വിവിധ മേഖലകളില്‍ പുതിയ പാത തുറന്ന്  മുഹമ്മദ് ബിന്‍ സായിദിന്‍െറ ചൈന സന്ദര്‍ശനം

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ചൈന സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ നാഴികക്കല്ലാകുന്നു. 
വിവിധ മേഖലകളില്‍ ചൈനയും യു.എ.ഇയും തമ്മിലെ സഹകരണം ശക്തമാക്കുന്നതിനാണ് മുഹമ്മദ് ബിന്‍ സായിദിന്‍െറ സന്ദര്‍ശനം പ്രയോജനം ചെയ്തത്. നയതന്ത്ര ബന്ധത്തിന് കൂടുതല്‍ ശക്തി പകരുന്നതിനൊപ്പം നിക്ഷേപം, പുനരുപയോഗ ഊര്‍ജം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനും മൂന്ന് ദിവസം നീണ്ട ഒൗദ്യോഗിക സന്ദര്‍ശനത്തിലൂടെ സാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. എണ്ണയുടെ വിലക്കുറവിനെ തുടര്‍ന്ന് വിപണി വൈവിധ്യവത്കരിക്കുന്ന യു.എ.ഇ ചൈനയെ സുപ്രധാന വ്യാപാര പങ്കാളി കൂടിയായാണ് കാണുന്നത്.  ചൈനീസ് പ്രസിഡന്‍റ് ഷി ജീന്‍പിങുമായി മുഹമ്മദ് ബിന്‍ സായിദ് നടത്തിയ കൂടിക്കാഴ്ചയും ഭാവിയില്‍ ബന്ധം ശക്തമാക്കാന്‍ ഉതകുന്നതാണ്. 
1000 കോടി ഡോളറിന്‍െറ സംയുക്ത നിക്ഷേപ നിധി തുടങ്ങുന്നതിനുള്ള ധാരണാപത്രത്തില്‍ യു.എ.ഇ സഹമന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബിറും ചൈനീസ് ദേശീയ വികസന കമ്മിഷന്‍ അധ്യക്ഷന്‍ ക്സൂ ശാഓഷിയും ഒപ്പുവെച്ചു. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ വളര്‍ന്നുവരുന്ന ശക്തമായ വ്യാപാര ബന്ധത്തിന്‍െറ ഉദാഹരണമാണ് നിക്ഷേപ നിധിയെന്ന് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. 
റിയല്‍ എസ്റ്റേറ്റ്, പുനരുപയോഗ ഊര്‍ജ മേഖലകളില്‍ ഗവേഷണവും വികസനവും നടത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. മസ്ദര്‍, ചൈന വാംകെ കമ്പനി, ബി.ജി.ഐ, ചൈന മെര്‍ച്ചന്‍റ്സ് ന്യൂ എനര്‍ജി ഗ്രൂപ്പ് എന്നിവയെല്ലാം ധാരണാപത്രത്തില്‍ പങ്കാളികളാണ്. ദുബൈ പോര്‍ട്ട് വേള്‍ഡ് ചൈനയില്‍ 190 കോടി ഡോളറിന്‍െറ നിക്ഷേപം നടത്തുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധത്തില്‍ ചൈനീസ് കറന്‍സിയായ യുവാനും ദിര്‍ഹവും ഉപയോഗിക്കുന്നത് സംബന്ധിച്ച് ധാരണയാകുകയും ചെയ്തു. യു.എ.ഇ സെന്‍ട്രല്‍ ബാങ്കും പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും തമ്മിലാണ് ഈ കരാറില്‍ ഒപ്പുവെച്ചത്. 
വില്‍പന, വാങ്ങല്‍, പുനര്‍വില്‍പന, വീണ്ടും വാങ്ങല്‍ തുടങ്ങിയ ഇടപാടുകളില്‍ ദിര്‍ഹവും യുവാനും പരസ്പരം ഉപയോഗിക്കുന്നതിനാണ് ധാരണ. 1984ല്‍ യു.എ.ഇയും ചൈനയും നയതന്ത്ര ബന്ധം ആരംഭിക്കുമ്പോള്‍ 6.3 കോടി ഡോളറിന്‍െറ വ്യാപാരബന്ധമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 5500 കോടിയോളം ഡോളറായി വളര്‍ന്നു. മുഹമ്മദ് ബിന്‍ സായിദിന്‍െറ സന്ദര്‍ശനത്തോടെ വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.