തൊഴിലിടത്തിലൊരു ജൈവ പച്ചകൃഷി തോട്ടം

ഷാര്‍ജ: ഷാര്‍ജ അല്‍ നഹ്ദയിലെ കോളജ് സിഗ്നലിന് സമീപത്തൊരു പച്ചക്കറി തോട്ടമുണ്ട്. ബെസ്റ്റ് വേ ഓയില്‍ ഫീല്‍ഡ് കമ്പനിയിലെ തൊഴിലാളികളും മുതലാളിയും ആറ്റ് നോറ്റ് പരിപാലിക്കുന്ന പച്ചക്കറി തോട്ടം. രാസവളങ്ങളുടെ വിഷമേല്‍ക്കാത്ത തനിനാടന്‍ ജൈവ പച്ചക്കറി തോട്ടം. പാവക്ക, കോവക്ക, പച്ചമുളക്, വേപ്പില, തക്കാളി, പയര്‍, മത്തന്‍, വെള്ളരി, വെണ്ട, ചീര, വഴുതന തുടങ്ങി നിരവധി പച്ചക്കറികളാണ് ഇവിടെ വിളയുന്നത്.
കമ്പനിയുടെ ആവശ്യം കഴിഞ്ഞ് ബാക്കി കിടക്കുന്ന ഭാഗത്ത് പച്ചക്കറി കൃഷി നടത്താനുള്ള മോഹവുമായി തൊഴിലാളികള്‍ ഉടമ കൊല്ലം കുളത്തുപുഴ സ്വദേശി അനൂജ് ഷാജഹാനെ സമീപിക്കുകയായിരുന്നു. കൃഷി തലക്ക് പിടിച്ച് നടക്കുന്ന ഷാജഹാനാവട്ടെ രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു. തൊഴിലാളികള്‍ക്ക് ആവശ്യമുള്ള വിത്തുകളും ജൈവ വളങ്ങളുമായി വന്നാണ് ഷാജഹാന്‍ തന്‍െറ കൃഷിയോടുള്ള ഇഷ്ടം അറിയിച്ചത്. മലയാളിയായ നവാസും ബംഗ്ളാദേശ് സ്വദേശി മിന്‍റുവും ചേര്‍ന്നാണ് മണ്ണ് ഒരുക്കിയത്. മറ്റ് തൊഴിലാളികളും കൂടെ നിന്നു. വിത്ത് വിതച്ച് കൊതിയോടെ കാത്തിരുന്നവര്‍ക്ക് മുന്നില്‍ ഇലകള്‍ വിടര്‍ന്നു. അവ വള്ളികളായി പടര്‍ന്നു. ഇലയും പൂവും തളിര്‍ത്തു.
കൃത്യമായി ജലസേചനം വളവും നല്‍കിയപ്പോള്‍ തോട്ടം നിറയെ നൂറ് മേനി. നൂറ് കണക്കിന് മുളക് തൈകളാണ് ഈ തോട്ടത്തിലുള്ളത്. അവയിലെല്ലാം നല്ല ഒന്നാംതരം എരിവുള്ള മുളകുണ്ട്.
തൊഴിലാളികള്‍ക്ക് ആവശ്യമായ പച്ചക്കറികളെല്ലാം ഇവിടെ നിന്ന് ലഭിക്കുന്നു.  കമ്പനിയുടെ പരിസരത്തുള്ള ഒരു തരി മണ്ണ് പോലും പാഴാക്കാതെയാണ് ഇവര്‍ കൃഷി നടത്തുന്നത്. എവിടെ ഇത്തിരി മണ്ണ് കണ്ടാലും അവിടെ നാല് വിത്ത് വിതക്കുകയെന്നതാണ് ഇവരുടെ രീതി. ഓയില്‍ കമ്പനിയോട് ചേര്‍ന്ന് തന്നെ ഷാജഹാന് കാര്‍ വര്‍ക്ക് ഷോപ്പുമുണ്ട്. പന്തലിട്ടാണ് കയ്പ്പയും വെള്ളരിയും മറ്റും വളര്‍ത്തുന്നത്. പന്തലിനകത്ത് തൂങ്ങി കിടക്കുന്ന കയ്പ്പക്കയും അതിന്‍െറ ഓരത്ത് കൂര്‍ത്ത് നില്‍ക്കുന്ന വെണ്ടക്കയും നിറയെ കനികളുമായി നില്‍ക്കുന്ന ഓമയും കണ്ണിനാനന്ദം പകരും.
കമ്പനിക്ക് സമീപത്തായതിനാല്‍ ഇതിനെ 'വേല കയ്ക്കറി തോട്ടം' എന്നാണ് ഇവിടെയുള്ളവര്‍ വിളിക്കുന്നത്. കമ്പനിയുടെ മുറ്റത്ത് നിരവധി തുളസി ചെടികളുമുണ്ട്. ജൈവികമായൊരു തൊഴിലിടമാണ് ബെസ്റ്റ് വേയുടെത്. കമ്പനി ആപ്പീസിന്‍െറ അകത്തേക്ക് ഏത് സമയത്തും തുളസി മണമുള്ള കാറ്റത്തെുന്നു. പച്ചക്കറിക്ക് പുറമെ ആടലോടകവും ഇവിടെ വളരുന്നു. രാവിലെയും വൈകിട്ടും ചെടികള്‍ക്ക് ജലസേചനം നടത്തും.
കീടങ്ങളെ തുരത്താനും ജൈവിക രീതിയാണ് ഉപയോഗിക്കുന്നത്. തൊഴിലിനിടയിലുള്ള ഇടവേളകളിലെല്ലാം ഇവര്‍ കൃഷി തോട്ടത്തിലത്തെി ആവശ്യമായ പരിചരണങ്ങള്‍ നല്‍കുന്നതിനാല്‍ കീടങ്ങളുടെ അമിതാക്രമണം ഒഴിവാകുന്നു.
മരൂഭൂമിയിലെ പ്രതികൂല കാലവസ്ഥയെ കൃഷിക്ക് അനുയോജ്യമായ രീതിയില്‍ പാകപ്പെടുത്തിയെടുക്കുന്നിടത്താണ് ഇത്തരം കൃഷികളുടെ വിജയം.
മനസ്സിന്‍െറ വിരസത അകറ്റാന്‍ ഇത്തരത്തിലുള്ള കൃഷികള്‍ ഉപകാരപ്പെടുന്നു. ആവശ്യമുള്ള പച്ചക്കറി സ്വയം ഉല്‍പാദിപ്പിക്കുന്നതിലൂടെ ആരോഗ്യവും പരിരക്ഷിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.