ദുബൈ സാമ്പത്തിക മേഖലയിലേക്ക് കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍

ദുബൈ: ബാങ്കിങ്, ബിസിനസ് മേഖലയിലെ ദുബൈയിലെ പ്രമുഖ സ്വതന്ത്ര സാമ്പത്തിക മേഖലയായ ദുബൈ ഇന്‍റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്‍ററിലേക്ക് (ഡി.ഐ.എഫ്.സി) കൂടുതല്‍ ഇന്ത്യന്‍ കമ്പനികളത്തെുന്നു. 
അടുത്ത 10 വര്‍ഷം കൊണ്ട് പ്രവര്‍ത്തനം  നിലവിലുള്ളതിന്‍െറ മൂന്നുമടങ്ങ് വ്യാപിപ്പിക്കാനുള്ള തങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ വളര്‍ന്നുവരുന്ന പ്രമുഖ സമ്പദ്ഘടനായ ഇന്ത്യയില്‍ നിന്നുള്ള  കമ്പനികളെയാണ് ഡി.ഐ.എഫ്.സി പ്രധാനമായും ഉന്നം വെക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.  നിലവില്‍ അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഡി.ഐ.എഫ്.സിയില്‍ കൂടുതല്‍ പ്രാതനിധ്യമുള്ളത്. 
ഇപ്പോള്‍ 30 ഓളം ഇന്ത്യന്‍ സ്ഥാപനങ്ങളുള്ളത് പത്തുവര്‍ഷം കൊണ്ട് 100 ആക്കാനാണ് ലക്ഷ്യമിടുന്നത്. 
ഇന്ത്യന്‍ സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നതിനായി ഡി.ഐ.എഫ്.സി  പ്രതിനിധികള്‍ ഈയിടെ മുംബൈ സന്ദര്‍ശിക്കുകയും ബാങ്കിങ്, ഇന്‍ഷുറന്‍സ്, നിക്ഷേപം തുടങ്ങിയ മേഖലകളില്‍നിന്നുള്ളവരുമായി ചര്‍ച്ച നടത്തുകയൂം ചെയ്തിരുന്നു.  
പൊതു, സ്വകാര്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരവധി യോഗങ്ങളാണു ഡി.ഐ.എഫ്.സി പ്രതിനിധികള്‍ മുംബൈയില്‍ നടത്തിയത്. 
ഇന്ത്യയുടെ ഉയര്‍ന്ന മാനവ വിഭവ ശേഷിയും ശക്തമായ ധനകാര്യ സ്ഥാപനങ്ങള്‍ കാഴ്ചവെക്കുന്ന മികച്ച പ്രകടനവുമാണ് ഡി.ഐ.എഫ്.സിയെ ആകര്‍ഷിക്കുന്നത്. സ്വതന്ത്ര സാമ്പത്തിക മേഖലയിലെ ഇന്ത്യന്‍ കമ്പനികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വന്‍ വളര്‍ച്ചയാണ് നേടിയത്. കമ്പനികളെ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്ന യു.എ.ഇയുടെ നയങ്ങളും  മത്സരാധിഷ്ഠിത നിക്ഷേപ,ബിസിനസ് സാഹചര്യവുമാണ് ഈ വളര്‍ച്ചയുടെ അടിസ്ഥാനം. 
ഡി.ഐ.എഫ്.സിയില്‍ പൂര്‍ണ ബാങ്കിങ് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ളവയാണ്. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, പി.എന്‍.ബി, യൂനിയന്‍ ബാങ്ക് , ആക്സിസ് ബാങ്ക് തുടങ്ങിയവ ഇതില്‍പ്പെടുന്നു. 
ഇന്ത്യയൂടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യു.എ.ഇയില്‍ 40,000 ലേറെ കമ്പനികള്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുണ്ടെന്നാണ് കണക്ക്. 
5500 കോടി ഡോളറാണ് ഈ കമ്പനികളുടെ മൊത്തം  ആസ്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.