ദുബൈ: സന്ദര്‍ശക വിസയില്‍ ദുബൈയിലത്തെിയ മലയാളിയെ ഗുരുതര രോഗം ബാധിച്ച് ദുബൈ റാശിദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മലപ്പുറം പൊന്നാനി പാലപ്പെട്ടി അജ്മീര്‍ നഗര്‍ സ്വദേശി കട്ടിലിക്കായില്‍ കുഞ്ഞുമുഹമ്മദ് (46) ആണ് രോഗത്തിന്‍െറ പിടയിലകപ്പെട്ട് ദുരിതം അനുഭവിക്കുന്നത്. തലയിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് ജൂലൈ 28ന് ഇദ്ദേഹത്തെ റാശിദ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്.
കഷ്ടപ്പാടില്‍ നിന്ന് കുടുംബത്തെ കര കയറ്റാന്‍ മൂന്നു മാസത്തെ സന്ദര്‍ശക വിസയില്‍ ജോലി തേടി എത്തിയതായിരുന്നു കുഞ്ഞുമുഹമ്മദ്. അതിനിടെയാണ് രോഗബാധിതനായത്. സങ്കീര്‍ണമായ ശസ്ത്രക്രിയ ഇതിനകം നടന്നുകഴിഞ്ഞു. ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരോഗ്യ നിലയില്‍ പുരോഗതി കൈവരിക്കാനായിട്ടില്ല. കട്ടിലിക്കായില്‍ പരേതനായ മൊയ്തുവിന്‍െറ മകനായ കുഞ്ഞുമുഹമ്മദ് ഏഴ് വര്‍ഷമായി ചങ്ങരംകുളം കല്ലൂര്‍മ്മ പെരുമ്പാള്‍ മഹല്ലിലാണ് താമസിക്കുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുഞ്ഞുമുഹമ്മദിന്‍െറ കുടുംബം വാടക ക്വാര്‍ട്ടേഴ്സിലാണ് കഴിയുന്നത്. ഭാര്യയും മൂന്നു ആണ്‍കുട്ടികളുമടങ്ങുന്നതാണ് കുടുംബം. രണ്ട് കുട്ടികള്‍ ഹൃദയ വാല്‍വിന്‍െറ വളര്‍ച്ചക്കുറവും സുഷിരവും മൂലമുള്ള രോഗത്തിന് ചികിത്സയിലാണ്. ഇവരുടെ ചികിത്സയിപ്പോള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.
അഞ്ച് സഹോദരിമാരുടെ മുഴുവന്‍ ബാധ്യതയും ചുമലിലേറ്റിയ കുഞ്ഞുമുഹമ്മദിന് കഷ്ടപ്പാടുകള്‍ എന്നും കൂടപ്പിറപ്പായിരുന്നു. എങ്കിലും, സ്വന്തം ആരോഗ്യം വക വെക്കാതെ കഠിനാധ്വാനം ചെയ്ത് കുടുംബത്തെ താങ്ങി നിര്‍ത്തിയ ഇദ്ദേഹം കിടപ്പിലായതോടെ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വഴിയില്ലാതെ ദുരിതം അനുഭവിക്കുകയാണ് കുടുംബം. ഇതിനിടയിലാണ് കുഞ്ഞുമുഹമ്മദിന് ഭീമമായ ആശുപത്രി ചെലവ് വന്നിരിക്കുന്നത്. യു.എ.ഇയിലുള്ള പ്രദേശവാസികള്‍ക്കും താങ്ങാനാവാത്ത വിധം കനത്തതാണ് റാശിദ് ആശുപത്രിയിലെ ചികിത്സാ ചെലവ്.
ഈ സാഹചര്യത്തില്‍ മൊയ്തീന്‍ പൊന്നാനി, സലാം പാലപ്പെട്ടി എന്നിവരുടെ നേതൃത്വത്തില്‍ സുമനസ്സുകളില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കാന്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. അനസ് മാസ്റ്റര്‍ ചങ്ങരംകുളം, നൗഷാദ് ചങ്ങരംകുളം എന്നിവരുടെ നേതൃത്വത്തില്‍ നാട്ടിലും സഹായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ചങ്ങരംകുളം ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. വിലാസം: ഹയറുന്നീസ, അക്കൗണ്ട് നമ്പര്‍ 15560100083696, ഫെഡറല്‍ ബാങ്ക്, ബ്രാഞ്ച് ചങ്ങരംകുളം, മലപ്പുറം ജില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 052 9833289 (മൊയ്തീന്‍), 050 7470151 (സലാം) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.