ചൂടുപകരാന്‍ ശൈത്യകാല വിപണി ഉണര്‍ന്നു 

ദുബൈ: രാജ്യം ശൈത്യത്തിലേക്ക്് കടന്നതോടെ  ശൈത്യകാല വസ്ത്രങ്ങളുടെയും മറ്റു പ്രധിരോധ ഉല്‍പ്പന്നങ്ങളുടെയും  വിപണി സജീവമായി.  തണുപ്പിനെ പ്രധിരോധിക്കാനുള്ള വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളടക്കമുള്ള ഉല്‍പ്പന്നങ്ങളാണ്    സൂപ്പര്‍ മാര്‍ക്കറ്റുകളിലും സൂക്കുകളിലും അണിനിരത്തിയിരിക്കുന്നത്.  തൊപ്പി മുതല്‍ ജാക്കറ്റ് വരെയുള്ള സാധനങ്ങള്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചാണ് വില്‍പ്പന. ബ്ളാങ്കറ്റ്, ടൗവ്വലുകള്‍,വിവിധയിനം ജാക്കറ്റുകള്‍, മഫ്ളവര്‍, തൊപ്പി, കൈയുറ, മങ്കിസ്യൂട്ട് ,കുട്ടികള്‍ക്കുള്ള സ്വെറുകള്‍ എന്നിവയുടെ വിപുലമായ കളക്ഷനുകള്‍ എത്തിക്കഴിഞ്ഞു. 
തണുപ്പുരാജ്യങ്ങളില്‍നിന്നാണ് മികച്ച ശൈത്യകാല വസ്ത്രങ്ങള്‍ എത്തിയിരിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അവക്കായി പ്രത്യേക സ്ഥലം തന്നെ നീക്കിവെച്ചിട്ടുണ്ട്. ചൂടുമാറി മഞ്ഞിന്‍െറ വരവറിയിച്ച് രണ്ടാഴ്ച്ച മുമ്പ്  മഴ കൂടി എത്തിയതോടെ ഷോറൂമുകളില്‍ ചൂടുകുപ്പായം വാങ്ങാനത്തെിയവരേറെയാണ്.  കമ്പിളി വസ്ത്രങ്ങള്‍ക്കും  കോട്ടുകള്‍ക്കുമാണ് ആവശ്യക്കാര്‍ ഏറെയും.  
 വലിയ ഷോപ്പുകളില്‍ വന്‍ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമ്പോള്‍ സാധാരണക്കാരെ കാത്ത് കുറഞ്ഞ വിലയുള്ള ഇനങ്ങളും സൂക്കുകളില്‍ നിരത്തിയിട്ടുണ്ട്. സ്കൂളുകളുടെ നിര്‍ദേശമനുസരിച്ച് ധരിക്കാന്‍ ആവശ്യമായ നിറങ്ങളിലും ആകൃതിയിലുമുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് കഴിഞ്ഞ ദിവസം മുതല്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ചില ഭാഗങ്ങളില്‍ തെരുവ് കച്ചവടങ്ങളും തകൃതിയാണ്.  30 ദിര്‍ഹം മുതല്‍ മുകളിലേക്കാണ് ചൂടു കുപ്പായത്തിന്‍െറ വില. 180-250 ദിര്‍ഹം  വിലയുള്ള മികച്ച കോട്ടുകളും എത്തിയിട്ടുണ്ട്. തണുപ്പ് മാറ്റാന്‍ കഴുത്തിന് ചുറ്റുന്ന മഫ്ളറിന് 24 ദിര്‍ഹം  മുതലാണ് വില. തലയില്‍ മഞ്ഞ് വീഴുന്നത് തടയാന്‍ തൊപ്പികളും എത്തിയിട്ടുണ്ട്. സാധാരണ തൊപ്പിക്ക് എട്ട് ദിര്‍ഹം  മുതല്‍ മുകളിലേക്കാണ് വില. ചെവിയില്‍ തണുപ്പടിക്കാതിരിക്കാനുള്ള ചൈനീസ് നിര്‍മിത കവചത്തിന്  അഞ്ചു ദിര്‍ഹമാണ്. ഇത് ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്. കുട്ടികള്‍ക്ക് മാത്രമായുള്ള കമ്പിളി വസ്ത്രങ്ങള്‍ക്കെല്ലാം തീപിടിച്ച വിലയാണ്.
  വസ്ത്രങ്ങള്‍ക്ക് പുറമേ തണുപ്പില്‍ ഉപയോഗിക്കാനുള്ള ക്രീമുകളും ഓയിലുകളും വിപണിയില്‍ നിരത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഗുണ നിലവാരവും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട് .   
 തണുപ്പ് കാലം പ്രമാണിച്ച് ലേബര്‍ ക്യാമ്പുകളിലും മറ്റും പ്രതിരോധ വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്ന നിരവധി കൂട്ടായ്മകളും യു.എ.ഇയിലുണ്ട്.  മത്സ്യ ബന്ധന തൊഴിലാളികള്‍ക്കും മീന്‍പിടിത്ത ബോട്ടുകളില്‍ തന്നെ അന്തിയുറങ്ങുന്നവര്‍ക്കും   പുറം പണികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കും  ഇത്തരം വസ്ത്രങ്ങള്‍ ആളുകള്‍ സംഘമായി വിതരണം ചെയ്യാറുണ്ട്. ശൈത്യകാലം വരുന്നതോടെ മേഖലയിലെ മരുഭൂമികളിലും മലഞ്ചെരുവുകളിലും കൂടാരങ്ങള്‍ തയ്യാറാകുന്നുണ്ട്. വ്യക്തികളും സംഘടനകളുമാണ്  ഇത്തരം ശൈത്യകാല കൂടാരങ്ങള്‍ മരുഭൂമിയില്‍ ഒരുക്കാറുള്ളതെങ്കിലും അതികൃതരുടെ ശക്തമായ നിയന്ത്രണത്തോടെയാണ് ഇതിനു അനുവാദം നല്‍കുക. അപകടങ്ങളും മലിനീകരണങ്ങളും തടയാനാണ് അധികൃതര്‍ നിരീക്ഷണം ഏറെപ്പെടുത്തുന്നത്.
 പൂര്‍വികരുടെ ജീവിതശൈലി അനുസ്മരിച്ചാണ് തണുപ്പ് ആസ്വദിക്കാനും ഒഴിവുകാല വിനോദങ്ങള്‍ക്കുമായി സ്വദേശികള്‍ മരുപ്രദേശങ്ങളില്‍ താത്കാലിക കൂടാരങ്ങള്‍ നിര്‍മിക്കുന്നത്. 
അതിശൈത്യത്തിന്‍െറ പിടിയിലാകുമ്പോള്‍ വിറക് കത്തിച്ച് തണുപ്പ് അകറ്റുന്നത് ഇവിടെ പതിവാണ്.  അതിനായി  വിറക് വില്‍പ്പന കേന്ദ്രങ്ങളിലും കച്ചവടം തകൃതിയായി നടക്കുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.