മലബാറിനെ ലോകത്തിന് മുന്നിലവതരിപ്പിച്ച് കേരള ഐ.ടി

ദുബൈ: ലോകത്തിന് മുന്നില്‍ മലബാറിന്‍െറ സാങ്കേതിക രംഗത്തെ കരുത്തും സാധ്യതകളും തുറന്നുവെക്കുകയാണ്  ജൈറ്റക്സ് ആഗോള സാങ്കേതിക മേളയില്‍ ഇത്തവണ കേരളം.
തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള 33 കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്.
 കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഒൗപചാരികമായി പ്രവര്‍ത്തനമാരംഭിച്ചിട്ടില്ളെങ്കിലും മലബാര്‍ മേഖലക്ക് ഊന്നല്‍ നല്‍കാനാണ് ഇത്തവണ ഉദ്ദേശിക്കുന്നതെന്ന് സംഘത്തലവനായ തിരുവനന്തപുരം ടെക്നോപാര്‍ക്ക് സി.ഇ.ഒ: കെ.ജി.ഗിരീഷ് ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സൈബര്‍ പാര്‍ക്കില്‍ വരാന്‍ ഉദ്ദേശിക്കുന്ന 11 സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കാനാണ് തീരുമാനം. വലിയ കമ്പനികള്‍ ഈ മേഖലയില്‍ സാന്നിധ്യം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഗള്‍ഫ് മേഖലയുമായി വളരെ നല്ല ബന്ധമാണുള്ളത്. കഴിഞ്ഞതവണ കോഴിക്കോട്ടു നിന്ന് വന്ന എട്ടു കമ്പനികള്‍ക്ക് ജൈറ്റക്സില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അന്ന് ലഭിച്ച ബിസിനസില്‍ നിന്നാണ് ആ കമ്പനികള്‍ ഇന്നു മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ കോഴിക്കോട്ടു നിന്നുള്ള ഐ.ടി സംഘം ഇത്തവണ ഏറെ ആവേശത്തിലും പ്രതീക്ഷയിലുമാണ് ദുബൈയില്‍ എത്തിയിരിക്കുന്നത്. നല്ല ബിസിനസ് ഇവിടെ നിന്ന് കിട്ടുമെന്ന പ്രതീക്ഷയുണ്ട്. ഞായറാഴ്ച മേളയുടെ ഒൗപചാരിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ ബിസിനസ് ചര്‍ച്ചകള്‍ നടത്താന്‍ കേരള സംഘത്തിന് കഴിഞ്ഞതായി ഗിരീഷ് ബാബു പറഞ്ഞു. അടുത്തവര്‍ഷം ഇതിലും വിപുലമായ സ്റ്റാള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. 
കോഴിക്കോട് സൈബര്‍ പാര്‍ക്കിന്‍െറ പ്രധാന കെട്ടിടം അടുത്ത ഏപ്രിലോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന്   സി.ഇ.ഒ അജിത് കുമാര്‍ പറഞ്ഞു. അതോടെ ടെക്നോപാര്‍ക്കിന്‍െറയും ഇന്‍ഫോപാര്‍ക്കിന്‍െറയും വിജയകഥ സൈബര്‍പാര്‍ക്കിനും തുടരാനാകും. കോഴിക്കോടിനെ കേരളത്തിലെ ഒരു പ്രധാന ഐ.ടി നഗരമായി ഉയര്‍ത്തിക്കാട്ടാന്‍ ജൈറ്റക്സിലെ സാന്നിധ്യം സഹായിക്കുന്നുണ്ട്്.  സോഫ്ട്വെയര്‍ കമ്പനികളുടെ ദേശീയ സംഘടനയായ നാസ്കോം കോഴിക്കോടിനെ മികച്ച വളര്‍ച്ചാനിരക്ക് പ്രകടിപ്പിക്കു സോഫ്ട്വെയര്‍ നിര്‍മാണ കേന്ദ്രമായി പരിഗണിച്ചിട്ടുണ്ട്. 
