രാജ്യം ദേശീയദിന പൊലിമയില്‍

അബൂദബി: 44ാമത് ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് തലസ്ഥാന എമിറേറ്റ് സാക്ഷ്യം വഹിക്കുക വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് വിവിധ പ്രായക്കാര്‍ക്ക് ആസ്വദിക്കാന്‍ കഴിയും വിധമാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. 
അലംകൃത വാഹനങ്ങളുടെ പരേഡ്, സംഗീത ഷോകള്‍, കരിമരുന്ന് പ്രയോഗം, സാംസ്കാരിക പരിപാടികള്‍, പരമ്പരാഗത നാടോടിക്കഥകളുടെ ഷോകള്‍, കല- ചരിത്ര പ്രദര്‍ശനങ്ങള്‍, സായുധ സേനാ പരേഡുകള്‍ തുടങ്ങിയവയാണ് നടക്കുക. അബൂദബി വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റി (ടി.സി.എ അബൂദബി) നേതൃത്വത്തിലാണ് അബൂദബി, അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. 14 ദിവസം നീളുന്ന പരിപാടികള്‍്ക്ക് തുടക്കം കുറിച്ചു കഴിഞ്ഞതായി ടി.സി.എ അബൂദബി ഇവന്‍റ്സ് ബ്യൂറോ ഡയറക്ടര്‍ ഫൈസല്‍ അല്‍ ശൈഖ് പറഞ്ഞു. എല്ലാവര്‍ക്കും ആഘോഷിക്കാവുന്ന വിധമാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.   പ്രമുഖ ഇമാറാത്തി, അറബ്, അറേബ്യന്‍ ഗള്‍ഫ് ഗായകരുടെ സംഗീത ഷോകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കും. ഡിസംബര്‍ ഒന്നിന് അല്‍ വത്ബയിലെ സായിദ് പാരമ്പര്യ മഹോത്സവത്തിലും രണ്ടിനും മൂന്നിനും ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം, അല്‍ഐനിലെ ഹിലി ഫണ്‍സിറ്റി, പശ്ചിമ മേഖലയിലെ ഡെല്‍മ ഐലന്‍റ് എന്നിവിടങ്ങളിലാണ് സംഗീത ഷോകള്‍ നടക്കുക. രാത്രി ഒമ്പത് മുതല്‍ അര്‍ധരാത്രി വരെ പരിപാടി തുടരും.  
ഡിസംബര്‍ ഒന്നിനും മൂന്നിനും അല്‍ വത്ബയിലെ സായിദ് ഹെറിറ്റേജ് ഫെസ്റ്റിവെലിലും അബൂദബി കോര്‍ണിഷിലും കരിമരുന്ന് പ്രയോഗം നടക്കും. രണ്ട്, മൂന്ന് തീയതികളില്‍ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം, ഖോര്‍ അല്‍ മക്ത, പശ്ചിമമേഖലയില്‍ ഡെല്‍മ ഐലന്‍റ്, സില, മദീന സായിദ് എന്നിവിടങ്ങളില്‍ വെടിക്കെട്ട് നടക്കും. രാത്രി ഒമ്പത് മുതല്‍ 9.20 വരെയാണ് വെടിക്കെട്ട് നടക്കുക.  
ഡിസംബര്‍ ഒന്നിന് യു.എ.ഇ സായുധ സേനയുടെ  അഭ്യാസ പ്രകടനങ്ങള്‍ കോര്‍ണിഷില്‍ അരങ്ങേറും. വൈകുന്നേരം മൂന്ന് മുതല്‍ ആറ് വരെ നടക്കുന്ന പരിപാടിയില്‍ അല്‍ ഫുര്‍സാന്‍ വ്യോമാഭ്യാസ സംഘത്തിന്‍െറ പ്രകടനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിന് യാസ് ഐലന്‍റില്‍  അലംകൃത കാര്‍ പരേഡ് അരങ്ങേറും.  ഡിസംബര്‍ രണ്ടിന് സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ വൈകുന്നേരം നാല് മുതല്‍ എട്ട് വരെ നടക്കുന്ന പരിപാടിയില്‍ രാജ്യത്തെയും നേതാക്കളെയും ബഹുമാനിക്കുന്ന കവിതാ, സംഗീത, സാംസ്കാരിക ഷോകള്‍ അരങ്ങേറും.  അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്‍റര്‍, കോര്‍ണിഷ്, പൊതു പൂന്തോട്ടങ്ങള്‍ എന്നിവിടങ്ങളിലായി പുഷ്പ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്.  

