188 മരുന്നുകളുടെ വിലകുറക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്‍െറ തീരുമാനം

ദുബൈ: 27 കമ്പനികള്‍ നിര്‍മിക്കുന്ന 188 നൂതന മരുന്നുകളുടെ വിലകുറക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. 2016 ജനുവരി ഒന്ന് മുതലാണ് വില കുറയുകയെന്ന് ആരോഗ്യമന്ത്രാലയം പബ്ളിക് ഹെല്‍ത്ത് പോളിസി ആന്‍ഡ് ലൈസന്‍സിങ് വിഭാഗം അസി. അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു. 
ആറാംഘട്ട മരുന്ന് വില കുറക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനി പ്രതിനിധികളുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കാഴ്ചവൈകല്യം നേരിടുന്നവര്‍ക്കായി പാക്കറ്റിന് പുറത്ത് ബ്രെയിലി ലിപിയില്‍ മരുന്നിന്‍െറ പേരും ഡോസും രേഖപ്പെടുത്താന്‍ തീരുമാനമെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
2011ലാണ് മരുന്ന് വില കുറക്കല്‍ പദ്ധതിക്ക് മന്ത്രാലയം തുടക്കമിട്ടത്. ഇതിനകം 8000ഓളം മരുന്നുകളുടെ വില പദ്ധതിയിലൂടെ കുറച്ചുകഴിഞ്ഞിട്ടുണ്ട്. അവശ്യമരുന്നുകള്‍ക്കടക്കം വില കുറക്കുന്നതോടെ രോഗികള്‍ക്ക് വലിയതോതില്‍ ആശ്വാസം ലഭിക്കും. ഇ.എന്‍.ടി, കണ്ണുരോഗങ്ങള്‍, പ്രസവചികിത്സ, ട്യൂമര്‍ എന്നിവക്കുള്ള മരുന്നുകള്‍ക്കും പ്രതിരോധ മരുന്നുകള്‍ക്കും വാക്സിനുകള്‍ക്കുമാണ് അടുത്തഘട്ടത്തില്‍ വില കുറയുക. മന്ത്രാലയത്തിന്‍െറ വിലകുറക്കല്‍ പദ്ധതിയുമായി വിവിധ മരുന്ന് കമ്പനികള്‍ സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
488 മരുന്നുകളുടെ വില കൂടി ഘട്ടംഘട്ടമായി കുറക്കും. മരുന്നുകളുടെ പുതിയ വില എത്രയാണെന്ന് ഒരാഴ്ച മുമ്പ് മാത്രമേ പ്രഖ്യാപിക്കൂ. ഫാര്‍മസികള്‍ സ്റ്റോക്ക് എടുക്കുന്നത് നിര്‍ത്തുന്നത് വഴി മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടാതിരിക്കാനാണിത്. നിലവില്‍ പല മരുന്നുകള്‍ക്കും മറ്റ് ജി.സി.സി രാജ്യങ്ങളെക്കാള്‍ യു.എ.ഇയില്‍ രണ്ട് മുതല്‍ 50 ശതമാനം വരെ വില കൂടുതലാണ്. ചിലതിന്‍െറ വില നേരെ ഇരട്ടിയാണ്. 
ഘട്ടംഘട്ടമായി വില കുറച്ചുകൊണ്ടുവരാനാണ് മന്ത്രാലയത്തിന്‍െറ ശ്രമം. രാജ്യത്തെ 60 ശതമാനം പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതിനാല്‍ ഇത് അനിവാര്യമാണെന്ന് മന്ത്രാലയം കരുതുന്നു. കാഴ്ച വൈകല്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ മരുന്നിന്‍െറ പേരും ഡോസും മനസ്സിലാക്കുന്നതിനാണ് ബ്രെയിലി ലിപിയില്‍ കൂടി വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് വ്യാപക ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. മരുന്ന് കവറിന് പുറത്ത് പതിക്കുന്ന ക്യു.ആര്‍ കോഡിലെ വിവരങ്ങള്‍ അറബി, ഇംഗ്ളീഷ്, ഉറുദു ഭാഷകളില്‍ കൂടി ലഭിക്കാന്‍ സംവിധാനം ഉണ്ടാക്കും. 
മരുന്ന് കമ്പനികളും ആരോഗ്യമന്ത്രാലയവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കും. ഇതിനായി ഒമ്പത് ട്രസ്റ്റികള്‍ അടങ്ങുന്ന എക്സിക്യൂട്ടിവ് ബോര്‍ഡിന് രൂപം നല്‍കി. അന്താരാഷ്ട്ര- ദേശീയ മരുന്ന് കമ്പനികള്‍, ഫാര്‍മസി സ്റ്റോറുകള്‍, മന്ത്രാലയം എന്നിവയുടെ പ്രതിനിധികളാണ് ബോര്‍ഡില്‍ ഉണ്ടാവുക. 
മരുന്ന് വില കുറക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ ബോര്‍ഡ് കൃത്യമായ ഇടവേളയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് ഡോ. അമീരി അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.