വിദ്യാര്‍ഥികളുടെ സുരക്ഷക്ക് ‘ഹിമായതി’ ആപ്ളിക്കേഷന്‍ ഉപയോഗിക്കാന്‍ നിര്‍ദേശം

അബൂദബി: വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ‘ഹിമായതി’ മൊബൈല്‍ ആപ്ളിക്കേഷന്‍ ഉപയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. കുട്ടികളുമായി മുഴുവന്‍ സമയവും ബന്ധം പുലര്‍ത്താനും അവരുടെ നീക്കം നിരീക്ഷിക്കാനും രക്ഷിതാക്കളെ സഹായിക്കുന്നതാണ് ‘ഹിമായതി’ ആപ്ളിക്കേഷന്‍.
 അപകട സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് പൊലീസ് ഓപറേഷന്‍സ് റൂമുമായി ബന്ധപ്പെടാനും ആപ്പില്‍ സൗകര്യമുണ്ട്. നാലുമിനുട്ടിനകം പൊലീസ് വിദ്യാര്‍ഥിക്ക് സമീപമത്തെും. ആപ്ളിക്കേഷന്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച ബോധവത്കരണ കാമ്പയിന് അബൂദബി പൊലീസ് തുടക്കം കുറിച്ചു. 
ആപ്പിള്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ആപ്ളിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. 
ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ആദ്യം തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തി ഹിമായതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. അപ്പോള്‍ ലഭിക്കുന്ന പിന്‍ നമ്പര്‍ വഴി അക്കൗണ്ട് വെരിഫിക്കേഷന്‍ നടക്കും. 
കുടുംബനാഥന് കുടുംബാംഗങ്ങളെയെല്ലാം രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. ഭാര്യയുടെയും മക്കളുടെയും തിരിച്ചറിയല്‍ കാര്‍ഡ് രേഖപ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ കഴിഞ്ഞാല്‍ ഓരോരുത്തരും എവിടെയുണ്ടെന്ന് ആപ്ളിക്കേഷനിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. രക്ഷകര്‍ത്താവിന് കുട്ടികളുമായും തിരിച്ചും ആശയവിനിമയം നടത്താനും കഴിയും. 
സ്കൂളുകളിലെയും സ്കൂള്‍ ബസുകളിലെയും സുരക്ഷ സംബന്ധിച്ച ബോധവത്കരണത്തിനും അബൂദബി പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്. സുരക്ഷാവിഷയത്തില്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 
സ്കൂള്‍ ബസുകളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കുട്ടികള്‍ ജാഗ്രത പാലിക്കണം. സ്കൂള്‍ ബസുകള്‍ക്കായി റോഡരികില്‍ കാത്തുനില്‍ക്കുമ്പോഴും ശ്രദ്ധ വേണം. തിരക്ക് കൂട്ടാതെ വേണം ബസുകളില്‍ കയറാന്‍. തിക്കിത്തിരക്കിയാല്‍ വീണ് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. 
ഓടുന്ന ബസുകളില്‍ ചാടിക്കയറാനും പാടില്ല. റോഡ് മുറിച്ചുകടക്കുമ്പോള്‍ ഇരുവശവും നോക്കി വാഹനങ്ങള്‍ വരുന്നില്ളെന്ന് ഉറപ്പുവരുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.