൂടുതല്‍ അല്‍ഐനില്‍ ആയതിനാല്‍ ഇവിടെനിന്നുള്ള തിരിച്ചുപോക്ക് സ്വന്തം മണ്ണില്‍നിന്ന് വേര്‍പെടുന്നത് പോലുള്ള മാനസിക സംഘര്‍ഷമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഭാര്യയും മക്കളും അല്‍ഐനില്‍ തന്നെയുള്ള ഹബീബ് ആഗസ്റ്റ് 17ന് നാട്ടിലേക്ക് മടങ്ങും. താജുന്നീസയാണ് ഭാര്യ. മക്കള്‍: അര്‍ഷാദ്, ഇര്‍ഷാദ്, റാഷിദ്, റുഷ്ദ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.