അണിഞ്ഞൊരുങ്ങി ദുബൈ
ദുബൈ: രാജ്യം 44ാം ദേശീയ ദിനാഘോഷങ്ങളുടെ നിറവില്‍. ഡിസംബര്‍ രണ്ടിനാണ് ദേശീയ ദിനമെങ്കിലും അവധിക്ക് മുന്നോടിയായി ഓഫീസുകളിലും സ്കൂളുകളിലും ആഘോഷ പരിപാടികള്‍ പൊടിപൊടിക്കുകയാണ്. വാരന്ത്യദിനങ്ങളായ ഇന്നും നാളെയും ആഘോഷത്തിന് പൊലിമകൂടും. നാടും നഗരവും ദേശീയ പതാകകളാലും മറ്റു അലങ്കാരങ്ങളാലും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍- പൊതു സ്ഥാപനങ്ങള്‍ക്കുമൊപ്പം സ്വകാര്യ മേഖലയിലും വലിയ തോതിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.
ദുബൈ വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പിന്‍െറ നേതൃത്വത്തിലുളള ഒൗദ്യോഗിക ആഘോഷങ്ങള്‍ ‘സ്പിരിറ്റ് ഓഫ് ദി യൂണിയന്‍’ എന്ന പേരില്‍  ഡിസംബര്‍ ഒന്നിന് ബിസിനസ് ബേയില്‍ ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടിന് പിറകിലായി നടക്കും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അണിനിരക്കും. ജലം പ്രമേയമാക്കിയുള്ള റിഫ്ളക്ഷന്‍  എന്ന പരിപാടിയാണ് മുഖ്യ ആകര്‍ഷണം. രാജ്യം ഇന്നത്തെ രീതിയിലേക്ക് വളര്‍ന്ന കഥയും സാംസ്കാരിക തനിമകളുമാണ്  ഇതിലൂടെ അനാവരണം ചെയ്യുക. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യണം. 
ജുമൈറ ബീച്ച് റിസോര്‍ട്ടിന് എതിര്‍വശത്തുള്ള ദ് ബീച്ചില്‍ ഡിസംബര്‍ രണ്ടു മുതല്‍ മൂന്നു ദിവസം കരിമരുന്ന് പ്രയോഗമുണ്ടാകും.  ദിവസവും രാത്രി എട്ടരയ്ക്കാണ് പരിപാടി. 
വിവിധ  സ്ഥാപനങ്ങള്‍ നഗരത്തിലെ പല കേന്ദ്രങ്ങളിലും എമിറേറ്റിന്‍്റെ സമ്പന്നമായ പൈതൃകവും പാരമ്പര്യവും ഒത്തിണങ്ങിയ ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ബുര്‍ജ് പ്ളാസയിലെ നാഷനല്‍ മാര്‍ക്കറ്റില്‍, പ്രാദേശികമായി ഉത്പാദിപ്പിച്ച വസ്തുക്കളുടെ പ്രദര്‍ശനമാണ് നടക്കുന്നത്. ഈ മാസം 26ന് തുടങ്ങിയ പ്രദര്‍ശനം 29 വരെ തുടരും. 
ദുബൈ പൊലീസ് ഡിസംബര്‍ ഒന്നു മുതല്‍ മൂന്ന് വരെ മുഹമ്മദ് ബിന്‍ റാഷിദ് ബൊളേവാര്‍ഡില്‍ ഒരുക്കുന്ന പരിപാടിയില്‍ ഓപണ്‍ സ്പോര്‍ട്സ് ഡേ, കാര്‍ണിവല്‍, സൈനിക പരേഡ് എന്നിവ അരങ്ങേറും. പരേഡില്‍ സൂപ്പര്‍കാറുകള്‍, ബൈക്കുകള്‍ എന്നിവ അണിനിരക്കും. കൂടാതെ നൂര്‍ ദുബൈ റേഡിയോ സ്റ്റേഷന്‍െറ പ്രത്യേക പരിപാടിയുമുണ്ടായിരിക്കും.
റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)ഈ മാസം 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ മെട്രോ സ്്റ്റേഷനുകളില്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ പരിപാടികള്‍ ഒരുക്കുന്നുണ്ട്. രാജ്യത്തിന്‍െറ  പൈതൃക സമ്പത്തും രുചിവൈവിധ്യവും ഇവിടെ അണിനിരക്കും. നഗരവീഥികളില്‍ ആയിരം ദേശീയ പതാകകള്‍ പാറിപ്പിക്കും. കൂടാതെ 44 ടാക്സികള്‍, 10 ബസ് സ്റ്റോപ്പുകള്‍, മൂന്നു ബസുകള്‍ ട്രേഡ് സെന്‍ര്‍ മെട്രോ സ്റ്റേഷന്‍, ഓരേ അബ്ര, ഫെറി, വാട്ടര്‍ ടാക്സി എന്നിവയില്‍ ദേശീയ പതാകയുടെ വര്‍ണം പുതപ്പിക്കും.  ദേശീയ പതാകയുടെ നിറങ്ങളുപയോഗിച്ചുള്ള യു.എ.ഇ മാപ്പ് നിര്‍മിക്കാനുള്ള ശില്പശാല, പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ആയുര്‍വേദമരുന്ന്, സുഗന്ധദ്രവ്യങ്ങള്‍, എന്നിവ പ്രദര്‍ശിപ്പിക്കുന്ന കൊച്ചുകൂടാരങ്ങള്‍ മെട്രോ സ്റ്റേഷനുകളില്‍ ഒരുക്കും. പരമ്പരാഗത ഭക്ഷണവും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന വിനോദ പരിപാടികളും ഇവിടെയുണ്ടാകും.
ദുബായ് കള്‍ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ഈ മാസം  29ന് അല്‍ തവാര്‍ പബ്ളിക് ലൈബ്രറിയില്‍ കലാ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കും.
ഷിന്ദഗ ഹെറിറ്റേജ് വില്ളേജില്‍ ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ അല്‍ ഹര്‍ബിയ, അല്‍ അയാല, അല്‍ ലൈവ, അംദമ സംഗീത പരിപാടികള്‍ അരങ്ങേറും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഉമ്മു ഖമാസ്, ഉമ്മു സലൂം, അബൗദ് എന്നിവര്‍ സന്ദര്‍ശകരെ സ്വീകരിക്കും. ആകര്‍ഷകമയ സമ്മാനങ്ങള്‍ നല്‍കുന്ന ചോദ്യോത്തര മത്സരവും ഉണ്ടാകും. ദുബൈ വിമാനത്താവളത്തില്‍ ഡിസംബര്‍ രണ്ട് വരെ പതാക രക്തസാക്ഷി പ്രദര്‍ശനം നടക്കും. വതനി അല്‍ ഇമാറാത് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുക. ആദ്യത്തെ യുഎഇ രക്തസാക്ഷി സാലിം സുഹൈല്‍ ഖമീസിന്‍െറ ജീവചരിത്രം അനാവരണം ചെയ്യും.
ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളില്‍  രാഷ്ട്ര രൂപവത്കരണത്തിന്‍െറ കഥ പറയുന്ന ‘ജേര്‍ണി ടു ദി യൂണിയന്‍’ പരിപാടി ബുധനാഴ്ച തുടങ്ങി. ഡിസംബര്‍ ആറ് വരെയുണ്ടാകും.
 ദേശീയദിനത്തില്‍ ഡൗണ്‍ടൗണില്‍ ഇമാറിന്‍െറ ആഭിമുഖ്യത്തില്‍ പരേഡ് സംഘടിപ്പിക്കും. ഹോം ടു ദ് വേള്‍ഡ് എന്നതാണ് പ്രമേയം. ഡിസംബര്‍ ഒന്നു മുതല്‍ 12 വരെ സ്കൈ ഡൈവില്‍ ലോക എയര്‍ ഗെയിംസ്, മൂന്ന് മുതല്‍ അഞ്ച് വരെ ഫൈ്ള ബോര്‍ഡ് ലോകകപ്പ്, രണ്ട് മുതല്‍ നാല് വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ മാസ്റ്റേര്‍സ് ഓഫ് ഡേര്‍ട്,  മൂന്ന് മുതല്‍ അഞ്ച് വരെ ദ് സെവന്‍സ് സ്റ്റേഡിയത്തില്‍ റഗ്ബി സെവന്‍സ് എന്നിവയുമരങ്ങേറും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.