36 വര്‍ഷത്തെ പ്രവാസത്തിന് ശേഷം അബ്ദുല്‍ സമദ് കുന്നംകുളത്തേക്ക് മടങ്ങുന്നു

ബുറൈമി: മൂന്നര പതിറ്റാണ്ടിലേറെ നീണ്ടു നിന്ന പ്രവാസം അവസാനിപ്പിച്ച് അബ്ദുല്‍ സമദ് കുന്നംകുളം കൊച്ചന്നൂരിലേക്ക് മടങ്ങുന്നു. 1979ല്‍ യു.എ.ഇയില്‍ പ്രവാസ ജീവിത ആരംഭിക്കുകയും പിന്നീട് ബുറൈമിയിലേക്ക് മാറുകയുമായിരുന്നു സമദ്. 36 വര്‍ഷം മുമ്പ് യു.എ.ഇയിലത്തെിയ സമദ് ദുബൈ, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളില്‍ അറബി വീട്ടില്‍ കുക്കായി ജോലി ചെയ്തു. 1982ല്‍ സ്വദേശിയുടെ സഹായത്തോടെ അല്‍ഐന്‍ ഡിഫന്‍സില്‍ ജോലിയില്‍ പ്രവേശിച്ചു. 
നാട്ടില്‍ പിതാവുമൊത്ത് കച്ചവടം നടത്തിയിരുന്ന സമദിന് ഒരു സ്ഥാപനം തുടങ്ങാന്‍ മോഹം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഡിഫന്‍സിലെ ദീര്‍ഘ കാല ജീവിതം അവസാനിപ്പിച്ച് സമീപ പ്രദേശമായ ഒമാനിലെ ബുറൈമിയില്‍ പ്രവേശിക്കുകയും 1999ല്‍ ഗ്രോസറി ആരംഭിക്കുകയുമായിരുന്നു. ഏഴോളം പേര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. 16 വര്‍ഷത്തോളം ബുറൈമിയില്‍ കുടുംബത്തോടൊപ്പം താമസിച്ച ശേഷം മകളുടെ വിവാഹാവശ്യാര്‍ഥം ദീര്‍ഘകാല അവധിക്ക് നാട്ടിലേക്ക് പോയി. ഈ സമയം സ്പോണ്‍സര്‍ കട മറ്റൊരാള്‍ക്ക് വിറ്റു. വിസ സ്ഥാപനത്തിന്‍െറ പേരില്‍ അല്ലാത്തതിനാല്‍ നിയമനടപടികള്‍ സ്വീകരിക്കാനും സാധിച്ചില്ല. മകളുടെ വിവാഹ ശേഷം ബാധ്യതകളുമായി തിരിച്ചത്തെിയ സമദ് ഇലക്ട്രിക്കല്‍- പ്ളംബിങ് ജോലികളും അറ്റകുറ്റപ്പണികളും ചെയ്താണ് ജീവിച്ചത്. ബുറൈമിക്കാര്‍ സ്നേഹപൂര്‍വം ‘മച്ചു’ എന്നാണ് സമദിനെ വിളിച്ചിരുന്നത്. ഏത് സമയത്തും ജോലി ചെയ്യാന്‍ ഇദ്ദേഹം തയാറായിരുന്നു. അതിനിടെയാണ് സ്പോണ്‍സര്‍ അപ്രതീക്ഷിതമായി മരണപ്പെട്ടത്. ഇതോടെ വിസ പുതുക്കി കിട്ടാന്‍ മാര്‍ഗമില്ലാത്തതിനാലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നത്. നാട്ടില്‍ ഇതേ ജോലികള്‍ ചെയ്ത് ജീവിക്കാമെന്നാണ് കരുതുന്നത്.  ഇന്നലെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.