ക്യാമ്പുകളാല്‍ നിറഞ്ഞ് അല്‍ ദഫ്റ; ഉത്സവാഘോഷത്തില്‍ ഒട്ടക പ്രേമികള്‍ 

അബൂദബി: പശ്ചിമ മേഖലയിലെ മദീന സായിദിന് ഇപ്പോള്‍ ഒട്ടക മണമാണ്. ഇവിടെ സകലതും ഒട്ടക മയമായിരിക്കുന്നു. മരുഭൂമിയില്‍ ഒട്ടക ക്യാമ്പുകള്‍ ചിതറിക്കിടക്കുന്നു. ഒട്ടകങ്ങളെ വരിവരിയായി തെളിച്ചു നീങ്ങുന്ന ഇടയന്‍മാര്‍ വേറിട്ട കാഴ്ചയാണ്. അസ്ബ എന്ന പേരുള്ള ക്യാമ്പുകളില്‍ ഇരുന്നും ഉറങ്ങിയും ചര്‍ച്ചകള്‍ ചെയ്തും ഒട്ടക ജീവിതം ആസ്വദിക്കുകയാണ് വലിയൊരു സമൂഹം. 
സുന്ദരികളും ശക്തരുമായ ഒട്ടകങ്ങളെയും വേട്ടനായ്ക്കളായ സലൂക്കികളെയും ഫാല്‍ക്കണുകളെയും കൊണ്ട് നിറഞ്ഞ മദീനാ സായിദ് ഇപ്പോള്‍ പഴയ ഗള്‍ഫ് ജീവിതത്തിന്‍െറ പരിചേ്ഛദമായി മാറിയിരിക്കുകയാണ്. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പരമ്പരാഗത ചന്തകളും തത്സമയ കരകൗശല ഉല്‍പന്ന നിര്‍മാണവുമെല്ലാം എണ്ണക്ക് മുമ്പുള്ള ഗള്‍ഫിന്‍െറ ജീവിതത്തിലേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുകയാണ്. അബൂദബി കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍റ് ഹെറിറ്റേജ് കമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന അല്‍ ദഫ്റ ഒട്ടക മഹോത്സവമാണ് മദീന സായിദിനെ ഒട്ടക മയമാക്കിയത്. ഡിസംബര്‍ പത്ത് മുതല്‍ 30 വരെ നടക്കുന്ന മഹോത്സവത്തിന്‍െറ ഏറ്റവും പ്രധാനമായ ഒട്ടക സൗന്ദര്യ മത്സരത്തിന് ഡിസംബര്‍ 19ന് തുടക്കമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെല്ലാം ഒട്ടകങ്ങളുമായി ഇടയന്‍മാരും ഉടമകളും എത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒട്ടകങ്ങളുടെയും ഉടമകളുടെയും ക്യാമ്പുകളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 
ഒമ്പതാമത് അല്‍ ദഫ്റ ഫെസ്റ്റിവെലില്‍ 35000 ഒട്ടകങ്ങളും 4000 ഉടമകളും പങ്കെടുക്കുന്നുണ്ടെന്ന് ഒട്ടക സൗന്ദര്യ മത്സര വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ബിന്‍ ആദെദ് അല്‍ മുഹൈരി പറഞ്ഞു. ഫെസ്റ്റിവെല്‍ ഗ്രൗണ്ടുകളില്‍ 1000ത്തിലേറെ ഒട്ടക ക്യാമ്പുകളും ഉണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനൊപ്പം ഒട്ടകങ്ങളെ വില്‍ക്കാനും വാങ്ങാനുമായാണ് പലരും എത്തിയിരിക്കുന്നത്. ആദ്യ ആഴ്ചയില്‍ ഇമാറാത്തി ഒട്ടക ഉടമകള്‍ക്കായി ബൈനൂന കാമല്‍ മസ്യാന ആണ് നടന്നത്. ഒട്ടക സൗന്ദര്യ മത്സരത്തില്‍ എല്ലാ ഗള്‍ഫ് രാജ്യക്കാര്‍ക്കും പങ്കെടുക്കാം. ഒമാനില്‍ നിന്നുള്ള സ്വര്‍ണ നിറമുള്ള മുടികളുള്ള അസായില്‍ ഒട്ടകങ്ങള്‍ക്കും സൗദി അറേബ്യയില്‍ നിന്നുള്ള കറുത്ത ഒട്ടകങ്ങള്‍ക്കുമാണ് മത്സരം . 
ഏറ്റവും സൗന്ദര്യമുള്ള 50 ഒട്ടകങ്ങള്‍ക്ക് പത്ത് ലക്ഷം ദിര്‍ഹവും രണ്ടാം സ്ഥാനത്തത്തെുന്ന ഒട്ടകങ്ങള്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹവും ലഭിക്കും. ഒട്ടക സൗന്ദര്യ മത്സരങ്ങളില്‍ വിജയികളാകുന്ന പത്ത് പേര്‍ക്ക് പുതിയ നിസാന്‍, ഷെവര്‍ലെ ഫോര്‍വീല്‍ വാഹനങ്ങളും ലഭിക്കും. മൊത്തം 50 ദശലക്ഷം ദിര്‍ഹത്തിന്‍െറ സമ്മാനങ്ങളാണ് അല്‍ ദഫ്റ ഫെസ്റ്റിവെലില്‍ നല്‍കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.