ഷാര്‍ജ: 64 രാജ്യങ്ങളില്‍ നിന്ന് 1546 പ്രസാധകര്‍, 210 ഭാഷകള്‍, 15 ലക്ഷത്തിലേറെ തലക്കെട്ടുകളില്‍ കോടിക്കണക്കിന് പുസ്തകങ്ങള്‍ !. ഷാര്‍ജയില്‍ വീണ്ടും അക്ഷര വസന്തം വിടരുകയായി. ഇനി 11 നാള്‍ പുസ്തകങ്ങളും എഴുത്തുകാരും അക്ഷരപ്രേമികളും ഷാര്‍ജ എക്സ്പോ സെന്‍റര്‍ നിറഞ്ഞൊഴുകും. ലോകത്തെ ഏറ്റവും വലിയ സാംസ്കാരികോത്സവങ്ങളില്‍ പ്രമുഖമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ 34ാമത് പതിപ്പ് ബുധനാഴ്ച രാവിലെ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയും സൗദി രാജാവിന്‍െറ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമിര്‍ ഖാലിദ് അല്‍ ഫൈസലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. പുസ്തക മേളയോടനുബന്ധിച്ച് നല്‍കുന്ന ഈ വര്‍ഷത്തെ സാംസ്കാരിക വ്യക്തിത്വ പുരസ്കാര ജേതാവാണ് ഖാലിദ് അല്‍ ഫൈസല്‍. ഇതാദ്യമായി മേളയില്‍ ഇന്ത്യന്‍ പവലിയനായിരിക്കും ഏറ്റവും വലുത്. 112 പ്രസാധകരാണ് ഇന്ത്യയില്‍ നിന്നത്തെുന്നത്്. ഇന്ത്യയില്‍ നിന്ന് കലാ, സാംസ്കാരിക, സാഹിത്യരംഗങ്ങളിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ മേളക്കത്തെുണ്ട്.സുധാ മൂര്‍ത്തി, നിതാ മത്തേ, സുബ്രതോ ബാക്ച്ചി, രുചുത ദിവേകര്‍, സുസ്മിത ബാക്ച്ചി, ഗുര്‍ചരണ്‍ ദാസ്, ടി.എന്‍. മനോഹരന്‍, ദര്‍ജോയ് ദത്ത, വൈരമുത്തു തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍. മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാമിന്‍െറ പുസ്തകങ്ങള്‍ക്ക് മാത്രമായി പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. കലാമിന്‍െറ അവസാനത്തെ പുസ്തകം ‘അഡ്വാന്‍േറജ് ഇന്ത്യ’ ഷാര്‍ജയില്‍ പ്രകാശിപ്പിക്കും.
890 അറബ് പ്രസാധകരും 433 വിദേശ പ്രസാധകരുമാണ് ഇത്തവണയത്തെുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ പ്രസാധകരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ട്. ഇന്ത്യ കഴിഞ്ഞാല്‍ ഇംഗ്ളണ്ട്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രസാധകരത്തെുന്നത്. പോളണ്ട്, പെറു, ഘാന, അല്‍ബേനിയ, അര്‍ജന്‍റീന, ബള്‍ഗേറിയ, മാസിഡോണിയ, മംഗോളിയ, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ ഇതാദ്യമായി ഷാര്‍ജ പുസ്തകമേളക്ക് എത്തുന്നു.പുസ്തക പ്രകാശനങ്ങളും ചര്‍ച്ചകളും ഉള്‍പ്പെടെ 900ഓളം സാംസ്കാരിക പരിപാടികള്‍ മേളയുടെ ഭാഗമായി നടക്കും. ഓരോ വര്‍ഷവും ഷാര്‍ജ മേളയുടെ ജനപ്രീതി ഏറിവരികയാണ്. കഴിഞ്ഞവര്‍ഷം 14 ലക്ഷത്തിലധികം പേരാണ് പുസ്തകമേള സന്ദര്‍ശിച്ചത്. ഇത്തവണ16 ലക്ഷം ആകുമെന്നാണ് പ്രതീക്ഷ.
