വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് 40 ലക്ഷം  കവര്‍ന്ന കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

അജ്മാന്‍: സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 40 ലക്ഷത്തോളം ദിര്‍ഹം കവര്‍ന്ന കേസില്‍ ഏഴ് അറബ് വംശജരെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന് പുറത്തുള്ള രണ്ട് പ്രതികള്‍ക്കായി ഇന്‍റര്‍പോള്‍ മുഖേന ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാജ ചെക്കുകള്‍ സമര്‍പ്പിച്ച് പിന്‍വലിച്ച പണം പ്രതികള്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് അജ്മാന്‍ പൊലീസ് ഉപമേധാവി കേണല്‍ അബ്ദുല്ല അല്‍ ഹംറാനിയും കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ അബ്ദുല്ല സൈഫ് അല്‍ മത്റൂശിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഫെബ്രുവരി 10നാണ് രാജ്യത്തെ ബാങ്കില്‍ നിന്ന് കവര്‍ച്ച സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ വ്യാജ ചെക്കുകള്‍ സമര്‍പ്പിച്ച് ഇലക്ട്രോണിക് ക്ളിയറന്‍സ് സംവിധാനം മുഖേന 7.72 ലക്ഷം ദിര്‍ഹം പ്രതികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഈ അക്കൗണ്ടിന്‍െറ ഉടമസ്ഥന്‍ വിദേശത്താണ്. ആറ് വ്യാജ ചെക്കുകള്‍ ഉപയോഗിച്ചാണ് ഇത്രയും തുക തട്ടിയെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചയാള്‍ പണം കൈമാറപ്പെട്ട അക്കൗണ്ടിന്‍െറ ഉടമസ്ഥനല്ളെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രാജ്യത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന മാഫിയാ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് തെളിഞ്ഞു. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് ഏഴ് പ്രതികള്‍ വലയിലായത്. 
ഇവരെ ചോദ്യം ചെയ്തപ്പോള്‍ തട്ടിപ്പിന്‍െറ രീതി വ്യക്തമായി. സന്ദര്‍ശക വിസയില്‍ രാജ്യത്തത്തെി തൊഴില്‍ വിസയിലേക്ക് മാറിയ ശേഷം ബാങ്ക് അക്കൗണ്ട് ്തതുടങ്ങും. തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ ചെക്ക് സംഘടിപ്പിച്ച് പകര്‍പ്പെടുത്ത് രാജ്യത്തിന് പുറത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് അയക്കും. കൂട്ടാളികള്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ ചെക്ക് തയാറാക്കി കൊറിയറില്‍ ഇവര്‍ക്ക് തിരികെ അയച്ചുകൊടുക്കും. 
ഇത് ബാങ്കില്‍ സമര്‍പ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു പതിവ്. 89ഓളം വ്യാജ ചെക്കുകള്‍ മുഖേന 43,59,300 ദിര്‍ഹം പ്രതികള്‍ ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ യഥാര്‍ഥ ചെക്കുകള്‍ പ്രതികള്‍ എങ്ങനെ കൈവശപ്പെടുത്തിയെന്ന കാര്യം വ്യക്തമല്ല. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.