കോഴിക്കോട്ടെ ഐ.ടി കമ്പനികള്‍ കാണിക്കുന്ന ആവേശം ഏറെ പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ട്. കേരള ഐ.ടിയുടെ സൗകര്യങ്ങള്‍ക്കപ്പുറം  മാനുഷ്യവിഭവ ശേഷിയും  സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ ഊര്‍ജവവുമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്നത്. അതിനാലാണ് അത്തരം കമ്പനികളെ ഒന്നിച്ചുസഹകരിപ്പിച്ച് കൊണ്ടുവന്നതെന്ന് അജിത് കുമാര്‍ പറഞ്ഞു. 
നേരത്തെ ഇത്തരം മേളകളില്‍ പങ്കെടുക്കുമ്പോള്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് എന്നിവയുടെ സ്ഥലസൗകര്യമാണ് പ്രധാനമായും വിപണനം നടത്തിയിരുന്നതെന്ന് ഗിരീഷ് ബാബു പറഞ്ഞു. എന്നാല്‍ നാലു വര്‍ഷമായി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നിന്നുള്ളവരെ സര്‍ക്കാര്‍ ചെലവില്‍ ഇത്തരം മേളകളില്‍ പങ്കെടുപ്പിക്കുന്നു. 
ഇത്തരം സംരംഭങ്ങളുടെ മേധാവികളായ 24 പേരെ വിവിധ ലോക മേളകളില്‍ പങ്കെടുപ്പിക്കാനായിട്ടുണ്ട്. 60 ഓളം പുതിയ കമ്പനികളെ ആഗോള മേളകളിലത്തെിക്കാനായി. 
ഒരുപാട് പുതിയ പാഠങ്ങളും ബിസിനസ് രീതികളും മനസ്സിലാക്കാന്‍ ഇതുവഴി അവര്‍ക്ക് സാധിക്കുന്നു. തിരിച്ച് ഇവര്‍ വഴി സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കും ബിസിനസ് ലഭിക്കുന്നുണ്ടെന്ന് ഗിരീഷ് ബാബു പറഞ്ഞു.
ബിസിനസ് മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍ ,സ്കൂള്‍, എന്‍റര്‍പ്രൈസ് സൊല്യുഷനുകള്‍, മൊബൈല്‍ ആപ്പുകള്‍, ബ്രാന്‍ഡിങ് ,ഡിസൈനിങ് തുടങ്ങിയ മേഖലകളിലാണ് കോഴിക്കോട്ടെ കമ്പനികള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നതെന്ന് കോഴിക്കോട് നിന്നത്തെിയ സംരംഭകരിലൊരാളായ എന്‍.പി.മുഹമ്മദ് ഹാരിസ് പറഞ്ഞു.
ഏതാനും വര്‍ഷങ്ങളായി കേരളം  ജൈറ്റക്സ് സാങ്കേതിക മേളയില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ ട്രേഡ് സെന്‍ററിലെ മുഖ്യ വഴിയില്‍ എളുപ്പം കാണാവുന്ന വിധത്തില്‍ സ്റ്റാള്‍ സജ്ജീകരിക്കാനായത് ശ്രദ്ധേയമാണ്. ബാബ്്ട്ര ടെക്നോളജീസ്, കോഡ്ലാറ്റിസ്, ഓഫെയ്റ്റ്, അബാം സോഫ്റ്റ്, സൈബ്രോ സിസ്, വാല്യൂമെന്‍റര്‍, ഫ്ളൂ അപ്, ക്രിയേസ് ടെക്നോളജീസ്, ഐസ് ലാബ് സൊല്യൂഷന്‍സ്, അകിരാ സോഫ്ട്വെയര്‍ സൊല്യൂഷന്‍സ്, നീം സോഫ്ട്വെയര്‍, അലാഡിന്‍ പ്രോ, ഇന്‍ഫിനിറ്റ് ഓപ്പണ്‍ സോഴ്സ് സൊല്യൂഷന്‍സ്, എക്സ്പോ ഡൈന്‍, സ്മാര്‍ട്ട് സ്കൂള്‍, നെക്സ്റ്റ്,  തുടങ്ങിയ കമ്പനികളാണ് കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.