ലോകപ്രശസ്തരായ നിരവധി എഴുത്തുകാരും അഭിനേതാക്കളും ഇത്തവണ അതിഥികളായത്തെും. അയര്‍ലന്‍റ് എഴുത്തുകാരന്‍ ഡാരന്‍ ഷാന്‍, ബ്രിട്ടീഷ് എഴുത്തുകാരന്‍ ജോണ്‍ മക്കാര്‍ത്തി, നൈജീരിയന്‍ സാഹിത്യകാരനും മാന്‍ ബുക്കര്‍ പ്രൈസ് ജേതാവുമായ ബെന്‍ ഓക്രി, ഫിലീപ്പീന്‍സ് ചിത്രകാരന്‍ കെര്‍ബി റൊസാന്‍സ്, പാകിസ്താനി എഴുത്തുകാരി ഫാത്തിമ ഭുട്ടോ, ജാപ്പനീസ് നോവലിസ്റ്റ് ഷോജോ ഒകിടാനി, ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനും ചലച്ചിത്രകാരനുമായ അലന്‍ പ്രോക്ടര്‍, ഈജിപ്ഷ്യന്‍ നടന്‍ മുഹമ്മദ് സുബ്ഹി, ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ ഡോ. മുസ്തഫ അല്‍ ഫിഖി, 2015ലെ ബുക്കര്‍ സമ്മാന ജേതാവായ തുനീഷ്യന്‍ എഴുത്തുകാരന്‍ ഡോ. ശുക്രി അല്‍ മബ്ഖൂത്, സൗദി എഴുത്തുകാരന്‍ ഡോ. സഅദ് അല്‍ ബാസി, മൊറോക്കന്‍ എഴുത്തുകാരന്‍ ഡോ. മുഹമ്മദ് ബറാദ, ഒമാനി കവി സൈഫ് അല്‍ റഹ്ബി എന്നിവരാണ് പ്രമുഖര്‍.
കോമിക് പുസ്തകങ്ങള്‍ക്ക് മാത്രമായി 150 ചതുരശ്രമീറ്റര്‍ സ്ഥലം ഇത്തവണ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, അവഞ്ചേഴ്സ്, ഹലോ കിറ്റി, ടാന്‍ ടാന്‍ തുടങ്ങിയവയുമായി 26 പ്രസാധകര്‍ ഇവിടെ അണിനിരക്കും. കുട്ടികള്‍ക്കായി ദിവസവും ശില്‍പശാലകളും കലാപരിപാടികളും ഉണ്ടാകും. കള്‍ചറല്‍ കഫെയില്‍ വിവിധ വിഷയങ്ങളില്‍ 33 സെമിനാറുകള്‍ നടക്കും. ദിവസവും മൂന്ന് സെമിനാറുകള്‍ വീതം.
അഞ്ച് ലോകോത്തര കവികള്‍ പങ്കെടുക്കുന്ന കവിതാ സായാഹ്നം, നോവലിസ്റ്റുകള്‍ പങ്കെടുക്കുന്ന ചര്‍ച്ച എന്നിവയും ഉണ്ടാകും. നോവല്‍ എഴുത്തിനെക്കുറിച്ച് ശില്‍പശാല, ഭിന്നശേഷിക്കാരിയായ പാകിസ്താനി എഴുത്തുകാരി തന്‍സില ഖാന്‍ നയിക്കുന്ന പ്രചോദന പ്രഭാഷണം എന്നിവയും നടക്കും. ലോക പ്രശസ്ത പാചക വിദഗ്ധരുടെ തത്സമയ പ്രദര്‍ശനം എല്ലാദിവസവും ഉണ്ടാകും. അമേരിക്കന്‍ ലൈബ്രറി അസോസിയേഷനുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത സമ്മേളനത്തില്‍ 16 രാജ്യങ്ങളില്‍ നിന്ന് 255 ലൈബ്രേറിയന്മാര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.