റാസല്‍ഖൈമയില്‍ ഷോപ്പിങ് മേള 14 മുതല്‍

റാസല്‍ഖൈമ: റാസല്‍ഖൈമ സാമ്പത്തിക വികസന വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. റാസല്‍ഖൈമയിലെ അതിപുരാതന സൂഖ് ആയ നഖീലില്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി ആറു വരെയാണ് ഷോപ്പ് @ റാക് എന്ന പേരില്‍ മേള സംഘടിപ്പിക്കുന്നത്. 22 ദിവസം നീളുന്ന ഷോപ്പിങ് മേളയില്‍ 200ലധികം പ്രത്യേക ഡിസ്കൗണ്ട് സ്റ്റാളുകളും ദിവസവും കലാ സാംസ്കാരിക പരിപാടികളും  ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, സമ്മാനങ്ങള്‍,സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിറയുന്ന മേളയില്‍ വിവിധ ഭക്ഷണ രുചികളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഉണ്ടാകും.
നഖീല്‍ ബസാറിന്‍െര്‍ പഴയ പ്രതാപം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവും ഷോപ്പ് അറ്റ് റാക് ഫെസറ്റിവലിലൂടെ ലക്ഷ്യമിടുന്നതായി സാമ്പത്തിക വികസന വകുപ്പ് ഡെപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ അഹ്മദ് ഉബൈദ് അഹ്മദ് അല്‍തനീജി പറഞ്ഞു.നഖീല്‍ ബസാറിലെ കച്ചവടക്കാരില്‍ കൂടുതലും ഇന്ത്യക്കാരാണ്. മിതമായ വില ആഗ്രഹിക്കുന്ന പ്രവാസികളും സ്വദേശികളും ഷോപ്പിങ്ങിനായി ആശ്രയിച്ചുപോരുന്നത് നഖീല്‍ ബസാറിനെയാണ്. എന്നാല്‍, കാലപ്രയാണത്തിനൊപ്പം വന്ന മാറ്റങ്ങളില്‍ ഈ പരമ്പരാഗത സൂഖിലെ തിരക്കിനും വ്യാപാരത്തിനും ഇടിവ് പറ്റി. സ്വദേശികളെയും പ്രവാസികളെയും ഇവിടെ തിരിച്ചത്തെിക്കാന്‍ മേളയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കള്‍ക്കായി വിവിധ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.പ്രവാസികളടക്കമുള്ള നൂറുകണക്കിന് കച്ചവടക്കാരും തൊഴിലാളികളും ഈ സൂഖിനെ ആശ്രയിച്ചുകഴിയുന്നുണ്ട്. മേളയില്‍ പങ്കാളികളാകുന്ന സൂഖിലെ കടയുടമകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പിഴയോ മറ്റോ നിലവിലുണ്ടെങ്കില്‍ അതില്‍ പ്രത്യേക പരിഗണനയോടെ ഇളവ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒപ്പം, വ്യാപാരികളുടെ ഉന്നമനത്തിനുവേണ്ടിയുള്ള നിര്‍ദേശങ്ങളും അധികൃതര്‍ സ്വീകരിക്കുന്നതായിരിക്കും.
സാമ്പത്തിക വികസന വകുപ്പ് അസി. ഡയറക്ടര്‍ മുഹമ്മദ് മഹ്മൂദ്, പെര്‍മിറ്റ് ഇന്‍ ചാര്‍ജ് ഹനന്‍ ഇബ്രാഹിം, അല്‍ മയ്ദാന്‍ ഇവന്‍റ്സ് മാനേജര്‍ സെയ്ത് ഖമര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ജോ.സെക്രട്ടറി അയൂബ് കോയക്കന്‍ , കോ ഓര്‍ഡിനേറ്റര്‍ റിയാസ് കാട്ടില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.