അബൂദബി: അബൂദബി എമിറേറ്റില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള കുത്തിവെപ്പ് സൗജന്യമായി നല്‍കുമെന്ന് അബൂദബി ആരോഗ്യ അതോറിറ്റി (ഹാദ്) അറിയിച്ചു. ഇതിനായി 41 ആരോഗ്യകേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍, ദുബൈയില്‍ പ്രതിരോധ കുത്തിവെപ്പ് ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നവര്‍ക്ക് മാത്രമേ സൗജന്യമായി ലഭിക്കൂവെന്ന് ദുബൈ ആരോഗ്യ അതോറിറ്റി പറഞ്ഞു. അല്ലാത്തവര്‍ സ്വന്തം നിലക്ക് പണമടക്കണം. ഹജ്ജ് തീര്‍ഥാടകര്‍ നിര്‍ബന്ധമായും എടുത്തിരിക്കേണ്ട മെനിഞ്ചൈറ്റിസ് കുത്തിവെപ്പിന് 250 ദിര്‍ഹമാണ് ചെലവ്. ദുബൈയില്‍ 11 ആരോഗ്യ കേന്ദ്രങ്ങളില്‍ കുത്തിവെപ്പിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
അബൂദബി, ദുബൈ ആരോഗ്യ അതോറിറ്റികളുടെ സഹകരണത്തോടെ യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഹജ്ജിന് പോകുന്നവര്‍ക്ക് ആരോഗ്യസുരക്ഷാ ബോധവത്കരണം നല്‍കും. ഇതു സംബന്ധിച്ച് തിങ്കളാഴ്ച മന്ത്രാലയം പ്രഖ്യാപനം നടത്തി. യു.എ.ഇയില്‍നിന്ന് ഹജ്ജിന് പോകുന്നവര്‍ക്ക് മെനിഞ്ചൈറ്റിസ് കുത്തിവെപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ന്യൂമോണിയ, പകര്‍ച്ചപ്പനി കുത്തിവെപ്പുകള്‍ എടുക്കുന്നത് ഗുണകരമാണെന്നും അധികൃതര്‍ അറിയിച്ചു. ഇത്തവണ 5000ത്തിലധികം പേരാണ് യു.എ.ഇയില്‍നിന്ന് ഹജ്ജിന് പോകുന്നത്.
യാത്ര ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും മെനിഞ്ചൈറ്റിസ് കുത്തിവെപ്പ് എടുക്കാനാണ് നിര്‍ദേശം. യാത്രക്ക് ഒരു മാസം മുമ്പു തന്നെ കുത്തിവെപ്പെടുക്കാം. എന്നാല്‍, ഒരാഴ്ച മുമ്പ് എടുത്താല്‍ ഫലമില്ളെന്നും അധികൃതര്‍ അറിയിച്ചു. കുത്തിവെപ്പ് നല്‍കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. വയോധികര്‍, 12ന് താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനം ഒഴിവാക്കണമെന്ന് ആരോഗ്യ അതോറിറ്റി നിര്‍ദേശിച്ചു. ജൂലൈയില്‍ സൗദി അറേബ്യയില്‍ 22 പേര്‍ക്ക് മിഡിലീസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. ഇതില്‍ നാല് കേസുകള്‍ ജിദ്ദയിലായിരുന്നു. ഹജ്ജിന് സൗദിയിലേക്ക് പോകുന്നവരൂടെ മുഖ്യ പ്രവേശമാര്‍ഗമായ ജിദ്ദയിലാണ് മക്കയോട് ഏറ്റവും അടുത്തുകിടക്കുന്ന വിമാനത്താവളം.
പകര്‍ച്ചപ്പനി, പേശീവലിവ്, നിര്‍ജലീകരണം തുടങ്ങിയവയാണ് ഹജ്ജ് തീര്‍ഥാടകരില്‍ സാധാരണ റിപ്പോര്‍ട്ട് ചെയ്യുന്ന അസുഖങ്ങളെന്ന് ഹാദ് പൊതുജനാരോഗ്യ വകുപ്പിലെ പകര്‍ച്ചവ്യാധി മാനേജര്‍ ഡോ. ഫരീദ ആല്‍ ഹുസ്നി പറഞ്ഞു.
പകര്‍ച്ചപ്പനിയാണ് ഏറ്റവും കൂടുതല്‍ കാണുന്നത്. ആളുകള്‍ കുത്തിവെപ്പ് എടുക്കാത്തതാണ് ഇതിന് കാരണം. കുത്തിവെപ്പെടുക്കാത്ത മിക്ക തീര്‍ഥാടകരും പകര്‍ച്ചപ്പനി ബാധിച്ചാണ് തിരിച്ചത്തൊറ്. കുത്തിവെപ്പ് വളരെ ഫലപ്രദമാണെന്നതിനാല്‍ എല്ലാ തീര്‍ഥാടകരോടും കുത്തിവെപ്പെടുക്കാന്‍ ഉപദേശിക്കുകയാണെന്നും ഡോ. ഫരീദ പറഞ്ഞു. ഹജ്ജിന് പോകുന്നവര്‍ക്ക് സിക വൈറസ് ഭീഷണിയില്ളെന്നും അധികൃതര്‍ അറിയിച്ചു. പകര്‍ച്ചവ്യാധികള്‍, പ്രത്യേകിച്ച് മെര്‍സ് പ്രതിരോധിക്കാന്‍ സൗദി അധികൃതര്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലെ ദുരന്തനിവാരണ പ്രവര്‍ത്തന ഡയറക്ടര്‍ ഡോ. അബ്ദുല്‍ കരീം പറഞ്ഞു. തീര്‍ഥാടകര്‍ ഒരു ദിവസം തങ്ങുന്ന അറഫയില്‍ പോലും 60 മുതല്‍ 70 വരെ ഐ.സി.യു കിടക്കകളുള്ള ആശുപത്രികള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൈകള്‍ വൃത്തിയായി കഴുകുന്നത് മെര്‍സിനെ പ്രതിരോധിക്കാന്‍ ഉത്തമ മാര്‍ഗമാണെന്ന് ദുബൈ ആരോഗ്യ അതോറിറ്റി പ്രതിരോധ മരുന്ന് വിഭാഗം ഡയറക്ടര്‍ ഡോ. നാഹിദ് ജാഫര്‍ ആല്‍ യൂസുഫ് അഭിപ്രായപ്പെട്ടു. മാസ്ക് ധരിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.