വിഷു നാളെ: കണി കാണാന്‍ ഒരുക്കം തകൃതി

ഷാര്‍ജ: കേരളത്തിന്‍െറ കാര്‍ഷിക ഉത്സവമായ വിഷുവിനുള്ള ഒരുക്കത്തിലാണ് പ്രവാസി മലയാളി സമൂഹം. വിപണിയിലത്തെിയ വിഷു ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. വിഷുക്കണിക്ക് ആവശ്യമായ ഓട്ടുരുളി, അരി, നെല്ല്, മുണ്ട്, പൊന്ന്, വാല്‍കണ്ണാടി, കണി വെള്ളരി, കണ്‍മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, നിലവിളക്ക്, നാളികേരം, ശ്രീകൃഷ്ണ വിഗ്രഹം, ചക്ക, മാങ്ങ എന്നിവയെല്ലാം വിപണികളില്‍ നിറഞ്ഞിട്ടുണ്ട്. യു.എ.ഇയില്‍ ഇത്തവണ കൊന്നകള്‍ കൂടുതല്‍ പൂത്തിട്ടില്ല. ശൈത്യം വിട്ട് മാറാത്തതാണ് കാരണം.  എന്നാല്‍ നാട്ടില്‍ നിന്ന് ഇഷ്ടം പോലെ കൊന്നപ്പൂക്കള്‍ ബുധനാഴ്ച വിപണിയിലത്തെും. വെറ്റിലയും പഴുത്ത അടക്കയും കണി ഒരുക്കാന്‍ ആവശ്യമാണെങ്കിലും വിലക്കുള്ളതിനാല്‍ വെറ്റില കിട്ടില്ല. 
വിഷു ദിനത്തിന്‍െറ സ്വാദും ഗ്രാമീണ വിഭവവുമായ വിഷുക്കട്ട ഒരുക്കാനുള്ള ചേരുവകളും കമ്പോളങ്ങളില്‍ സുലഭം. നാളികേരപ്പാലില്‍ പുന്നെല്ലിന്‍െറ അരി വേവിച്ച് ജീരകം ചേര്‍ത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശര്‍ക്കര പാനിയോ മത്തനും പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചാണ് ഇത് കഴിക്കുക. ബര്‍ദുബൈയിലെ അമ്പല നടയിലുള്ള കടകളില്‍ വിഷുക്കണി ഒരുക്കാനുള്ള സാധനങ്ങള്‍ നിറഞ്ഞിട്ടുണ്ട്. വിഷു ദിനത്തില്‍ നിരവധി ഭക്തരാണ് ഇവിടെ എത്തുക. വിഷു സദ്യ വിളമ്പാനുള്ള തൂശനില വിപണികള്‍ ഇഷ്ടം പോലെ. 
സാമ്പാറും അവിയലും തോരനും കാളനും ഓലനും പായസവും ഒരുക്കാനുള്ള സാധനങ്ങള്‍ കഷ്ണങ്ങളാക്കി കവറിലാക്കിയാണ് വിപണികള്‍ ആവശ്യക്കാരെ മോഹിപ്പിക്കുന്നത്. 
ജോലിത്തിരക്കുള്ളവര്‍ക്ക് വിഷു സദ്യയുമായി ഭക്ഷണശാലകള്‍ കാത്തിരിക്കും. സദ്യക്കുള്ള ബുക്കിങ് നേരത്തെ തന്നെ പലരും ആരംഭിച്ചിരുന്നു. മലയാളികള്‍ നടത്തുന്ന കമ്പോളങ്ങളുടെ അകവും പുറവും അലങ്കരിച്ച് കഴിഞ്ഞു. വാഴയിലയും കുലയും കൊണ്ടാണ് പുറത്തുള്ള അലങ്കാരം. വഞ്ചിയുടെ രൂപത്തില്‍ തീര്‍ത്ത പീഠത്തിലാണ് അകത്ത് പച്ചക്കറികള്‍ നിരത്തിയിരിക്കുന്നത്. 
പച്ചക്കറി വിഭാഗത്തിലാകെ കണി വെള്ളരികള്‍ തൂങ്ങിക്കിടക്കുന്ന കാഴ്ച നാടിനെ ഓര്‍മിപ്പിക്കുന്നതാണ്. വിഷു ദിനത്തില്‍ പനസം എന്ന ഓമന നാമത്തില്‍ അറിയപ്പെടുന്ന ചക്കയാണ് പഴങ്ങളിലെ രാജാവിപ്പോള്‍. പത്ത് ചുളകള്‍ തികച്ചില്ലാത്ത ഒരു തുണ്ടം ചക്കക്ക് 10 ദിര്‍ഹം നല്‍കണം. കേരളത്തിന്‍െറ വിഷുവിന് സമാനമായ ആഘോഷങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. 
അസമിലെ ബിഹു, ബിഹാറിലെ ബൈഹാഗ്, പഞ്ചാബിലെ വൈശാഖി, തമിഴ്നാട്ടിലെ പുത്താണ്ട്, കര്‍ണാടകയിലെയും ആന്ധ്രാപ്രദേശിലെയും ഉഗാദി എന്നിവ പ്രസിദ്ധമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.