ദുബൈ: പ്രതിവര്‍ഷം 100 കോടി ദിര്‍ഹം ചെലവഴിക്കുന്ന ആഗോള സഹായ പദ്ധതിക്ക് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തുടക്കം കുറിച്ചു. മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ളോബല്‍ ഇനിഷ്യേറ്റീവ് എന്ന പേരിലായിരിക്കും പദ്ധതി അറിയപ്പെടുക. 116 രാജ്യങ്ങള്‍ പദ്ധതിക്ക് കീഴില്‍ വരും. 28 സന്നദ്ധസംഘടനകള്‍ക്ക് ഒരുകുടക്കീഴില്‍ പ്രവര്‍ത്തിക്കാന്‍ പദ്ധതി അവസരമൊരുക്കും. വിദ്യാഭ്യാസ വ്യാപനം, ദാരിദ്ര്യ നിര്‍മാര്‍ജനം, സാമൂഹിക ശാക്തീകരണം, കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. 1400ഓളം മനുഷ്യവിഭവശേഷി വികസന പരിപാടികള്‍ പദ്ധതിക്ക് കീഴില്‍ നടക്കും. മുഖ്യമായും അറബ് രാജ്യങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. ലോകമൊന്നാകെ തീവ്രവാദമെന്ന ഭീഷണിയെ നേരിടുമ്പോള്‍ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമേ ഇതിനെ നേരിടാന്‍ കഴിയൂവെന്ന് പദ്ധതി പ്രഖ്യാപന വേളയില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു. അറബ് ലോകം അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ഈ സാഹചര്യത്തില്‍ യുവാക്കള്‍ക്ക് ഭാവിയെക്കുറിച്ച് പ്രതീക്ഷകള്‍ നല്‍കേണ്ടതുണ്ട്. അതിനുള്ള ശ്രമത്തിനാണ് പദ്ധതിയിലൂടെ തുടക്കം കുറിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു.
130 ദശലക്ഷം പേര്‍ക്ക് സഹായമത്തെിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായിരിക്കും മുന്‍ഗണന നല്‍കുക. അറബ് രാജ്യങ്ങളില്‍ പുതുതലമുറ നേതാക്കളെ വളര്‍ത്തിയെടുക്കും. ശാസ്ത്രജ്ഞന്‍മാരെയും ഗവേഷകരെയും പ്രോത്സാഹിപ്പിക്കുകയും നവീന കണ്ടുപിടിത്തങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യും. 20 ദശലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കും. അന്ധത, കണ്ണ് രോഗങ്ങള്‍ തുടങ്ങിയവ തടയാന്‍ 30 ദശലക്ഷം പേര്‍ക്ക് ചികിത്സാ സഹായം നല്‍കും. ആശുപത്രികളും വൈദ്യ ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ 200 കോടി ദിര്‍ഹം നിക്ഷേപിക്കും. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 500 ദശലക്ഷം വകയിരുത്തും.
10 വര്‍ഷത്തിനകം 20 ലക്ഷം കുടുംബങ്ങളെ സ്വയംപര്യാപ്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 50,000 യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുകയും അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. വിവിധ ഭാഷകളിലുള്ള 25,000ഓളം ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തും. 10 ദശലക്ഷം പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ വിവിധ പരിപാടികള്‍ ആവിഷ്കരിക്കും. 10 വര്‍ഷത്തിനകം 500 ദശലക്ഷം പുസ്തകങ്ങള്‍ വായിപ്പിക്കും. വിദ്യാഭ്യാസ മേഖലയില്‍ മൊത്തം 1.5 ബില്യണ്‍ ദിര്‍ഹമിന്‍െറ പദ്ധതികള്‍ നടപ്പാക്കും.
വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ വര്‍ധിപ്പിക്കും. ഇതിനായി 600 ദശലക്ഷം ദിര്‍ഹം മാറ്റിവെക്കും. എഴുത്തുകാര്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കാന്‍ 150 ദശലക്ഷം ദിര്‍ഹം വകയിരുത്തിയിട്ടുണ്ട്. പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നവര്‍ക്കായി 5.5 ദശലക്ഷം അനുവദിച്ചിട്ടുണ്ട്. 5000ഓളം ഗവേഷരെ പുതുതായി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലൂടെ യുവാക്കളെ തീവ്രവാദ ചിന്താഗതികളില്‍ നിന്ന് അകറ്റാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശൈഖ് മുഹമ്മദാണ് ഫൗണ്ടേഷന്‍െറ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഡെപ്യൂട്ടി ചെയര്‍മാനാണ്. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി സെക്രട്ടറി ജനറലായിരിക്കും. വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ബോര്‍ഡ് അംഗങ്ങളാകും. കൂടുതല്‍ വിവരങ്ങള്‍ www.almaktouminitiatives.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.