അവധിയോണം പൊടിപൊടിച്ചു

ദുബൈ/ഷാര്‍ജ: വാരാന്ത്യ അവധിദിനത്തില്‍ വിരുന്നുവന്ന തിരുവോണം പ്രവാസി മലയാളികള്‍ കേമമായി തന്നെ ആഘോഷിച്ചു. വീടുകളിലും താമസ കേന്ദ്രങ്ങളിലും ലേബര്‍ ക്യാമ്പുകളിലുമെല്ലാം വെള്ളിയാഴ്ച ഓണമയമായിരുന്നു. 
റസ്റ്റോറന്‍റുകള്‍ക്ക് മുന്നില്‍ സദ്യക്ക് ക്യൂ നിന്ന് ഓണദിനത്തിന്‍െറ വലിയൊരു ഭാഗം പാഴാക്കിയവര്‍ നിരവധി.അവധി ദിനത്തില്‍ ഭക്ഷണശാലകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുമെന്ന നിഗമനങ്ങളെയെല്ലാം കാറ്റില്‍പറത്തി എല്ലാ റസ്റ്റോറന്‍റുകള്‍ക്കു മുമ്പിലും രാവിലെ മുതല്‍ പുരുഷാരം തടിച്ചുകൂടി. നേരത്തെ ബുക്ക് ചെയ്യാത്തവര്‍ക്ക് സദ്യ കിട്ടാതെ തിരിച്ചുപോകേണ്ടിവന്നു. ചിലര്‍ക്ക് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്നു. 
ദുബൈയിലെ വിവിധ റസ്റ്റോറന്‍റുകള്‍ ആയിരക്കണക്കിന് പാര്‍സല്‍ സദ്യകളാണ് വിറ്റഴിച്ചത്. എല്ലായിടത്തും മലയാളികളുടെയും വാഹനങ്ങളുടെയും തിരക്കായിരുന്നു. റസ്റ്റോറന്‍റുകള്‍ക്ക് മുമ്പില്‍ പാര്‍ക്കിങ്ങിനായി ജനം ബുദ്ധിമുട്ടി. തിരക്ക് ശനിയാഴ്ചയും തുടര്‍ന്നു.
ഇത്പോലൊരോണം അടുത്ത കാലത്തൊന്നും മരുഭൂമിയില്‍ വന്നിട്ടില്ളെന്നാണ് വര്‍ഷങ്ങളായി ഇവിടെക്കഴിയുന്നവര്‍ പറയുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ മലയാളികള്‍ തിങ്ങിതാമസിക്കുന്ന ഇടങ്ങളിലെല്ലാം കസവുടുത്ത ആണുങ്ങളെയും പെണ്ണുങ്ങളെയും മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. തിരുവോണദിനത്തില്‍ അവധി വന്ന അത്യപൂര്‍വതയില്‍ മുമ്പൊന്നും കാണാത്ത കാഴ്ചയായിരുന്നു അത്. സുഹൃത്തുക്കളുടെ താമസകേന്ദ്രങ്ങളില്‍ വിരുന്നത്തെിയവര്‍ സദ്യയും പായസവും വയര്‍ നിറച്ച ആലസ്യത്തില്‍ പുറത്തിറങ്ങി ആഘോഷം തുടര്‍ന്നു. കടുത്ത ചൂടില്‍ ടെലിവിഷന്‍ ചാനലുകളിലെ ഓണപ്പരിപാടികള്‍ കണ്ട് ആഘോഷം വീട്ടിലൊതുക്കിയവരും നിരവധി.
വിവിധ എമിറേറ്റുകളിലെ ലേബര്‍ ക്യാമ്പുകളില്‍ വ്യത്യസ്ത കമ്പനികളുടെയും മലയാളി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ പൂക്കളമിടലും കലാ പരിപാടികളും നടന്നു.
നിരത്തുകളും കടകമ്പോളങ്ങളും സിനിമ കൊട്ടകളും ടാക്സികളും എന്ന് വേണ്ട മരുഭൂമി പോലും കസവിന്‍െറ കരവെച്ച വസ്ത്രമണിഞ്ഞ ദിവസമായിരുന്നു വെള്ളിയാഴ്ച്ച. 
ഷാര്‍ജയിലെ കടകമ്പോളങ്ങളില്‍ കണ്ടത് അഭൂതപൂര്‍വ്വമായ തിരക്കാണ്. ഓണപ്പുടവ അണിഞ്ഞത്തെിയവര്‍ പ്രധാനമായും വാങ്ങി കൂട്ടിയത് പഠനോപകരണങ്ങളായിരുന്നു. മുണ്ടും ജുബ്ബയുമണിഞ്ഞ പുരുഷന്‍മാരും തലയില്‍ മുല്ലപ്പൂവ് ചൂടി സെറ്റ് സാരിയുടുത്ത സ്ത്രീകളും മാവേലി വേഷക്കാരും അറബികളുടെയും മറ്റു രാജ്യക്കാരുടെയും മനം കവര്‍ന്നു. 
കഴിഞ്ഞ ദിവസങ്ങളിലായി ചൂടിനിത്തിരി കനം കൂട്ടിയിട്ടുണ്ടെങ്കിലും അതൊന്നും ഓണാഘോഷത്തെ ബാധിച്ചില്ല. വൈകുന്നേരം ഉദ്യാനങ്ങളിലും കടലോരങ്ങളിലും വന്‍ ജനക്കൂട്ടമാണത്തെിയത്. നിരത്തുകളിലാവട്ടെ പതിവ് വെള്ളിയാഴ്ച്ചകളെ കവച്ച് വെക്കുന്ന തിരക്കാണ് അനുഭവപ്പെട്ടത്. ഷാര്‍ജ റോളയില്‍ ഓണം ആഘോഷിക്കാനത്തെിയവര്‍ക്ക് ഇരട്ടി മധുരമാണ് ലഭിച്ചത്. ജ്യൂസ് കടയുടെ  ഉദ്ഘാടനത്തിനത്തെിയ നടന്‍ ജോണ്‍ എബ്രഹാമിനെ കാണാന്‍ കസവുടയാടകളുടെ ഗംഭീര തിരക്കായിരുന്നു. 
കേരളീയ രീതിയില്‍ വസ്ത്രമണിഞ്ഞാണ് ഇതര രാജ്യക്കാരും തിരുവോണത്തെ വരവേല്‍ക്കാന്‍ കൂട്ടുകാരുടെ വീടുകളില്‍ എത്തിയത്. കൂട്ടായ്മകള്‍ ഒരുക്കിയ ഓണാഘോഷ പരിപാടികളിലും മറ്റ് രാജ്യക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു. എല്ലാവര്‍ഷവും ഓണാഘോഷങ്ങള്‍ മാസങ്ങളോളം നീണ്ട് പോകാറുണ്ടെങ്കിലും ഇത്തവണ വെള്ളിയാഴ്ച്ച കിട്ടിയ തിരുവോണത്തിന്‍െറ അന്ന് തന്നെ പരമാവധി ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കൂട്ടായ്മകളും മറ്റും. എന്നിരുന്നാലും ഓണാഘോഷങ്ങള്‍ നീളുമെന്ന കാര്യത്തില്‍ സംശയമില്ല. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.