ഇല്ലാത്ത സമ്മാനത്തിന്‍െറ പേരില്‍ തട്ടിപ്പ്; 21 പേര്‍ പിടിയില്‍

ഷാര്‍ജ: വന്‍ തുക സമ്മാനം അടിച്ചെന്ന് ഫോണിലൂടെ വിളിച്ച് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘത്തെ ഷാര്‍ജ പൊലീസ് പിടികൂടി. 21 പാകിസ്താനികളാണ് പിടിയിലായത്. അല്‍ നഹ്ദയിലെ താമസ സ്ഥലത്ത് നിന്നാണ് ഇവരെ പൊലീസ് വളഞ്ഞിട്ട് പിടിച്ചത്. രണ്ട് ലക്ഷം ദിര്‍ഹവും ഐഫോണ്‍ ആറും സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിളിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി പ്രമുഖ ടെലിഫോണ്‍ കമ്പനിയുടെ പേരാണ് സംഘം ദുരുപയോഗം ചെയ്തിരുന്നത്.
ഫോണ്‍വിളിയില്‍ ഇര കുരുങ്ങിയാല്‍ 5000 മുതല്‍ 10,000 ദിര്‍ഹം വരെയുള്ള തുകക്കുള്ള മൊബൈല്‍ റീചാര്‍ജ് കാര്‍ഡ് അയച്ച് കൊടുക്കാനാണ് സംഘം ആദ്യം നിര്‍ദേശിക്കുക. പലപ്രാവശ്യം ഇതാവര്‍ത്തിക്കും. ഇരയുടെ കൈയില്‍ നിന്ന് പരമാവധി പിഴിഞ്ഞ് കഴിഞ്ഞാല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ നിശബ്ദമാകും. അപ്പോഴാണ് ചതിയായിരുന്നുവെന്ന് ഇരക്ക് ബോധ്യപ്പെടുക.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇത്തരം ചതിയന്‍മാരുടെ വലകളില്‍ പെടുന്നുണ്ട്. നാണക്കേടോര്‍ത്ത് പലരും പരാതി നല്‍കാറില്ല. ഇതാണ് സംഘത്തിന്‍െറ വിജയം. എന്നാല്‍ സംഘത്തിന്‍െറ വലയില്‍ അകപ്പെട്ട ചില ഇരകള്‍ പൊലീസിനെ സമീപ്പിച്ചതാണ് ഇവരുടെ അറസ്റ്റിന് വഴി ഒരുക്കിയത്. പ്രതികളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിരവധി മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പണവും പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇത്തരം സംഘത്തെ കുറിച്ച് വിവരം ലഭിച്ചാല്‍ 999, 5632222, 800 151 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.