???????? ?????? ??????? ????????? ????????? ???????????

ഷാര്‍ജയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായവര്‍ ഇറാനില്‍ കസ്റ്റഡിയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യ തൊഴിലാളികളും സ്വദേശി ബോട്ടുടമയും ഇറാന്‍ തീരദേശ സുരക്ഷാസേനയുടെ കസ്റ്റഡിയിലാണെന്ന് വിവരം ലഭിച്ചു. അറിയാതെ സമുദ്രാതിര്‍ത്തി കടന്ന ഇവരെ ഇറാന്‍ തീരദേശ സേന പിടികൂടുകയായിരുന്നു. യു.എ.ഇ സായുധ സേനയില്‍ സേവനം അനുഷ്ടിച്ചിരുന്ന ജാസിം അബ്ദുല്ല ആല്‍ റഈസി, തമിഴ്നാട് കന്യാകുമാരി പുത്തന്‍തുറൈ സ്വദേശി റോബര്‍ട്ട്, സെല്‍വന്‍, തിരുനല്‍വേലി കൂതന്‍കൂഴി സ്വദേശി വിയഗുല അര്‍നോള്‍ഡ് എന്നിവരാണ് ഇറാന്‍ അധികൃതരുടെ കസ്റ്റഡിയില്‍ കഴിയുന്നത്. മത്സ്യബന്ധനത്തിന് പോയവരെ കാണാതായതിനെ തുടര്‍ന്ന് ഇവരുടെ കുടുംബാഗങ്ങള്‍ വിഷമത്തിലായിരുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് അന്വേഷണങ്ങള്‍ നടന്നെങ്കിലും കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.  നിര്‍ണായകമായ വിവരം ലഭിക്കാതെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ അറുതിയായത്. 
യു.എ.ഇ സായുധസേനയില്‍ സേവനം അനുഷ്ഠിക്കുന്നതിനിടയിലുണ്ടായ അപകടത്തെ തുടര്‍ന്നാണ് ജാസിം അതില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്നാണ് ബോട്ട് വാങ്ങി മത്സ്യബന്ധനം തെരഞ്ഞെടുത്തു. മുന്നോ നാലോ തവണയാണ് ഇദ്ദേഹം കടലില്‍ പോയിട്ടുള്ളത്. ജാസിമാണ് തങ്ങള്‍ ഇറാന്‍ അധികൃതരുടെ കസ്റ്റഡിയില്‍ കഴിയുന്ന വിവരം കുടുംബത്തെ അറിയിച്ചത്. സുരക്ഷിതരാണെന്നും  ഏറെ വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നതെന്നും ജാസിം കുടുംബത്തെയും യു.എ.ഇ അധികൃതരെയും അറിയിച്ചിട്ടുണ്ട്. 
തമിഴ്നാട് സ്വദേശികളെ കാണാതായതിനെ തുടര്‍ന്ന് കുടുംബം സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ സഹായം തേടിയിരുന്നെങ്കിലും കൃത്യമായ ഒരു വിവരവും ഇവരില്‍ നിന്ന് ലഭിച്ചിരുന്നില്ല. നിര്‍ണായക വിവരം ലഭിച്ചതിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോയവരെ പുറത്തത്തെിക്കാന്‍ യു.എ.ഇ തലത്തില്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ കൂടിയാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ തിരിച്ച് വരാറുള്ളതാണ്. അങ്ങനെയാണെങ്കില്‍ ഈ മാസം രണ്ടിന് ഇവര്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇവരെ കാണാതായതോടെയാണ് കുടുംബങ്ങള്‍ കണ്ണീരിലായത്. കടലില്‍ തുടരുന്ന അസ്ഥിര കാലാവസ്ഥയെ തുടര്‍ന്നാകാം ഇവര്‍ അതിര്‍ത്തി ലംഘിച്ചതെന്നാണ് കരുതുന്നത്. തങ്ങളുടെ ഉറ്റവര്‍ ഇറാനില്‍ പിടിയിലാണെന്ന വിവരം സ്ഥിരീകരിച്ചതോടെ തമിഴ്നാട് സ്വദേശികളുടെ കുടുംബാഗങ്ങള്‍ വീണ്ടും ഇരു സര്‍ക്കാറുകളുടെയും സഹായം തേടിയിട്ടുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.