ദുബൈ: വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള ലോകത്തെ തന്നെ പ്രമുഖ വേദികളിലൊന്നായ വാര്‍ഷിക നിക്ഷേപക സംഗമത്തിന് ദുബൈയില്‍ തുടക്കമായി. യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ സംഗമത്തില്‍ ‘മേക് ഇന്‍ ഇന്ത്യ’ പവലിയനുമായി ഇന്ത്യ സജീവമാണ്. ഇതാദ്യമായാണ് ഇന്ത്യ മേളയില്‍ വിപുലമായ രീതിയില്‍ സാന്നിധ്യമറിയിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കാനായി ഇന്ത്യന്‍ വാണിജ്യ- വ്യവസായ മന്ത്രാലയം, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫികി) പ്രതിനിധികളാണ് എത്തിയിരിക്കുന്നത്.
ഇന്ത്യന്‍ പവലിയന്‍െറ ഉദ്ഘാടനം കേന്ദ്ര പെട്രോളം,പ്രകൃതിവാതകം വകുപ്പ് സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിര്‍വഹിച്ചു. യു.എ.ഇ ധന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സാലിഹ്, ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം, കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, വ്യവസായികളായ എം.എ. യൂസഫലി, ഡോ.ബി.ആര്‍.ഷെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. റോഡ്, റെയില്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യമേഖലക്കും ഉത്പാദന മേഖലക്കും ഊന്നല്‍ നല്‍കിയാണ് ഇന്ത്യ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നത്. അടിസ്ഥാന സൗകര്യമേഖലയില്‍ 32 തുറമുഖങ്ങളുടെ ശൃംഖല തീര്‍ക്കുന്ന സാഗര്‍മാല പദ്ധതി ഏറെ പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍ക്ക് മുന്നില്‍ ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്. ഡല്‍ഹി-മുംബൈ, ബംഗളൂരു-മുംബൈ, ചെന്നൈ-ബംഗളൂരു, ചെന്നൈ-വിശാഖപട്ടണം, അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായിക ഇടനാഴികളും 2022 ഓടെ 100 സ്മാര്‍ട്ട്സിറ്റി പണിയാനുള്ള പദ്ധതിയും നിക്ഷേപകര്‍ക്ക് മുന്നില്‍വെക്കുന്നുണ്ട്. ഇന്നലെ ഉച്ചക്ക് മേക് ഇന്‍ ഇന്ത്യ സെമിനാറും മേളയില്‍ നടന്നു. ട്രേഡ്സെന്‍ററിലെ രണ്ടാം നമ്പര്‍ ഹാളില്‍ അഞ്ചാം നമ്പര്‍ സ്റ്റാളാണ് ഇന്ത്യയുടേത്.
2014 സെപ്റ്റംബര്‍ 25ന് പ്രഖ്യാപിച്ച മേക് ഇന്‍ ഇന്ത്യ പദ്ധതി അന്തര്‍ദേശീയ കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും കമ്പനികള്‍ തുടങ്ങുന്നതിന് പ്രോത്സാഹനം നല്‍കുകയുമാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.