ദുബൈ: ലോകത്തിലെ തന്നെ ഏറെ ശ്രദ്ധേയമായതും മിഡിലീസ്റ്റിലെ ഏറ്റവും വലുതുമായ ജൈറ്റക്സ് സാങ്കേതിക മേളയുടെ 35ാം പതിപ്പിന് ദുബൈയില്‍ തുടക്കമായി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഞായറാഴ്ച രാവിലെ ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ സാങ്കേതിക മുന്നേറ്റത്തിന്‍െറ പുതിയ ചക്രവാളങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നുകൊടുത്തത്. വിവര-ആശയവിനിമയ സാങ്കേതിക വിദ്യാ മേഖലയിലെ ലോകപ്രശസ്ത കമ്പനികളും ബ്രാന്‍ഡുകളും അണിനിരക്കുന്ന മേളയില്‍ പുത്തന്‍ സാങ്കേതിക കുതിപ്പുകള്‍ അറിയാനും നേരില്‍ കാണാനുമായി 150 രാജ്യങ്ങളില്‍ നിന്നുള്ള 1.30 ലക്ഷത്തോളം കമ്പനി മേധാവികളും വിദഗ്ധരും പ്രതിനിധികളുമാണ് ദുബൈയില്‍ എത്തിയിട്ടുള്ളത്.
ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ നഗരമാവുകയെന്ന ലക്ഷ്യത്തിലേക്ക് ദുബൈ അതിവേഗം ഓടുകയാണെന്നതിന്‍െറ നേര്‍ സാക്ഷ്യമാണ് ജൈറ്റക്സ്് നഗരി. ദുബൈയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും പരസ്പരം മത്സരിച്ചെന്നോണം നടപ്പാക്കിക്കൊണ്ടിരിക്കുന്നതും നടപ്പാക്കാനുദ്ദേശിക്കുന്നതുമായ സ്മാര്‍ട്ട് സംവിധാനങ്ങള്‍ കണ്ട് അദ്ഭുതം കൂറുകയാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ സന്ദര്‍ശകര്‍. ദുബൈ വിമാനത്താവളത്തിലെ പാസ്പോര്‍ട്ട് നടപടിക്രമം 12 സെക്കന്‍ഡുകൊണ്ട് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഗേറ്റ് മുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബസ് യാത്ര സാധ്യമാക്കുന്ന ആപ്പുകളും റെയില്‍വേ സ്റ്റേഷനുകളിലെ സ്മാര്‍ട്ട് മാളും സ്മാര്‍ട്ട് ഷെല്‍ട്ടറും വരെയുള്ള നിരവധി ആധുനിക സംവിധാനങ്ങള്‍ ദുബൈ ഒൗദ്യോഗികമായി അണിനിരത്തുന്നു. അതേസമയം വന്‍കിട ബഹുരാഷ്ട്ര സാങ്കേതിക ബ്രാന്‍ഡുകളും ഒട്ടനവധി പുതിയ കണ്ടുപിടിത്തങ്ങള്‍ ജൈറ്റക്സില്‍ അവതരിപ്പിക്കുന്നുണ്ട്.
ക്ളൗഡ് സാങ്കേതിക വിദ്യ, ഇ-ഗവണ്‍മെന്‍റ്, ഡ്രോണ്‍, 3ഡി പ്രിന്‍റിങ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഏറ്റവും പുതിയ ഉത്പന്നങ്ങളും പ്രവണതകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്‍റര്‍നെറ്റ് സാങ്കേതിക വിദ്യക്കും ക്ളൗഡ് സൊല്യുഷന്‍സിനും ഊന്നല്‍ നല്‍കിയാണ് ഇത്തവണ മേള ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയാണ് ഇത്തവണ മേളയുടെ രാഷ്ട്ര പങ്കാളി. ഈ മാസം 22 വരെ തുടരുന്ന മേളയില്‍ ഇന്ത്യയുള്‍പ്പെടെ 62 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 3600 ലേറെ സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ട്.
അള്‍ജീരിയ, ആസ്ട്രിയ, ഇന്തോനേഷ്യ, ഫലസ്തീന്‍, ഇറാന്‍, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍റ് തുടങ്ങിയ രാജ്യങ്ങള്‍ ഇത്തവണ ജൈറ്റക്സില്‍ അരങ്ങേറ്റം കുറിക്കുന്നു.
794 കമ്പനികളും ആദ്യമായാണത്തെുന്നത്. കേരളത്തില്‍ നിന്ന് 33 ഐ.ടി കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
ഇതോടനുബന്ധിച്ച് 100 ലേറെ സമ്മേളനങ്ങളും ശില്പശാലകളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ രംഗത്തെ ഏറ്റവും പ്രമുഖരായവരുടെ 150 ഓളം പ്രഭാഷണങ്ങള്‍ക്കും ജൈറ്റക്സ് സാക്ഷ്യം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.